മോന്തെവിദിയോ: സമാധാനവും മനുഷ്യാന്തസ്സും പരസ്പര ഐക്യവും പ്രോത്സാഹിപ്പിക്കുന്നതായിരിക്കണം കത്തോലിക്കാ വിദ്യാഭ്യാസമെന്ന് ലെയോ പതിനാലാമൻ പാപ്പാ. ഉറുഗ്വായിലെ അപ്പസ്തോലിക സന്ദർശനത്തിന്റെ രണ്ടാം ദിനത്തിൽ മോന്തെവിദിയോയിലെ ഉറുഗ്വേ കത്തോലിക്കാ സർവകലാശാലയിൽ വിദ്യാഭ്യാസ മേഖലയിലെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത്.യേശുവിന്റെ മാതൃക പിന്തുടർന്ന് വിദ്യാഭ്യാസ സേവനത്തിനായി ജീവിതം സമർപ്പിച്ചിരിക്കുന്ന എല്ലാവർക്കും പാപ്പാ നന്ദിയർപ്പിച്ചു.
സഭയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സുവിശേഷ മൂല്യങ്ങളുടെ സജീവമായ സാക്ഷ്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ളവർക്കുമിടയിൽ അർഥവത്തായ അനുഭവങ്ങളും ബന്ധങ്ങളും വളർത്തിയെടുക്കുകയെന്നതാണ് വിദ്യാഭ്യാസ മേഖലയിലെ അജപാലന ദൗത്യത്തിന്റെ ലക്ഷ്യമെന്നും പാപ്പാ ഓർമിപ്പിച്ചു.മനുഷ്യനെയും ലോകത്തെയും വിലയിരുത്തുമ്പോൾ വിഭജനപരമായ കാഴ്ചപ്പാടുകൾ മറികടക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
മനുഷ്യൻ ശരീരത്തിന്റെയും ആത്മാവിന്റെയും അവിഭാജ്യമായ ഐക്യമാണെന്നും കേവലം ഭൗതികമായ അസ്തിത്വമായി മനുഷ്യനെ ചുരുക്കുന്നത് വ്യക്തിയുടെ അന്തസ്സിനെ നിഷേധിക്കുന്നതാണെന്നും പാപ്പാ വിശദീകരിച്ചു.സൃഷ്ടിയെക്കുറിച്ചുള്ള ധ്യാനത്തിലൂടെയും സ്രഷ്ടാവുമായുള്ള കണ്ടുമുട്ടലിലൂടെയും ദൈവിക പദ്ധതിയിൽ മനുഷ്യനുള്ള സവിശേഷ സ്ഥാനത്തെക്കുറിച്ച് കൂടുതൽ ബോധ്യമുണ്ടാകുമെന്ന് പാപ്പാ പറഞ്ഞു. യഥാർഥ ഐക്യം സംരക്ഷിക്കുന്നതിൽ വ്യക്തികൾക്കും സമൂഹത്തിനുമുള്ള ഉത്തരവാദിത്വം തിരിച്ചറിയാനും ഇത്തരം അനുഭവങ്ങൾ സഹായിക്കും. ഈ ആത്മീയ കാഴ്ചപ്പാട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ കൂടുതൽ ശക്തമായി ഉൾച്ചേർക്കണമെന്നും വിദ്യാഭ്യാസ പ്രക്രിയയിൽ ധ്യാനത്തിന് പ്രത്യേക സ്ഥാനം നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

