ഇസ്രയേലി വോട്ടര്‍മാര്‍ ബാലറ്റിലൂടെ നേരിട്ട് തിരഞ്ഞെടുത്ത ആദ്യ പ്രധാനമന്ത്രിയായി 30 വര്‍ഷം മുന്‍പ് ആദ്യമായി അധികാരത്തിലേറുമ്പോള്‍ ബെഞ്ചമിന്‍ നെതന്യാഹുവിനു പ്രായം 46 വയസ്സ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാന മന്ത്രിയായിരുന്നു ‘ബീബീ.’ ആറു തവണ മന്ത്രിസഭ രൂപീകരിക്കുകയും മൊത്തത്തില്‍ 19 വര്‍ഷം പ്രധാനമന്ത്രി പദത്തില്‍ തുടരുകയും ചെയ്ത നെതന്യാഹു ഇസ്രയേലില്‍ ഏറ്റവും നീണ്ടകാലം അധികാരത്തിലിരുന്ന നേതാവാണ്. ലോകത്തിലെ ജനാധിപത്യ രാഷ് ട്രങ്ങളില്‍ ഇത്രയും ദീര്‍ഘകാലം വാഴാന്‍ നിയോഗം ലഭിച്ചവര്‍ നാലോ അഞ്ചോ പേരേ കാണൂ. ഇക്കുറി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും ‘ജൂതരാഷ് ട്രത്തിന്റെ നിലനില്പിനായുള്ള അന്തിമ പോരാട്ടം നയിക്കാന്‍’ രാഷ് ട്രീയ തന്ത്രങ്ങള്‍ ആവിഷ്കരിച്ചുകൊണ്ടിരിക്കയാണ് കാവല്‍ പ്രധാനമന്ത്രി സ്ഥാനംവെടിയാതെ നെതന്യാഹു.ജര്‍മനിയിലെ ഹോളോകോസ്റ്റ് കൂട്ടക്കുരുതിക്കു ശേഷം യഹൂദ ജനത നേരിടേണ്ടിവന്ന ഏറ്റവും ഭയാനകമായ വംശീയ അതിക്രമം എന്നു വിശേഷിപ്പിക്കപ്പെടുന്ന, 2023 ഒക് ടോബര്‍ ഏഴിന് 3,000 പലസ്തീന് ഹമാസ് ഭീകരര്‍ ഗാസയില്‍ നിന്ന് തെക്കന്‍ ഇസ്രയേലി അതിര്‍ത്തി കടന്ന് 1,200 പേരെ കൊന്നൊടുക്കുകയും 240 പേരെ ബന്ദികളാക്കുകയും ചെയ്ത കടന്നാക്രമണത്തിനു പിന്നിലെ സുരക്ഷാവീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ കമ്മിഷനെ നിയമിക്കാനും പ്രധാനമന്ത്രി പദവിക്ക് കാലാവധി നിശ്ചയിക്കാനുമുള്ള അടിയന്തര നിയമനിര്‍മാണത്തിനുള്ള ബില്ലുകള്‍ പുതിയ പാര്‍ലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിനു തൊട്ടുപിന്നാലെ, ഭരണമാറ്റത്തിനുള്ള ഭൂരിപക്ഷം ഉറപ്പിക്കാനായി സഖ്യകക്ഷി ചര്‍ച്ചകള്‍ രൂപപ്പെടുന്നതിനു മുമ്പേതന്നെ നെതന്യാഹു വിരുദ്ധ പക്ഷം കൊണ്ടുവന്നത് ശ്രദ്ധേയമാണ്.
