വാർസോ: പോളണ്ടിൽ രൂക്ഷമാകുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് സമാധാനവും അനുരഞ്ജനവും പുനഃസ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത് കത്തോലിക്ക മെത്രാന്മാർ. ഇതിന്റെ ഭാഗമായി നവംബർ 10 ചൊവ്വാഴ്ച ഉപവാസത്തിന്റെയും പ്രായശ്ചിത്ത പ്രാർഥനയുടെയും ദിനമായി ആചരിക്കാൻ പോളിഷ് ബിഷപ്പ്സ് കോൺഫറൻസ് വിശ്വാസികളോട് ആവശ്യപ്പെട്ടു.
വാർസോയിൽ അടിയന്തരമായി ചേർന്ന മെത്രാൻ സമിതിയുടെ സ്ഥിരം കൗൺസിൽ യോഗത്തിനുശേഷമാണ് ആഹ്വാനം പുറപ്പെടുവിച്ചത്. വർഷങ്ങളായി തുടരുന്ന സാമൂഹിക-രാഷ്ട്രീയ ഭിന്നതകൾ വിദ്വേഷത്തിലേക്കും ആക്രമണങ്ങളിലേക്കും വഴിമാറുന്നതിൽ മെത്രാന്മാർ ആശങ്ക രേഖപ്പെടുത്തി. രാജ്യത്തിന്റെ ഐക്യത്തിനും സാമൂഹിക സമാധാനത്തിനും ദേശീയ അനുരഞ്ജനത്തിനുമായി വിശ്വാസികൾ തീക്ഷ്ണമായി പ്രാർഥിക്കണമെന്നും ഭരണാധികാരികൾക്ക് ജ്ഞാനവും വിവേകവും ലഭിക്കാനായി പ്രാർഥനയും ഉപവാസവും അനുഷ്ഠിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പോളണ്ട് റിപ്പബ്ലിക് എല്ലാ പൗരന്മാരുടെയും പൊതുനന്മയെ പ്രതിനിധീകരിക്കുന്നതാണെന്ന് ഓർമിപ്പിച്ച മെത്രാന്മാർ, രാഷ്ട്രീയ നേതാക്കൾ ദൈവത്തിനും രാജ്യത്തിനും ചരിത്രത്തിനും മുന്നിൽ ഉത്തരവാദികളാണെന്നും മുന്നറിയിപ്പ് നൽകി. സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാക്കാതെ ക്രിയാത്മകമായ സംവാദങ്ങളിലൂടെ പ്രതിസന്ധികൾ പരിഹരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. രാജ്യത്തെ ഭരണഘടനാ ട്രിബ്യൂണലിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട തർക്കമാണ് നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പ്രധാന കാരണം.
2015 മുതൽ 2023 വരെ അധികാരത്തിലിരുന്ന ലോ ആൻഡ് ജസ്റ്റിസ് (PiS) പാർട്ടി നീതിന്യായ വ്യവസ്ഥയിൽ വരുത്തിയ പരിഷ്കാരങ്ങൾ ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വതന്ത്ര പ്രവർത്തനത്തെയും അധികാര സന്തുലിതാവസ്ഥയെയും ദുർബല പ്പെടുത്തിയെന്ന വിമർശനം യൂറോപ്യൻ യൂണിയനും പ്രതിപക്ഷവും ഉയർത്തിയിരുന്നു. 2023 അവസാനത്തോടെ അധികാരത്തിലെത്തിയ ഡൊണാൾഡ് ടസ്കിന്റെ സർക്കാർ ഈ മാറ്റങ്ങൾ തിരുത്താൻ ശ്രമിച്ചതോടെ രാഷ്ട്രീയ ഭിന്നത കൂടുതൽ രൂക്ഷമാവുകയായിരുന്നു.

