കേരളത്തെയാകെ തുറമുഖ നഗരമാക്കാനുള്ള ‘മിഷന് സമുദ്ര’ പദ്ധതിക്കായി മുഖ്യമന്ത്രി അധ്യക്ഷനായി സംസ്ഥാന മാരിടൈം ബോര്‍ഡ് പുനഃസംഘടിപ്പിക്കാനും മാരിടൈം സാമ്പത്തിക ഇടനാഴിയും ആവാസവ്യവസ്ഥയും വികസിപ്പിക്കാനുമുള്ള സമഗ്ര നിയമഭേദഗതികളുമായി യുഡിഎഫ് സര്‍ക്കാര്‍ കുതിക്കുമ്പോള്‍, ‘ലോകത്തിലേക്കുള്ള കേരളത്തിന്റെ വികസന കവാടം’ എന്ന് ഉദ്ഘോഷിക്കപ്പെടുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖവുമായി ബന്ധപ്പെട്ട പുതുവര്‍ത്തമാനങ്ങള്‍ നമ്മെ ഗൗരവതരമായ ചില വീണ്ടുവിചാരങ്ങള്‍ക്കു പ്രേരിപ്പിക്കേണ്ടതാണ്.മിഷന് സമുദ്ര സംരംഭത്തില്‍ സര്‍വപ്രധാന പങ്കു വഹിക്കേണ്ട വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ തീരദേശവാസികളും മത്സ്യത്തൊഴിലാളി സമൂഹവും വര്‍ഷങ്ങളായി ഉന്നയിച്ചുകൊണ്ടിരുന്ന കൊടിയ ആശങ്കകളും ആവലാതികളും എങ്ങനെയെല്ലാമാണ് അടിച്ചമര്ത്തപ്പെട്ടതെന്നതിന്റെ പൊള്ളുന്ന ദൃഷ്ടാന്തങ്ങളും തീരായാതനകളും മാറുന്ന രാഷ് ട്രീയ സാഹചര്യത്തിലും കേരളത്തിലെ തീരദേശജനത കൂടുതല്‍ തീക്ഷ്ണതയോടെ ഹൃദയത്തിലേറ്റേണ്ടതുണ്ടെന്ന് ഓര്‍മപ്പെടുത്തുന്നതാണ് കേരള ഹൈക്കോടതിയുടെ രണ്ട് സമകാലിക ഇടപെടലുകള്‍. വിഴിഞ്ഞം തുറമുഖത്തിന്റെ പുലിമുട്ട് നിര്‍മാണവും മറ്റു നിര്‍മിതികളും തീരശോഷണത്തിന് ഇടയാക്കിയിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ പിണറായി സര്‍ക്കാര്‍ നിയോഗിച്ച നാലംഗ വിദഗ്ധ സമിതിയെയും അവരുടെ പഠന റിപ്പോര്‍ട്ടും തള്ളിക്കളഞ്ഞ ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്റെ ഉത്തരവും, വിഴിഞ്ഞം തുറമുഖത്തിന്റെ അവസാനത്തെ മൂന്നു ഘട്ടങ്ങളുടെ ‘ഫാസ്റ്റ് ട്രാക്ക്’ വികസനത്തിന്റെ ഭാഗമായി പുളിങ്കുടി ബീച്ചില്‍ നടത്തിവന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് ശ്യാം കുമാര്‍ വി.എം എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവും കേരളത്തിന്റെ ദുര്‍ബലമായ തീരദേശ പരിസ്ഥിതിയെയും, കടലിന്റെയും തീരത്തിന്റെയും പ്രാഥമിക അവകാശികളായ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും വാസസ്ഥലങ്ങളെയും ഉപജീവനത്തെയും ബാധിക്കുന്ന വന്‍കിട അടിസ്ഥാനസൗകര്യവികസന പദ്ധതികളുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതിന് സ്വതന്ത്രവും ശാസ്ത്രീയവുമായ പഠനങ്ങളുടെ അനിവാര്യത ഉയര്‍ത്തിക്കാട്ടുന്നു.