ഗാസ മുനമ്പില്‍ ഹമാസിനും ലെബനനില്‍ ഇറാന് പിന്തുണയുള്ള ഹിസ്ബുള്ളയ്ക്കുമെതിരെ മൂന്നു വര്‍ഷം മുന്‍പ് ആരംഭിച്ച ഇസ്രയേലിന്റെ സൈനിക നടപടികളുടെ ഫലമായ കനത്ത ജീവഹാനിയും കൊടിയ മാനവദുരന്തങ്ങളും നാശനഷ്ടങ്ങളും, ഒടുവില്‍ ഇറാനിലെ ഇസ് ലാമിക ഭരണകൂടത്തിനും ആണവ നിലയങ്ങള്ക്കുമെതിരെയുള്ള യുഎസ്-ഇസ്രയേലി സംയുക്ത ആക്രമണങ്ങളിലേക്കും പടര്‍ന്ന യുദ്ധവും, അതിന്റെ പ്രത്യാഘാതമായി ഇസ്രയേലിലും അമേരിക്കന്‍ സൈനിക സാന്നിധ്യമുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഹോര്‍മുസ് കടലിടുക്കിലും ചെങ്കടലിലും കപ്പല്പാതകളിലുമുണ്ടായ തിരിച്ചടികളും പശ്ചിമേഷ്യന്‍ മേഖലയെ മാത്രമല്ല, ലോകരാജ്യങ്ങളെയാകെ സാമ്പത്തികമായും ഭൗമരാഷ് ട്രീയതലങ്ങളിലും ഉലച്ച പശ്ചാത്തലത്തിലാണ് ഇസ്രയേലി ക്നെസറ്റിലേക്ക് (പാര്‍ലമെന്റ്) തിരഞ്ഞെടുപ്പ് നടന്നത്. നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ-ഓര്‍ത്തഡോക്സ് ജൂത ഭരണസഖ്യം 120 അംഗ ക്നെസറ്റില്‍ 68 സീറ്റില്‍ നിന്ന് 53 സീറ്റിലേക്ക് ഒതുങ്ങി. നെതന്യാഹുവിന്റെ മുഖ്യ എതിരാളിയായ ഗാദി ഐസന്‍കോട്ട് നയിക്കുന്ന സയണിസ്റ്റ് പാര്‍ട്ടികളുടെ ‘പരിവര്‍ത്തന സഖ്യത്തിന്’ 48 സീറ്റുകളുണ്ട്. ഭരണം ഉറപ്പിക്കാനുള്ള കേവലഭൂരിപക്ഷമായ 61 സീറ്റ് ഒരു സഖ്യത്തിനും അവകാശപ്പെടാനായില്ല.
നെതന്യാഹുവിന്റെ ലികൂഡ് പാര്‍ട്ടി 27 സീറ്റ് നേടി സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഐസന്‍കോട്ട് നയിക്കുന്ന യാഷാര്‍ പാര്‍ട്ടിക്ക് 21 സീറ്റുണ്ട്. ‘തൂക്കുസഭയില്‍’ ഒരു സഖ്യത്തിനും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്, മന്ത്രിസഭ രൂപീകരണത്തിന് സാധ്യതയുള്ള സഖ്യകക്ഷികളെ നിര്‍ണയിക്കാനായി ക്നെസറ്റ് അംഗങ്ങളെ നേരിട്ടു കണ്ട് വിലയിരുത്തല്‍ നടത്തിയതില്‍ ഐസന്‍കോട്ടിനെ 67 അംഗങ്ങളും നെതന്യാഹുവിനെ 47 അംഗങ്ങളും അനുകൂലിക്കുന്നതായി കണ്ടെത്തി. നെതന്യാഹുവിനെ ദീര്‍ഘകാലമായി പിന്തുണച്ചുവന്ന തീവ്ര ഓര്‍ത്തഡോക്സ് യുണൈറ്റഡ് തോറ ജൂതമത പാര്‍ട്ടി ഉള്‍പ്പെടെയുള്ള ഹരേദി പാര്‍ട്ടികള്‍ ഭരണസഖ്യത്തില്‍ നിന്നു തെറ്റിപ്പിരിയുന്നുവെന്ന സൂചനയാണ് ഇതില്‍ നിന്നു ലഭിക്കുന്നത്. തീവ്ര ഓര്‍ത്തഡോക്സ് വിഭാഗങ്ങളില്‍ പെട്ട യഹൂദ യുവാക്കള്‍ക്ക് നിര്‍ബന്ധിത സൈനിക സേവനത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നതിന് സഹായകമായ കൂടുതല്‍ ഇളവുകളും നിയമസംരക്ഷണവും ഉറപ്പാക്കുന്നതില്‍ നെതന്യാഹു വീഴ്ചവരുത്തിയതാണ് ഇടര്‍ച്ചയ്ക്ക് ഇടയാക്കിയത്. അതേസമയം, പാര്‍ലമെന്റില്‍ 10 സീറ്റില്‍ നിന്ന് 19 സീറ്റിലേക്ക് അംഗസംഖ്യ ഉയര്‍ത്തിയ ഇസ്രയേലി പൗരത്വമുള്ള പലസ്തീന്‍കാരായ അറബ് വംശജരുടെ പാര്‍ട്ടികള്‍ ഐസന്‍കോട്ടിന് അനുകൂലമായ നിലപാടാണ് പ്രസിഡന്റ് ഹെര്‍സോഗിനു മുമ്പാകെ സ്വീകരിച്ചത്. മന്ത്രിസഭ രൂപവത്കരിക്കാന്‍ യാഷാര്‍ പാര്‍ട്ടി നേതാവ് ഗാദി ഐസന്കോട്ടിനെയാണ് പ്രസിഡന്റ് ആദ്യം ക്ഷണിച്ചത്. 28 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാനാണ് നിര്‍ദേശം. ആവശ്യമെങ്കില്‍ 14 ദിവസം കൂടി അനുവദിക്കും. നിശ്ചിത സമയത്തിനകം ഭരണത്തിന് വേണ്ട സഖ്യം ഉറപ്പാക്കാന്‍ ഐസന്‍കോട്ടിന് കഴിയുന്നില്ലെങ്കില്‍ നെതന്യാഹുവിനെ ക്ഷണിക്കും. ഭരണം ഉറപ്പാക്കാന്‍ ഒരു മുന്നണിക്കും കഴിയുന്നില്ലെങ്കില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. അങ്ങനെ ഒരവസ്ഥ ഉണ്ടാകാതെ നോക്കണമെന്നാണ് പ്രസിഡന്റ് ഹെര്‍സോഗ് കക്ഷിനേതാക്കളോട് അഭ്യര്‍ഥിക്കുന്നത്.
