ബ്യൂണസ് അയേഴ്സ്: ലാറ്റിൻ അമേരിക്കൻ അപ്പസ്തോലിക പര്യടനത്തിന്റെ ഭാഗമായി അർജന്റീനയിലെത്തിയ ലെയോ പതിനാലാമൻ പാപ്പയുടെ ബ്യൂണസ് അയേഴ്സിലെ വിശുദ്ധ കുർബാനയിൽ പങ്കുചേർന്നത് 25 ലക്ഷം വിശ്വാസികൾ. നഗരത്തിലെ സ്പാനിഷ് സ്മാരകത്തിൽ അർപ്പിച്ച ദിവ്യബലിയിൽ പങ്കെടുക്കാൻ വിവിധ പ്രദേശങ്ങളിൽനിന്ന് ലക്ഷക്കണക്കിന് വിശ്വാസികളാണ് ഒഴുകിയെത്തിയത്.
കർത്താവ് മനുഷ്യരാശിക്ക് നൽകിയ ഏറ്റവും മനോഹരമായ സമ്മാനം സഭയാണെന്ന് വചനസന്ദേശത്തിൽ പാപ്പ പറഞ്ഞു. ദൈവജനം ഒരേ ബലിപീഠത്തിനു ചുറ്റും ഒരുമിച്ചുകൂടി നന്ദി അർപ്പിക്കുമ്പോഴാണ് സഭയുടെ ഈ സൗന്ദര്യം അനുഭവവേദ്യമാകുന്നത്. വിശ്വാസത്തിൽ അധിഷ്ഠിതമായ കുടുംബങ്ങൾ കൂട്ടായ്മയിൽ ജീവിക്കുകയും സുവിശേഷ പ്രഘോഷണത്തിനായി സ്വയം സമർപ്പിക്കുകയും ചെയ്യുമ്പോൾ സഭയുടെ ചൈതന്യം കൂടുതൽ ശക്തിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേവാലയ ശുദ്ധീകരണത്തെക്കുറിച്ച് പരാമർശിച്ച പാപ്പ, ദൈവവുമായി വിലപേശാനുള്ള പ്രലോഭനത്തിന് മനുഷ്യർ പലപ്പോഴും വഴങ്ങുന്നുണ്ടെന്ന് ഓർമിപ്പിച്ചു. എല്ലാ നന്മകളും നൽകാൻ സന്നദ്ധനായ പിതാവാണ് ദൈവം. അവിടുത്തെ സാന്നിധ്യത്തിന്റെ വാസസ്ഥലമായ ദേവാലയം എല്ലാ മക്കൾക്കും പ്രാർത്ഥനയുടെ ഭവനമായിരിക്കണമെന്നും പാപ്പ പറഞ്ഞു. ഇന്നത്തെ സങ്കീർണമായ സാഹചര്യങ്ങളിൽ കുടുംബങ്ങൾ നിരവധി പ്രതിസന്ധികളും ക്ലേശങ്ങളും നേരിടുന്നുണ്ട്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ ദൈവവചനം പ്രത്യാശയുടെ വെളിച്ചം പകരുന്നു. ക്രിസ്തുവാകുന്ന പാറയിലാണ് കുടുംബങ്ങളും സമൂഹവും ഉറച്ച അടിത്തറ കണ്ടെത്തേണ്ടത്.
അതിനാൽ ഭയപ്പെടേണ്ടതില്ലെന്നും പുനരുത്ഥാനത്തിലൂടെ ക്രിസ്തു തന്റെ ഹൃദയത്തിൽ നമുക്കെല്ലാവർക്കും ഇടം ഒരുക്കിയിട്ടുണ്ടെന്നും പാപ്പ വിശദീകരിച്ചു. ക്രിസ്തുവിനെ അറിയാനും അവിടുത്തെ കണ്ടുമുട്ടാനുമുള്ള സവിശേഷ ഇടമാണ് കുടുംബമെന്ന് അനുസ്മരിച്ച പാപ്പ, ഈ കൃപ കുടുംബജീവിതത്തിലേക്ക് സ്വാഗതം ചെയ്യാൻ വിശ്വാസികളോട് ആഹ്വാനം ചെയ്തു. കുടുംബത്തെക്കുറിച്ച് ഫ്രാൻസിസ് പാപ്പ നൽകിയ പഠനങ്ങളും അദ്ദേഹം അനുസ്മരിച്ചു.