തിരുവനന്തപുരം തീരത്ത് പൊഴിയൂര്‍ മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള 58 കിലോമീറ്റര്‍ ഭാഗത്ത് കേരള യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ 2008 – 2022 കാലയളവില്‍ 647 ഏക്കര്‍ (ഏതാണ്ട് 2.62 ചതുരശ്ര കിലോമീറ്റര്‍) ഭൂമി കടലെടുത്തുപോയിട്ടുണ്ട്. വലിയതുറയില്‍ നൂറുകണക്കിന് വീടുകളാണ് നശിച്ചത്. അദാനി വിഴിഞ്ഞം പോര്‍ട്ട് കമ്പനി ഡ്രെജിങ്ങും പുലിമുട്ട് നിര്‍മാണവും ആരംഭിച്ചതിനെ തുടര്‍ന്ന് അതിശക്തമായ കടലേറ്റത്തിലും തീരശോഷണത്തിലും വീടുകളും തൊഴിലുപകരണങ്ങളും പരമ്പരാഗത തൊഴിലിടങ്ങളും സാമൂഹികജീവിത സാഹചര്യങ്ങളും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ ജീവിക്കാനുള്ള അവകാശത്തിനും സാമൂഹിക നീതിക്കും വേണ്ടി 2022 ഓഗസ്റ്റില്‍ വിഴിഞ്ഞത്ത് ആരംഭിച്ച സത്യഗ്രഹസമരം അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ ഫലിക്കുന്നില്ലെന്നു കണ്ടാണ് ഇടതു സര്‍ക്കാര്‍ അക്കൊല്ലം ഒക് ടോബറില്‍ തീരശോഷണത്തെക്കുറിച്ച് പഠിക്കാന്‍ പുണെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷന് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ എം.ഡി കുടാലെ അധ്യക്ഷനായി നാലംഗ വിദഗ്ധ സമിതിയെ പ്രഖ്യാപിച്ചത്. കമ്മിറ്റി രൂപവത്കരിച്ച് നാലു മാസം കഴിഞ്ഞാണ് സര്‍ക്കാര്‍ ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ചത്. 2023-ല്‍ ഒരു തവണ മാത്രമാണ് സമിതി സ്ഥലത്ത് പരിശോധന നടത്തിയത്. തീരശോഷണത്തിന് തുറമുഖ നിര്‍മാണവുമായി ബന്ധമില്ലെന്നും, ഉയര്‍ന്ന തിരമാലകളും പശ്ചിമതീരത്തെ ചുഴലിക്കാറ്റ് സാഹചര്യങ്ങളുമാണ് ഇതിന് കാരണമെന്നുമായിരുന്നു സമിതിയുടെ കണ്ടെത്തല്‍.കമ്മിറ്റി ചെയര്മാന് കുടാലെ 2012 മുതല്‍ വിഴിഞ്ഞം തുറമുഖ സാങ്കേതിക സമിതിയില്‍ അംഗമായിരുന്നുവെന്നും, മറ്റൊരു കമ്മിറ്റി അംഗമായ കണ്ട്ല പോര്‍ട്ട് മുന്‍ ചീഫ് എന്‍ജിനിയര്‍ പി.കെ ചന്ദ്രമോഹന് അദാനി എന്റര്‍പ്രൈസസുമായി ബിസിനസ് ബന്ധമുള്ള ഒരു കമ്പനിയുടെ പ്രസിഡന്റായി (ടെക്നിക്കല്‍) പ്രവര്‍ത്തിച്ചിരുന്നുവെന്നും കോടതി കണ്ടെത്തി. സമിതിയുടെ ഘടന തന്നെ നിഷ്പക്ഷമല്ലാത്തതിനാല്‍ അതു കോടതി റദ്ദാക്കി. 2010-ല്‍ കുടാലെ രാജ്യത്തെ വിവിധ തുറമുഖങ്ങളിലെ പുലിമുട്ട് നിര്‍മാണവും തീരശോഷണവുമായി ബന്ധപ്പെട്ട് നടത്തിയ ശാസ്ത്രീയ പഠന റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ക്കു വിരുദ്ധമാണ് വിഴിഞ്ഞത്തെ റിപ്പോര്‍ട്ട്. സമിതിയുടെ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ പാടില്ലെന്നും നിഷ്പക്ഷരായ അംഗങ്ങളെ ഉള്‍പ്പെടുത്തി സ്വതന്ത്ര സമിതി രൂപീകരിക്കണമെന്നും നിര്‍ദിഷ്ട പഠനവിഷയങ്ങളില്‍ പുതിയ പഠനം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. വിഴിഞ്ഞത്തു നിന്ന് 20 കിലോമീറ്റര്‍ ദൂരപരിധിയില്‍ തീരശോഷണത്തില്‍ എല്ലാം നഷ്ടപ്പെട്ട 128 മത്സ്യത്തൊഴിലാളികളും മറ്റു ദുരിതബാധിതരുമാണ് ഹര്‍ജിക്കാര്‍. സീനിയര്‍ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് അവര്‍ക്കുവേണ്ടി വാദിച്ചു. വിഴിഞ്ഞം ആദ്യഘട്ട വികസനവുമായി ബന്ധപ്പെട്ട ഏറ്റവും വിവാദമായ തീരശോഷണ വിഷയം ഇതോടെ വീണ്ടും തീരദേശ ജനത ഏറ്റെടുക്കേണ്ടിവരികയാണ്. പത്തു മാസം മുന്‍പ്, മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തത് സാമൂഹിക ആഘാത പഠനങ്ങളൊന്നും നടത്താതെയായിരുന്നുവെന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നത്. 9,700 കോടി രൂപയുടെ വികസന പദ്ധതികള്‍ 2028 ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഒരേസമയം അഞ്ച് മദര്‍ വെസലുകള്‍ കൈകാര്യം ചെയ്യാനായി കണ്ടെയ്നര്‍ ബെര്‍ത്തിന്റെ നീളം രണ്ടു കിലോമീറ്ററായി നീട്ടുകയും, പുലിമുട്ട് 4.5 കിലോമീറ്ററായി വികസിപ്പിക്കുകയും, കണ്ടെയ്നര്‍ ടെര്‍മിനല്‍, സ്റ്റോറേജ് യാര്‍ഡ് എന്നിവയ്ക്കായി 77 ഹെക്ടര്‍ ഭൂമി കടലില്‍ നിന്നു നികത്തിയെടുക്കുകയും ചെയ്യാനാണ് പ്ലാന്‍. പുളിങ്കുടി ബീച്ചില്‍ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് കമ്പനി (വിസില്‍) നടത്തുന്ന നിര്‍മിതികള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരമുള്ളതായി ഒരു രേഖയും ആര്‍ക്കും കാണിക്കാനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിസിലിന്റെ നിലവിലുള്ള മാസ്റ്റര്‍ പ്ലാനില്‍ അത് ഉള്‍പ്പെടുന്നില്ലെന്ന് കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റി എക്സ് ഒഫിഷ്യോ മെംബര്‍ സെക്രട്ടറിയും സംസ്ഥാന പരിസ്ഥിതി-കാലാവസ്ഥാവ്യതിയാന ഡയറക്ടറുമായ കെ. ഗോപാലകൃഷ്ണന് സത്യവാങ്മൂലം നല്‍കിയത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കി.മിഷന് സമുദ്രയെ അട്ടിമറിക്കാനുള്ള ഗൂഢാലോചന ആരോപിച്ച് ഗോപാലകൃഷ്ണനെ ഈ ചുമതലകളില്‍ നിന്ന് നീക്കം ചെയ്തു. ഗോപാലകൃഷ്ണന്റെ സത്യവാങ്മൂലം തെറ്റാണെന്ന് സര്‍ക്കാര്‍ പക്ഷം വാദിക്കുമ്പോഴും, വിഴിഞ്ഞം തുറമുഖം, അടിമലത്തുറ, ജൂബിലി നഗര്‍, പുളിങ്കുടി, അമ്പലത്തുമൂല എന്നിവിടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍, ടൂറിസം മേഖലയിലെ തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍, മറ്റ് ഉപജീവനമാര്‍ഗങ്ങളെ ആശ്രയിക്കുന്നവര്‍ തുടങ്ങിയവരുടെ തൊഴില്‍-ഉപജീവന നഷ്ടങ്ങളെക്കുറിച്ച് സാമൂഹിക ആഘാത പഠനം നടത്തുന്നതിന് യോഗ്യരായ ഏജന്‍സികളില്‍ നിന്ന് സര്‍ക്കാര്‍ താല്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. പുളിങ്കുടിയിലും മറ്റ് നാലിടങ്ങളിലും സാമൂഹിക ആഘാത പഠനമൊന്നും നടത്താതെയാണ് വിഴിഞ്ഞം പദ്ധതി ത്വരിതഗതിയില്‍ മുന്നേറിക്കൊണ്ടിരുന്നത് എന്നു വ്യക്തമാകുന്നു.വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ടഡ് വര്‍ക്ക് കരാറിന്റെ ഭാഗമായി അദാനി കമ്പനി വിഴിഞ്ഞത്ത് 235 മീറ്റര്‍ പുലിമുട്ടും 500 മീറ്റര്‍ വാര്‍ഫും ഉള്‍പ്പെടുന്ന അത്യാധുനിക ഫിഷിങ് ഹാര്‍ബറും പുതുതായി വികസിപ്പിക്കുന്നുണ്ട്. വിഴിഞ്ഞം വലിയ കടപ്പുറവും റോഡ് കണക്റ്റിവിറ്റിയുടെ പേരില്‍ അദാനി കൈയടക്കാനുള്ള സാധ്യത ഇതോടെ തെളിയുകയാണ്.സംസ്ഥാനത്തെ രണ്ട് ഇന്റര്‍നാഷണല്‍ പോര്‍ട്ടുകളും ഒരു കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലും 18 മൈനര്‍ തുറമുഖങ്ങളും 600 കിലോമീറ്ററോളം വരുന്ന തീരവും സംയോജിപ്പിച്ചുകൊണ്ടുള്ള മിഷന് സമുദ്ര പദ്ധതിയില്‍, ഹാര്‍ബര്‍ വികസനം, മാരിടൈം വ്യവസായം, മര്‍ച്ചന്റ് ഷിപ്പിങ്, കാര്‍ഗോ മൂവ്മെന്റ്, ലോജിസ്റ്റിക്സ് പാര്‍ക്കുകള്‍, കണ്ടെയ്നര്‍ ഫ്രെയ്റ്റ് സ്റ്റേഷന്‍സ്, ട്രാന്സ്ഷിപ്മെന്റുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍, വെയര്‍ഹൗസുകള്‍, സപ്ലൈ ചെയിന്‍, സുഗന്ധവ്യഞ്ജനങ്ങളുടെയും സമുദ്രോത്പന്നങ്ങളുടെയും മറ്റു മൂല്യവര്‍ധിത ഉത്പന്നങ്ങളുടെയും കയറ്റുമതിക്കുള്ള സംവിധാനങ്ങള്‍, ബങ്കറിങ്, തീരദേശ തുറമുഖ ഷിപ്പിങ്ങുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍, സേവനങ്ങള്‍, കപ്പലുകളുടെ അറ്റകുറ്റപ്പണിക്കായുള്ള യാര്‍ഡുകള്‍, ഉള്‍നാടന്‍ ജലയാനങ്ങള്‍, ക്രൂയിസ് സര്‍വീസ്, മറീന, ടൂറിസം റിസോര്‍ട്ടുകള്‍, മാരിടൈം മ്യൂസിയം, മാരിടൈം ലോ, മാരിടൈം വിദ്യാഭ്യാസകേന്ദ്രങ്ങള്‍ എന്നിങ്ങനെ നിരവധി തൊഴില്‍ മേഖലകളെക്കുറിച്ച് ചര്‍ച്ചകള്‍ കൊഴുക്കുമ്പോള്‍, തീരദേശജനതയുടെയും പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെയും സുരക്ഷ, ഉപജീവനം, പാര്‍പ്പിട അവകാശങ്ങള്‍, തൊഴിലിടങ്ങളുടെയും തീരദേശവിഭവങ്ങളുടെയും ഉപയോഗ അവകാശം എന്നിവയുടെ കാര്യത്തില്‍ തുറകളില്‍ അരക്ഷിതാവസ്ഥയും ആശങ്കകളും പെരുകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നുണ്ട്.മാരിടൈം പദ്ധതികള്‍ക്കായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഭൂമി ലഭ്യമാക്കുക, ചെറുകിട തുറമുഖങ്ങളുടെ വികസനത്തിനും തുറമുഖ അധിഷ്ഠിത വ്യവസായങ്ങള്‍ക്കുമായി പൊതു-സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് കേരള മാരിടൈം ബോര്‍ഡ് നിയമ ഭേദഗതിക്കു (2026) പിന്നിലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന് വിശദീകരിക്കുന്നുണ്ട്. പുതിയ ബോര്‍ഡില്‍ ഫിഷറീസ് മന്ത്രിയും റവന്യൂ മന്ത്രിയുമില്ല, പകരം വകുപ്പ് സെക്രട്ടറിമാരാണുള്ളത്. പുനഃസംഘടിപ്പിക്കുന്ന ബോര്‍ഡിന്റെ ഭാഗമായ സംവിധാനങ്ങളിലൊന്നും തീരദേശ ജനതയുടെയോ മത്സ്യത്തൊഴിലാളികളുടെയോ പ്രതിനിധികളില്ല.