അറുപത്താറുകാരനായ ഗാദി ഐസന്‍കോട്ട് മൊറോക്കോയില്‍ നിന്ന് വടക്കന്‍ ഇസ്രയേലിലെ തിബേരിയാസിലേക്കു കുടിയേറിയ മിസ്രാഹി ജൂത സമൂഹത്തിലെ അംഗമാണ്. മധ്യപൂര്വേഷ്യയിലോ വടക്കന്‍ ആഫ്രിക്കയിലോ വേരുകളുള്ള മിസ്രാഹി യഹൂദരില്‍ നിന്ന് ഇതേവരെ ഇസ്രയേലില്‍ ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ല. നെതന്യാഹുവിനെ പോലെ, യൂറോപ്പില്‍ നിന്നുള്ള അഷ്കനാസി വംശജരാണ് അധികാരകേന്ദ്രങ്ങളില്‍ ആധിപത്യം പുലര്‍ത്തിവരുന്നത്. എയിലാറ്റ് തുറമുഖ നഗരത്തില്‍ സാധാരണക്കാര്‍ക്കിടയില്‍ നിന്ന് പതിനെട്ടാം വയസില്‍ ഇസ്രയേലി സൈന്യത്തിലെ ഗോലാനി ബ്രിഗേഡില്‍ ചേര്‍ന്നാണ് ഐസന്‍കോട്ട് സൈനികതന്ത്രജ്ഞനെന്ന നിലയില്‍ സ്വന്തം പാത കണ്ടെത്തുന്നത്. ജനറല്‍ ഐസന്‍കോട്ട് 2015 മുതല്‍ 2019 വരെ ഇസ്രയേലി സൈനിക മേധാവിയായി സേവനം ചെയ്തത് പ്രധാനമന്ത്രി നെതന്യാഹുവിന്റെ വിശ്വസ്തനായാണ്. സൈന്യത്തില്‍ നിന്നു വിരമിച്ച് 2022ല്‍ രാഷ് ട്രീയത്തില്‍ പ്രവേശിച്ചു. പ്രതിപക്ഷ നിരയില്‍ നിന്ന് ജനറല്‍ ഐസന്‍കോട്ടിനെ നെതന്യാഹു 2023 ഒക് ടോബര്‍ ഏഴിന് നടന്ന ഹമാസ് ആക്രമണത്തെ തുടര്‍ന്ന് രൂപീകരിച്ച യുദ്ധകാല ദേശീയ ഐക്യ മന്ത്രിസഭയില്‍ വകുപ്പ് ഇല്ലാത്ത ഒബ്സര്‍വര്‍ ആയി നിയമിച്ചു.വാര് കാബിനറ്റില്‍ അദ്ദേഹം അംഗമായിരിക്കുമ്പോഴാണ് തന്റെ അഞ്ചു മക്കളില്‍ ഏറ്റവും ഇളയവനായ 25 വയസുള്ള റിസര്‍വിസ്റ്റ് മാസ്റ്റര്‍ സാര്‍ജന്റ് ഗാല്‍ മിയര്‍ 2023 ഡിസംബറില്‍ വടക്കന്‍ ഗാസയിലെ ജബാലിയ ക്യാംപില്‍ ഒരു തുരങ്കത്തിലെ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെടുന്നത്. രണ്ട് ഇസ്രയേലി ബന്ദികളുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള 551-ാം ബ്രിഗേഡ് മഗ് ലാന് കമാന്‍ഡോ യൂണിറ്റ് ദൗത്യസംഘത്തില്‍ അംഗമായിരുന്നു ഗാല്‍ മിയര്‍. ജനറല്‍ ഐസന്‍കോട്ടിന്റെ അര്‍ധസഹോദരി ഷാരോണിന്റെ മകന് 19 വയസുള്ള ഗോലാനി ബ്രിഗേഡ് സാര്‍ജന്റ് മവോര് കോഹന് തെക്കന്‍ ഗാസയിലെ ഖാന് യൂനിസിലെ മോസ്ക്കില്‍ അടുത്തദിവസം ഒരു സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഗാസയില്‍ മോര്‍ട്ടാര്‍ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ് മറ്റൊരു അനന്തരവന് യൊഗേവ് ഗാദിയും മരിച്ചു. കുടുംബത്തിലെ മൂന്ന് യുവാക്കളെ ഗാസ യുദ്ധത്തില്‍ നഷ്ടപ്പെട്ട ജനറല്‍ ഐസന്‍കോട്ട്, നെതന്യാഹുവിന്റെ യുദ്ധനയത്തെ വിമര്‍ശിക്കുമ്പോള്‍ ഇസ്രയേലി ജനതയുടെ വ്രണിത ഹൃദയങ്ങളെ അദ്ദേഹം സ്പര്‍ശിക്കുന്നു.
