ഫ്ലോറിഡ: തലമുറകളിലേക്ക് വിശ്വാസം പകർന്നുനൽകുന്നതിൽ കുടുംബങ്ങൾക്കും പരിശുദ്ധ അമ്മയോടുള്ള ഭക്തിക്കും വലിയ പങ്കുണ്ടെന്ന് ലെയോ പതിനാലാമൻ പാപ്പാ. ഉറുഗ്വായിലെ അപ്പസ്തോലിക സന്ദർശനത്തിന്റെ അവസാന പൊതുപരിപാടിയായി നവംബർ 8 ഞായറാഴ്ച ഫ്ലോറിഡയിലെ കത്തീഡ്രൽ ബസിലിക്കയിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
‘മുപ്പത്തിമൂന്നിന്റെ അമ്മ’ എന്ന പേരിൽ വണങ്ങപ്പെടുന്ന പരിശുദ്ധ അമ്മയുടെ തിരുനാളിനോടനുബന്ധിച്ചായിരുന്നു ദിവ്യബലി. കുടുംബങ്ങളിലെ വിശ്വാസജീവിതവും ക്രൈസ്തവ ഉത്തരവാദിത്വവും പ്രസംഗത്തിലെ പ്രധാന വിഷയങ്ങളായി. ഉറുഗ്വായുടെ വിശ്വാസപാരമ്പര്യവും പരിശുദ്ധ അമ്മയോടുള്ള ജനങ്ങളുടെ സ്നേഹവും അനുസ്മരിച്ച പാപ്പാ, വിശ്വാസം ജീവിതത്തിലൂടെ അടുത്ത തലമുറയ്ക്ക് കൈമാറേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. വിശുദ്ധ കുർബാനയിലെ വായനകളെയും ഉറുഗ്വായുടെ ചരിത്രത്തെയും ആത്മീയ പാരമ്പര്യത്തെയും അടിസ്ഥാനമാക്കി സംസാരിച്ച പാപ്പാ, പഴയനിയമത്തിലെ യൂദിത്തിന്റെയും പരിശുദ്ധ അമ്മയുടെയും ജീവിതങ്ങൾ വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും മാതൃകകളാണെന്ന് ചൂണ്ടിക്കാട്ടി. ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസവും ആശ്രയവുമാണ് ഇരുവരെയും പ്രതിസന്ധികളെ അതിജീവിക്കാൻ പ്രാപ്തരാക്കിയത്.ഭയത്തിന് കീഴടങ്ങാതെ ദൈവത്തിൽ ആശ്രയിച്ച് സ്വന്തം ജനത്തിന്റെ രക്ഷയ്ക്കായി ധീരമായ തീരുമാനമെടുത്ത യൂദിത്ത് വിജയത്തിന്റെ മഹത്വം ദൈവത്തിന് സമർപ്പിച്ചുവെന്ന് പാപ്പാ അനുസ്മരിച്ചു. 1825-ൽ ഉറുഗ്വായുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടവേളയിൽ ജനങ്ങൾ പരിശുദ്ധ അമ്മയുടെ സംരക്ഷണം തേടിയതും രാജ്യത്തിന്റെ ചരിത്രത്തിലും ആത്മീയജീവിതത്തിലും മാതാവിനുള്ള സവിശേഷ സ്ഥാനവും അദ്ദേഹം എടുത്തുപറഞ്ഞു.