സ്റ്റേറ്റ് മാരിടൈം ലാന്‍ഡ് ബാങ്ക്, വാട്ടര്‍ഫ്രണ്ട് റോയല്‍റ്റി തുടങ്ങിയ ആശയങ്ങള്‍ തീരദേശത്തെ സാധാരണ മനുഷ്യര്‍ക്ക് ഉള്‍ക്കൊള്ളാനാകാത്തതാണ്. തുറമുഖങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യവികസനത്തിന്, വെയര്‍ഹൗസുകള്‍ക്കും കണ്ടെയ്നര്‍ ഫ്രെയ്റ്റ് സ്റ്റേഷനുകള്‍ക്കും ലോജിസ്റ്റിക്സ് പാര്‍ക്കുകള്‍ക്കും മറ്റുമായി ‘തുറമുഖ പരിധിക്കുള്ളിലെ’ സര്‍ക്കാര്‍ വക ഭൂമി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രീകൃത ഭൂശേഖരം രൂപപ്പെടുത്തണമെന്നാണ് നിര്‍ദേശം. തുറമുഖ പരിധിയില്‍ വരുന്ന മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെ സ്വത്തുക്കളുടെമേലും മാരിടൈം ബോര്‍ഡിന് അവകാശം ഉന്നയിക്കാമെന്നു വരുമ്പോള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങള്‍ അടുപ്പിക്കാനും വലകള്‍ നന്നാക്കാനും യാനങ്ങളുടെ അറ്റകുറ്റപ്പണിക്കും ആശ്രയിച്ചുവരുന്ന കടല്‍ത്തീരം അവര്‍ക്ക് അന്യമാകാനിടയുണ്ട്. തലമുറകളായി തങ്ങളുടെ തൊഴിലിടങ്ങളായി കടല്‍പ്പണിക്കാര്‍ കരുതിപ്പോരുന്ന റവന്യൂ, ഫിഷറീസ് വകുപ്പുകളുടെ സ്ഥലങ്ങളിലേക്കും പൊതുഇടങ്ങളിലേക്കും അവര്‍ക്ക് കയറാനാകാതെ വരും. കടലിലേക്കു പ്രവേശിക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ സ്വാഭാവിക അവകാശംതന്നെ ഇല്ലാതായെന്നിരിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് പട്ടയം നല്കുന്ന റവന്യൂ വകുപ്പിന്റെ കൈവശം തീരത്ത് ഭൂമിയില്ലാതായാല്‍ പാവപ്പെട്ടവര്‍ ഗതിയില്ലാതെ അലഞ്ഞുതിരിയേണ്ടിവരും.ഓരോ തുറമുഖത്തിനും പ്രത്യേക പോര്‍ട്ട് ഏരിയ ഡെവലപ്മെന്റ് അതോറിറ്റി രൂപവത്കരിക്കുന്നതിന് വ്യവസ്ഥയുണ്ട്. അതോറിറ്റിയുടെ നിശ്ചയിക്കപ്പെട്ട മേഖലയ്ക്കായി സ്ഥലവിനിയോഗത്തിന്റെ ‘സ്പേഷ്യല്‍ പ്ലാന്‍’ രൂപപ്പെടുത്തണം. സ്പെഷല്‍ ഏരിയ എന്ന് അടയാളപ്പെടുത്തുന്ന മേഖലയില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള അവകാശം നഷ്ടപ്പെടാനിടയുണ്ട്.