ഒക്ടോബര്‍ 7-ന് ബന്ദിയാക്കപ്പെട്ട ഏലി ഷരാബിയുടെ ‘ഇത് വലതുപക്ഷവുമല്ല, ഇടതുപക്ഷവുമല്ല; ഇത് നേര്വഴിയാണ്’ എന്ന വാക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഐസന്‍കോട്ട് തന്റെ പാര്‍ട്ടിക്ക് ‘യാഷാര്‍’ (ഹീബ്രു ഭാഷയില്‍ ‘നേര്‍വഴി’ അല്ലെങ്കില്‍ ‘നേരായത്’ എന്ന് അര്‍ഥം) എന്ന് പേരിട്ടത്. നെതന്യാഹുവിന്റെ ഷോമാന്‍ഷിപ്പും അമേരിക്കന്‍ ആക്സന്റിലെ ഇംഗ്ലീഷ് വശ്യമാധുരിയും ഐസന്കോട്ടില് നിന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പോളിഷ് വംശജനായ നെതന്യാഹുവിന്റെ പിതാവ് അമേരിക്കയിലെ കോര്‍ണല്‍ യൂണിവേഴ്സിറ്റിയില്‍ ചരിത്ര അധ്യാപകനായിരുന്നു. ഫിലഡെല്ഫിയയിലും മാസച്യൂസിറ്റ്സിലും പഠിച്ചുവളര്‍ന്ന ബീബീ ഐക്യരാഷ്ട്രസഭയില്‍ ഇസ്രയേലിന്റെ സ്ഥിരം പ്രതിനിധിയായി തിളങ്ങി ആ താരപരിവേഷത്തോടെയാണ് ഇസ്രയേലില്‍ രാഷ് ട്രീയ വേദിയിലേക്കിറങ്ങിയത്.യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നെതന്യാഹുവും തമ്മിലുള്ള അസാധാരണമായ അടുപ്പം 2017-ല്‍ യുഎസ് എംബസി ജറൂസലേമിലേക്ക് മാറ്റിയതിലും, 2018-ല്‍ ഇറാന് ആണവ കരാറില്‍ നിന്നുള്ള യുഎസിന്റെ പിന്മാറ്റത്തിലും, 2020-ലെ അറബ് രാജ്യങ്ങളുമായുള്ള അബ്രഹാം ഉടമ്പടികളിലും 2025-2026 കാലയളവില്‍ ഇറാനുനേരെ നടത്തിയ ആക്രമണങ്ങളിലും പ്രതിഫലിച്ചിരുന്നു. ഇറാനെതിരെ യുദ്ധം തുടങ്ങാന്‍ ട്രംപിനെ പ്രേരിപ്പിച്ചത് നെതന്യാഹുവാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടികള്‍ക്കു കാരണമായി വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് കുറ്റപ്പെടുത്തിയത് ഇസ്രയേലിനെയാണ്. ഇസ്രയേലിന് യുഎസ് നല്‍കിവരുന്ന 45 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക സൈനിക സഹായം അവസാനിപ്പിക്കുന്നതായി ട്രംപ് തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പ്രഖ്യാപിച്ചിരുന്നു.
