ലണ്ടൻ: പ്രതിസന്ധികളും അനിശ്ചിതത്വങ്ങളും നിറഞ്ഞ കാലത്ത് തിരുവചനത്തിലേക്ക് കൂടുതൽ ആളുകൾ ആകർഷിക്കപ്പെടുന്നതായി ഡിജിറ്റൽ ബൈബിൾ പ്ലാറ്റ്ഫോമായ യുവേർഷന്റെ പുതിയ കണക്കുകൾ. ലോകമെമ്പാടുമായി പ്രതിദിനം 1.85 കോടി ആളുകൾ യുവേർഷൻ ബൈബിൾ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ട്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിദിന ഉപയോഗത്തിൽ 13 ശതമാനത്തിലധികം വർധന രേഖപ്പെടുത്തി.ആപ്ലിക്കേഷനിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട വാക്കുകൾ ‘ഉത്കണ്ഠ’, ‘പ്രതീക്ഷ’, ‘സൗഖ്യം’ എന്നിവയാണ്. ദൈവിക സംരക്ഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സങ്കീർത്തനം 91 ആണ് ഉപയോക്താക്കൾ ഏറ്റവുമധികം തിരഞ്ഞെടുത്ത ബൈബിൾ ഭാഗം. ജീവിതത്തിലെ വെല്ലുവിളികൾക്കിടയിൽ ആശ്വാസവും പ്രത്യാശയും തേടി ആളുകൾ തിരുവചനത്തെ ആശ്രയിക്കുന്നതിന്റെ സൂചനയാണിതെന്ന് യുവേർഷൻ സ്ഥാപകനും സി.ഇ.ഒയുമായ ബോബി ഗ്രൂൺവാൾഡ് പറഞ്ഞു.യുകെയിൽ വിശ്വാസത്തോടും ആത്മീയതയോടുമുള്ള താൽപ്പര്യം വർധിക്കുന്നതായും ഇത് സഭകളുമായും വിശ്വാസസമൂഹങ്ങളുമായും ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും യുവേർഷൻ കോർഡിനേറ്റർ എറിൻ ഗാർഡ്നർ അഭിപ്രായപ്പെട്ടു.ലോകമെമ്പാടുമായി 100 കോടി ഉപകരണങ്ങളിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുള്ള ആപ്ലിക്കേഷന് 16 കോടിയിലധികം പുതിയ ഡൗൺലോഡുകളും ലഭിച്ചിട്ടുണ്ട്. നവംബറിലെ ബൈബിൾ മാസാചരണത്തിന്റെ ഭാഗമായി 30 ദിവസത്തെ ബൈബിൾ വായനാ ചലഞ്ചും ലണ്ടൻ, ന്യൂയോർക്ക് നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിൽ ഡിജിറ്റൽ ബൈബിൾ വാക്യങ്ങളുടെ പ്രദർശനവും സംഘടിപ്പിക്കാൻ യുവേർഷൻ പദ്ധതിയിടുന്നു.

