കൊച്ചി:സംസ്ഥാനത്ത് കൗമാരക്കാരുടെ ഇടയിൽ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജുവനയിൽ ആക്ട് ദുരുപയോഗിച്ച് കുട്ടി കുറ്റവാളികൾ രക്ഷപെടാൻ പഴുത് തേടുന്നത് പതിവായിരിക്കുകയാണെന്ന് കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ വരാപ്പുഴ അതിരൂപത ജനറൽ കൗൺസിൽ യോഗത്തിൽ അഭിപ്രായപ്പെട്ടു.
18 വയസ്സ് പൂർത്തിയായില്ല എന്ന നിയമത്തിന്റെ പിൻബലം ഉപയോഗിച്ചുകൊണ്ട് കുട്ടി കുറ്റവാളികൾ അതിക്രൂരമായ കൊലപാതകങ്ങൾ, ലഹരി കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതും സാമൂഹിക വിരുദ്ധരും ക്രിമിനലുകളും ആയ മുതിർന്നവർ ഇവരെ മുൻനിർത്തി ക്രൂരകൃത്യങ്ങൾ നടത്തുന്നതും സമീപകാലങ്ങളിൽ വർദ്ധിച്ചുവരുന്നത് ആശങ്കയ്ക്കിടയാകുന്നു. ഈ സാഹചര്യത്തിൽ മാതാപിതാക്കളും അധ്യാപകരും സുഹൃത്തുക്കളും ജാഗ്രത പാലിക്കണമെന്നും അനാവശ്യ നിയമ പരിരക്ഷ നൽകുന്നത് അവസാനിപ്പിക്കണമെന്നും ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച് ക്രൂരകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അതിരൂപത പ്രസിഡൻ്റ് പ്രൊഫ. ഡോ. ബീന പി.ജെ ആവശ്യപ്പെട്ടു. ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, ജനറൽ സെക്രട്ടറി റീന റാഫേൽ, ട്രഷറർ അഡ്വ.എൽസി ജോർജ് എന്നിവർ പ്രസംഗിച്ചു.