ജനവാസകേന്ദ്രങ്ങളില്‍ നിന്ന് ശത്രുക്കള്‍ ഇസ്രയേലിനു നേരെ ആക്രമണം നടത്തിയാല്‍ ആ പ്രദേശങ്ങളില്‍ ആനുപാതികമല്ലാത്ത തോതില്‍ ഉടനടി കടുത്ത പ്രഹരമേല്‍പ്പിക്കുന്ന യുദ്ധതന്ത്രം 2006-ല്‍ ലെബനനില്‍ ഹിസ്ബുള്ളയ്ക്കെതിരെ ഐസന്‍കോട്ട് വികസിപ്പിച്ചതാണ്. ഐസന്‍കോട്ടിന്റെ ഈ ‘ദാഹിയ സിദ്ധാന്തം’ തന്നെയാണ് ഗാസയിലും മറ്റും ഇസ്രയേല്‍ പിന്തുടര്ന്നത്. ഗാസയില്‍ നിന്ന് 18 മാസം കൊണ്ട് ഹമാസിനെ തുരത്തുമെന്ന് ജനറല്‍ ഐസന്‍കോട്ട് പ്രഖ്യാപിക്കുന്നു.അടിയന്തരമായി ദേശീയ ഐക്യ മന്ത്രിസഭ രൂപീകരിക്കേണ്ടതിന് മൂന്ന് സാധ്യതകളാണ് ഐസന്കോട്ടിനു മുന്നിലുള്ളത്: നെതന്യാഹുവുമായി അധികാരം പങ്കുവയ്ക്കുക, അറബ് പാര്‍ട്ടികളുടെ പിന്തുണയോടെ ഗവണ്മെന്റ് രൂപവത്കരിക്കുക, നിര്‍ബന്ധിത സൈനിക സേവനത്തെ എതിര്‍ക്കുന്ന തീവ്ര ഓര്‍ത്തഡോക്സ് ജൂത പാര്‍ട്ടികളുമായി സന്ധി ചെയ്യുക. ഇസ്രയേലിനെ യഹൂദ രാഷ് ട്രമായി അംഗീകരിക്കുകയും, ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുകയും ചെയ്താല്‍ മാത്രമേ അറബ് പാര്‍ട്ടികളുമായി എന്തെങ്കിലും സഖ്യമുണ്ടാക്കാനാകൂ എന്ന് ഐസന്‍കോട്ട് ആദ്യമേ വ്യക്തമാക്കിയിരുന്നു.
എല്ലാ പൗരന്മാര്ക്കും നിര്‍ബന്ധിത സൈനിക സേവനമോ ദേശീയ സേവനമോ ഏര്‍പ്പെടുത്തുമെന്നത് യാഷാര്‍ പാര്‍ട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമാണ്. അള്‍ട്രാ-ഓര്‍ത്തഡോക്സ് ജൂതന്മാര്ക്ക് സൈനിക സേവനത്തില്‍ നിന്ന് പൂര്‍ണമായ ഇളവ് തുടരണമെന്ന് ആവശ്യപ്പെടുന്ന രാഷ് ട്രീയ കക്ഷികളുമായി സഖ്യചര്‍ച്ചയ്ക്കു തയാറാകുമ്പോള്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്ന് ഐസന്‍കോട്ട് സൂചിപ്പിക്കുന്നുണ്ട്.ഇസ്രയേലിലെ പലസ്തീന് വോട്ടര്‍മാരുടെ പോളിങ് ശതമാനത്തിലുണ്ടായ അഭൂതപൂര്‍വമായ വര്‍ധന രാജ്യത്തെ വലതുപക്ഷ രാഷ്ട്രീയക്കാര്‍ക്കിടയില്‍ വലിയ രോഷത്തിനും ഭയത്തിനും കാരണമായിട്ടുണ്ട്. സെന്‍ട്രല്‍ ഇലക് ഷന് കമ്മിറ്റിയുടെ കണക്കനുസരിച്ച്, കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ ഇസ്രയേലിലെ അറബ് നേതൃത്വത്തിലുള്ള പാര്‍ട്ടികള്‍ക്ക് ലഭിച്ച വോട്ടുകളില്‍ 64 ശതമാനം വര്‍ധനയുണ്ടായി. രാജ്യത്ത് പലസ്തീന്‍കാരായ മുസ് ലിം, ക്രൈസ്തവ വിഭാഗങ്ങളും മറ്റു ന്യൂനപക്ഷങ്ങളും നേരിടുന്ന വംശീയ വിദ്വേഷവും രാഷ് ട്രീയ വിവേചനവും കൊണ്ട് മനംമടുത്ത് സമ്മതിദാനാവകാശം ബഹിഷ്കരിച്ചിരുന്നവര് ഇത്തവണ സംഘടിതമായി വോട്ടു ചെയ്തു, പോളിങ് ശതമാനം 80 കടന്നു.