ലണ്ടൻ: ആഭ്യന്തരയുദ്ധവും മതപീഡനങ്ങളും പ്രതിസന്ധിയിലാഴ്ത്തിയ സിറിയയിൽ ദുരിതമനുഭവിക്കുന്നവർക്കായി ജീവിതം സമർപ്പിച്ച കത്തോലിക്കാ സന്യാസിനി സിസ്റ്റർ ആനി ഡെമർജിയാന് രാജ്യാന്തര കത്തോലിക്കാ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) ധീരതാ പുരസ്കാരം സമ്മാനിക്കും. ജീസസ് ആൻഡ് മേരി സന്യാസസമൂഹാംഗമായ സിസ്റ്റർ ആനിയെ എസിഎൻ യുകെ ഏർപ്പെടുത്തിയ ‘കറേജ് ടു ബി ക്രിസ്ത്യൻ’ പുരസ്കാരത്തിനാണ് തിരഞ്ഞെടുത്തത്.
മതപീഡനങ്ങളും കടുത്ത പ്രതിസന്ധികളും നേരിടുമ്പോഴും വിശ്വാസത്തിൽ ഉറച്ചുനിന്ന് ക്രൈസ്തവ സാക്ഷ്യം നൽകുന്നവരെ ആദരിക്കുന്നതിനായാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. നവംബർ 18ന് പീഡിത ക്രൈസ്തവരുടെ അനുസ്മരണ ദിനമായ ചുവപ്പ് ബുധനാഴ്ച വൈകിട്ട് ആറിന് സൗത്ത്വാർക്കിലെ സെന്റ് ജോർജ് കത്തീഡ്രലിൽ നടക്കുന്ന വിശുദ്ധ കുർബാന മധ്യേ പുരസ്കാരം സമ്മാനിക്കും.ഈ അംഗീകാരം ദുരിതങ്ങൾക്കിടയിലും വിശ്വാസത്തിലും സമർപ്പണത്തിലും ഉറച്ചുനിന്ന് മറ്റുള്ളവർക്ക് സേവനം ചെയ്യുന്ന നൂറുകണക്കിന് ക്രൈസ്തവർക്കുള്ള ആദരവുകൂടിയാണെന്ന് സിസ്റ്റർ ആനി പ്രതികരിച്ചു.
രണ്ടു പതിറ്റാണ്ടിലേറെയായി സിറിയയിലെ ജീവകാരുണ്യ, ആത്മീയ, ആതുരസേവന മേഖലകളിൽ സജീവമാണ് സിസ്റ്റർ ആനി. യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും മൂലം ദുരിതത്തിലായ അലപ്പോ, ദമാസ്കസ് നഗരങ്ങളിലും ലെബനോനിലും ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം, മരുന്ന്, അടിയന്തര സഹായം, ആത്മീയ പിന്തുണ എന്നിവ ലഭ്യമാക്കുന്നതിൽ അവർ നിർണായക പങ്കുവഹിക്കുന്നു. എൻജിനീയറിങ് ബിരുദധാരിയായ സിസ്റ്റർ ആനി, ജീവൻപോലും അപകടത്തിലാകാവുന്ന സാഹചര്യങ്ങളിലും രോഗികൾക്കും വയോധികർക്കും അശരണർക്കും താങ്ങായി തുടരുകയാണ്.