തുറമുഖത്തിന്റെ പരിധിയില്‍ വരുന്ന ജലാശയം, തീരക്കടല്‍ എന്നിവ ഉപയോഗിക്കുന്നതിനുള്ള പ്രത്യേക നിരക്ക് എന്നാണ് വാട്ടര്‍ഫ്രണ്ട് റോയല്‍റ്റിയെ നിര്‍വചിക്കുന്നത്. പരമ്പരാഗതമായി മീന്‍പിടിക്കുന്ന കായലിലും തീരത്തും റോയല്‍റ്റി ഈടാക്കുമോ? ഇതുവരെ തീരദേശജനത സൗജന്യമായി ഉപയോഗിച്ചുവന്ന പൊതുമുതല്‍ ഉപയോഗിക്കാന്‍ പണം നല്കേണ്ടിവരുമോ? പൊതുഇടങ്ങളില്‍ പരമ്പരാഗതമായി ജനങ്ങള്‍ക്കുള്ള അവകാശം നഷ്ടപ്പെടുമോ? ഫ്ളോട്ടിങ് ജെട്ടി, ഫ്ളോട്ടിങ് ബ്രിജ്, ഫ്ളോട്ടിങ് കോട്ടേജ്, ഫ്ളോട്ടിങ് റെസ്റ്ററന്റ് എന്നിവയ്ക്ക് സ്ഥലപരമായ പ്ലാന്‍ തയാറാക്കി നല്‍കുന്നതിനും റോയല്‍റ്റി ബാധകമാകുമോ? ചട്ടങ്ങള്‍ വരുന്ന മുറയ്ക്കേ വിശദാംശങ്ങള്‍ ലഭ്യമാകൂ. മാരിടൈം സംരംഭങ്ങള്‍ക്കായി പൊതു-സ്വകാര്യ പങ്കാളിത്തത്തിനും വിദേശ നിക്ഷേപകര്‍ക്കും 45 വര്‍ഷം വരെ കണ്സെഷന് കാലാവധി നീട്ടിനല്‍കുന്നത് പാക്കേജ് കൂടുതല്‍ ആകര്ഷകമാക്കാനാണത്രെ. കോസ്റ്റല്‍ ഷിപ്പിങ്, ഉള്‍നാടന്‍ ജലപാത വികസിപ്പിക്കുന്നതിലൂടെ 50 ശതമാനത്തോളം ചരക്കുഗതാഗതം കടല്‍വഴിയും ജലപാതവഴിയുമാക്കാന് കഴിയുമെന്നാണ് കണക്കുകൂട്ടല്‍. പെട്രോളിയം ഉത്പന്നങ്ങള്‍, കെമിക്കല്‍സ്, അപകടകാരിയായ ചരക്ക് തുടങ്ങിയവ തീരക്കടലിലൂടെ കൂടുതല്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ കഴിയും. കൊച്ചിയിലും കോഴിക്കോടും ക്രൂയിസ് ടെര്‍മിനലുകള്‍ വികസിപ്പിക്കും. ദുബായ്, മാലിദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കും ഗോവ, കാസര്‍കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും യാത്രാകപ്പല്‍ സര്‍വീസ് വരും. കേരളത്തിലെ 44 നദികളെയും ജലാശയങ്ങളെയും ബന്ധപ്പെടുത്തി റിവര്‍ ക്രൂയിസും വികസിപ്പിക്കും.തീരക്കടലിലും വാണിജ്യകപ്പലുകള്‍ തലങ്ങും വിലങ്ങും സര്‍വീസ് നടത്തുമ്പോള്‍ മീന്‍പിടിത്തക്കാര്‍ക്ക് അറബിക്കടലിലേക്ക് വള്ളങ്ങളും ബോട്ടുകളും ഇറക്കാന്‍ പ്രത്യേക ചാലുകള്‍ കണ്ടെത്തേണ്ടിവരും. വാണിജ്യ കപ്പല്പാതകള് മത്സ്യബന്ധന മേഖലകളെ കീറിമുറിക്കുമ്പോള്‍, പരമ്പരാഗത വള്ളങ്ങള്‍ തൊട്ട് ആഴക്കടല്‍ ട്രോളറുകള്‍ വരെ ഏതാണ്ട് 43,000 യാനങ്ങള്‍ എന്നും അപകടഭീഷണിയിലാണ്.
Trending
- ഇടത്തോട്ട് മുണ്ടുടുക്കുന്ന ഇടതുപക്ഷം
- തീരം മറക്കില്ലീ ചതിച്ചുഴികള്‍
- സമൂഹമാധ്യമങ്ങളുടെ നിയമപരമായ ഉത്തരവാദിത്തം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കം
- പാപ്പയുടെ ലാറ്റിൻ അമേരിക്കൻ യാത്രയ്ക്ക് തുടക്കമായി
- ‘ലൗദാത്തോ സി’യുടെ പത്താം വാർഷികം; പരിസ്ഥിതി പ്രവർത്തനങ്ങൾക്കായി ഡിജിറ്റൽ അറ്റ്ലസ് പുറത്തിറക്കി വത്തിക്കാൻ
- പോർച്ചുഗൽ ജേഴ്സിയോട് വിടപറയാൻ റൊണാൾഡോ; രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു
- സെൻസസ് വിവരശേഖരണത്തിൽ ഒബിസി കോളം ഉൾപ്പെടുത്താത്തത് അനീതി: കെഎൽസിഎ വരാപ്പുഴ അതിരൂപത
- മുനമ്പത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണം; മന്ത്രിക്ക് നിവേദനം നൽകി ഭൂസംരക്ഷണ സമിതി

