വാഷിങ്ടൺ: അമേരിക്കയിൽ കഴിയുന്ന അഫ്ഗാൻ അഭയാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ. ചില അഫ്ഗാൻ പൗരന്മാരെ നാടുകടത്തുന്നതിന് അമേരിക്കൻ കോടതികൾ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയെങ്കിലും മറ്റുള്ളവരുടെ കാര്യത്തിൽ ആശങ്ക തുടരുകയാണ്.ഏകദേശം 150 അഫ്ഗാൻ പൗരന്മാരെ അമേരിക്കയിൽനിന്ന് നാടുകടത്താൻ നീക്കമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ചില വ്യക്തികളുടെ നാടുകടത്തൽ നടപടികൾ ജഡ്ജിമാർ താൽക്കാലികമായി തടഞ്ഞത്.
അനധികൃത കുടിയേറ്റത്തിനെതിരായ വിപുലമായ നടപടികളുടെ ഭാഗമായി അഫ്ഗാൻ പൗരന്മാരെയും തിരിച്ചയക്കാൻ ഭരണകൂടം പദ്ധതിയിടുന്നതായി വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നതോടെ ഒക്ടോബർ അവസാനത്തോടെ മനുഷ്യാവകാശ പ്രവർത്തകർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിലവിലെ നാടുകടത്തൽ നീക്കങ്ങൾ ഭാവിയിൽ കൂടുതൽ പേരെ തിരിച്ചയക്കുന്നതിന് അപകടകരമായ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് അഭിഭാഷകരും മനുഷ്യാവകാശ സംഘടനകളും മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് അമേരിക്കൻ സൈന്യത്തെ സഹായിച്ച അഫ്ഗാൻ പൗരന്മാർ തിരിച്ചെത്തേണ്ടിവന്നാൽ പീഡനത്തിനും അതിലേറെ ഗുരുതരമായ അപകടങ്ങൾക്കും ഇരയാകാമെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ഓരോ വ്യക്തിയുടെയും സാഹചര്യം വ്യത്യസ്തമാണെന്നും മുൻകാല പ്രവർത്തനങ്ങൾ, വ്യക്തിപരമായ പശ്ചാത്തലം, വിശ്വാസങ്ങൾ എന്നിവയുടെ പേരിൽ ചിലർക്ക് ഗുരുതരമായ ഭീഷണി നേരിടേണ്ടിവരുമെന്നും എഫ്എംഐ പ്രതിനിധി നെഹെമിയ പറഞ്ഞു. അമേരിക്കൻ ഭരണകൂടവുമായോ പാശ്ചാത്യ രാജ്യങ്ങളുമായോ സഹകരിച്ചു പ്രവർത്തിച്ചവരെല്ലാം ചാരന്മാരായാണ് താലിബാൻ ഭരണകൂടം കാണുന്നതെന്നും അത്തരക്കാർക്ക് വധശിക്ഷയുൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

