വത്തിക്കാൻ സിറ്റി: യുവത്വത്തിന്റെ പുതുമയും ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ ആവേശവും ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കണമെന്ന് ലെയോ പതിനാലാമൻ പാപ്പാ. ജീസസ് യൂത്ത് അന്താരാഷ്ട്ര പ്രസ്ഥാനത്തിന്റെ നേതാക്കളുമായും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ജീസസ് യൂത്തിന്റെ പ്രതിനിധികൾ പത്രോസിന്റെ പിൻഗാമിയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നതിന്റെ പ്രാധാന്യം പാപ്പാ സന്ദേശത്തിൽ എടുത്തുപറഞ്ഞു. പ്രസ്ഥാനത്തിലെ അംഗങ്ങൾക്കും അവരെ ആത്മീയമായി നയിക്കുന്ന മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും അദ്ദേഹം പ്രാർത്ഥനാശംസകൾ നേർന്നു.ജീസസ് യൂത്തിന്റെ നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച്, കഴിഞ്ഞ മൂന്ന് വർഷമായി നടന്നുവരുന്ന സിനഡൽ കൂടിയാലോചനകളുടെ ഫലങ്ങൾ പുതിയ ആത്മീയ ഉണർവോടെയും ദൗത്യബോധത്തോടെയും പ്രാവർത്തികമാക്കാൻ പാപ്പാ ആഹ്വാനം ചെയ്തു. പരിശുദ്ധാത്മാവിൽനിന്നു ലഭിച്ച വരദാനങ്ങൾ ഉദാരമായി പങ്കുവയ്ക്കാനും സുവിശേഷപ്രഘോഷണ ദൗത്യം കൂടുതൽ ശക്തമായി തുടരാനും ഈ സംഗമം സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി യേശുക്രിസ്തുവുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടലിൽനിന്നാണ് ജീസസ് യൂത്ത് വളർന്നുവന്നതെന്ന് പാപ്പാ അനുസ്മരിച്ചു. യേശുവിന്റെ സ്നേഹം അനുഭവിച്ച യുവാക്കൾ ആ അനുഭവം മറ്റുള്ളവരിലേക്കും പകരാനുള്ള ആഗ്രഹത്തോടെ കൂട്ടായ്മകളായി ഒന്നിച്ചുചേർന്നതാണ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അടിത്തറയായത്. യേശുവിന്റെ സ്നേഹം തിരിച്ചറിയുന്നതാണ് സഭയിലെ യഥാർഥ നവീകരണത്തിന്റെ തുടക്കമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

