പെൻസിൽവാനിയ: പതിറ്റാണ്ടുകളായി കുട്ടികൾക്ക് സ്നേഹവും കരുതലും പകർന്നുനൽകുന്ന സന്യാസിനി സിസ്റ്റർ മിഷേൽ ബിസ്ബിക്ക് പെൻസിൽവാനിയയിലെ വിശിഷ്ട വനിതാ പുരസ്കാരം. പെൻസിൽവാനിയയിലെ മക്കാൻഡ്ലെസിലുള്ള സിസ്റ്റേഴ്സ് ഓഫ് ഡിവൈൻ പ്രൊവിഡൻസ് സന്യാസിനീ സമൂഹത്തിലെ മേരി ഡി ലാ റോച്ചെ പ്രവിശ്യാംഗമായ സിസ്റ്റർ മിഷേലിനെ ഈ വർഷത്തെ പത്ത് വിശിഷ്ട വനിതകളിൽ ഒരാളായാണ് തിരഞ്ഞെടുത്തത്.
ഗവർണർ ജോഷ് ഷാപ്പിറോയും പ്രഥമ വനിത ലോറി ഷാപ്പിറോയും ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്.1992 മുതൽ സിസ്റ്റർ മിഷേലും സഹസന്യാസിനിയായ സിസ്റ്റർ എലാന അൽമെൻഡാരെസും ചേർന്ന് 28 കുട്ടികൾക്ക് വളർത്തുമാതാപിതാക്കളായി സംരക്ഷണമേകിയിട്ടുണ്ട്. പ്രത്യേക പരിചരണം ആവശ്യമായവരും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുമായ കുട്ടികൾക്കും ഇവർ തണലായി.ലാ റോച്ചെ സർവകലാശാലാ കാമ്പസിലെ തങ്ങളുടെ താമസസ്ഥലം കുട്ടികളുടെ സംരക്ഷണത്തിനായി വിട്ടുനൽകിയാണ് ഇരുവരും ഈ ദൗത്യം ആരംഭിച്ചത്.
ഒരേസമയം ഒന്നുമുതൽ മൂന്നുവരെ കുട്ടികളെ സംരക്ഷിക്കുന്ന രീതിയിലായിരുന്നു പ്രവർത്തനം.2008 മുതൽ സ്പൈന ബിഫിഡ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന അമാൻഡ എന്ന 20 വയസ്സുകാരിയുടെ സ്ഥിരം നിയമപരമായ രക്ഷാകർത്താക്കളാണ് ഇരുവരും. കുട്ടികളുടെ ജീവിതത്തിൽ കരുതലിന്റെയും സുരക്ഷിതത്വത്തിന്റെയും സാന്നിധ്യമായി മാറിയ സന്യാസിനിമാരുടെ സേവനമാണ് ഈ അംഗീകാരത്തിന് അർഹമാക്കിയത്.
1949-ൽ സ്ഥാപിതമായ ഡിസ്റ്റിംഗ്വിഷ്ഡ് ഡോട്ടേഴ്സ് ഓഫ് പെൻസിൽവാനിയ എന്ന സംഘടനയാണ് സംസ്ഥാനത്തിനും രാജ്യത്തിനും ശ്രദ്ധേയമായ സേവനങ്ങൾ നൽകിയ വനിതകളെ ആദരിക്കുന്നത്. തൊഴിൽമേഖലയിലെ നേട്ടങ്ങളും സന്നദ്ധപ്രവർത്തനങ്ങളുമാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്.