അറബ് വോട്ടര്‍മാരുടെ വലിയ തോതിലുള്ള പങ്കാളിത്തത്തെ നെതന്യാഹുവും സഖ്യകക്ഷികളും തങ്ങളുടെ പ്രചാരണായുധമാക്കി മാറ്റി. ഖത്തറില്‍ നിന്നും തുര്‍ക്കിയില്‍ നിന്നുമുള്ള ഫണ്ടുകള്‍ അറബ് വോട്ടര്‍മാരെ സ്വാധീനിക്കാനായി ചെലവഴിച്ചിട്ടുണ്ടെന്നായിരുന്നു ആരോപണം. ദേശീയ സുരക്ഷാ ഏജന്‍സിയായ ഷിന് ബെത്തിനോട് അന്വേഷണം നടത്താന്‍ കേന്ദ്ര ഇലക് ഷന് കമ്മിറ്റി നിര്‍ദേശിച്ചു. വോട്ടെടുപ്പ് കൃത്യമായാണ് നടന്നതെന്നും ഫലങ്ങളില്‍ യാതൊരു അട്ടിമറിയും നടന്നിട്ടില്ലെന്നും ഷിന് ബെത്തും അറ്റോര്‍ണി ജനറലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞാ വേദിയില്‍ കാവല്‍ പ്രധാനമന്ത്രി എന്ന നിലയില്‍ നെതന്യാഹു നടത്തിയ പ്രസംഗത്തിലും അറബ് വോട്ടര്‍മാര്‍ക്കെതിരെ വിദ്വേഷം നിറഞ്ഞ വര്‍ഗീയ പരാമര്‍ശങ്ങളാണ് മുഴങ്ങിക്കേട്ടത്.
ഇറാന് ആണവായുധ പദ്ധതിയുമായി മുന്നോട്ടുനീങ്ങുകയാണെന്നും ഇസ്രയേലിന്റെ നിലനില്പിനുതന്നെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തന്റെ നേതൃത്വത്തില്‍ ദേശീയ ഐക്യ ഗവണ്മെന്റ് അടിയന്തരമായി രൂപീകരിക്കണമെന്നുമാണ് നെതന്യാഹു പുതിയ ക്നെസറ്റ് അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്.2020 മുതല്‍ അഴിമതി, കൈക്കൂലി, വിശ്വാസവഞ്ചന കേസുകളില്‍ പ്രതിയായി വിചാരണ നേരിടേണ്ട നെതന്യാഹുവിന് പ്രധാനമന്ത്രി എന്ന നിലയില്‍ ലഭിക്കുന്ന ഇമ്യൂണിറ്റി ഭരണമാറ്റത്തോടെ ഇല്ലാതാകും. ഐസന്‍കോട്ടിന്റെ മന്ത്രിസഭയില്‍ ചേര്‍ന്നാലും മന്ത്രിസഭാഗം എന്ന നിലയില്‍ നിയമപരിരക്ഷ ലഭിക്കുകയില്ല. ഗാസയിലെ യുദ്ധക്കുറ്റങ്ങളുടെയും വംശഹത്യയുടെയും പേരില്‍ രാജ്യാന്തര ക്രിമിനല്‍ കോടതിയില്‍ നിന്ന് നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റുമുണ്ട്. രാജ്യത്തെ കുറ്റവിചാരണകളില്‍ നിന്ന് മോചനം തേടി പ്രസിഡന്റിന് അപ്പീല്‍ നല്കിയാലും രാഷ് ട്രീയ കവചം ഉറപ്പില്ലെന്ന് നെതന്യാഹുവിന് അറിയാം. അതിന്റെ പരിഭ്രാന്തിയിലാണ്, അറബ് പിന്തുണയോടെ ഐസന്‍കോട്ട് അധികാരത്തിലേറിയാല്‍ രാജ്യത്ത് വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെടുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നല്‍കുന്നത്.

