വല്ലാർപാടം: കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതി വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശമുയർത്തി ജപമാല റാലി സംഘടിപ്പിച്ചു. ഒക്ടോബർ 18 ഞായറാഴ്ച വല്ലാർപാടം ദൈവാലയ കവാടത്തിൽനിന്ന് ആരംഭിച്ച റാലി വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. അദ്ദേഹം അനുഗ്രഹ പ്രഭാഷണവും നടത്തി.
മദ്യത്തിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും അമിത ഉപയോഗം മൂലം നിരപരാധികളുടെ ജീവനുകൾ നഷ്ടപ്പെടുകയും അക്രമസംഭവങ്ങൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ലഹരിക്കെതിരെ ശക്തമായ നടപടികൾ ആവശ്യമാണെന്ന് സമിതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ പുതിയ മദ്യനയം കൂടുതൽ കർശനമാക്കണമെന്നും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മദ്യവും ഉൾപ്പെടുത്തി പരിശോധനകൾ ശക്തമാക്കണമെന്നും മദ്യത്തിന്റെ ലഭ്യത കുറയ്ക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. തുടർന്ന് നടന്ന ദിവ്യബലിക്ക് കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതി വരാപ്പുഴ അതിരൂപത ഡയറക്ടർ റവ. ഫാ. ജോസഫ് ഷെറിൻ ചെമ്മായത്ത് നേതൃത്വം നൽകി.സമിതി വരാപ്പുഴ അതിരൂപത പ്രസിഡന്റ് ഡിക്സൻ റോഡ്രിഗ്സ് സ്വാഗതവും ജനറൽ സെക്രട്ടറി ജസ്റ്റിൻ മാളിയേക്കൽ നന്ദിയും പറഞ്ഞു. രൂപതാ ഭാരവാഹികൾ, സിസ്റ്റേഴ്സ്, സമിതി പ്രവർത്തകർ എന്നിവർ റാലിയിലും അനുബന്ധ പരിപാടികളിലും പങ്കെടുത്തു.

