കൊച്ചി: വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട എസ്.ഐ.ആർ (SIR) നടപടികളിലെ ക്രമക്കേടുകൾക്കെതിരെയും ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യതയും ജനാധിപത്യ മര്യാദകളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും ഡൽഹിയിൽ വിദ്യാർത്ഥികളും യുവജനങ്ങളും വിവിധ സംഘടനകളും നടത്തുന്ന പ്രതിഷേധങ്ങൾക്ക് കേരള കാത്തലിക് ഫെഡറേഷൻ (കെ.സി.എഫ്) പൂർണ പിന്തുണ പ്രഖ്യാപിച്ചു.
ജനാധിപത്യ പ്രക്രിയയുടെ വിശ്വാസ്യതയും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും കെ.സി.എഫ് ആവശ്യപ്പെട്ടു. ഭരണഘടനാ സ്ഥാപനങ്ങളുടെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവർ ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്നതായുള്ള ആരോപണങ്ങൾ ആശങ്കാജനകമാണെന്ന് കെ.സി.എഫ് വിലയിരുത്തി.
നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട ഭരണഘടനാ പദവികളിലുള്ളവർ തങ്ങളുടെ ചുമതലകൾ ഏകപക്ഷീയമായി വിനിയോഗിച്ച് ജനാധിപത്യ പ്രക്രിയയെ ദുർബലപ്പെടുത്തുന്നുവെന്ന ആരോപണങ്ങൾ ഗൗരവത്തോടെ കാണണം. ഇത്തരം പ്രവണതകൾ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ഭാവി നിർണയിക്കേണ്ട വിദ്യാർത്ഥികളും യുവജനങ്ങളും തങ്ങളുടെ അവകാശങ്ങൾക്കും ജനാധിപത്യ സംരക്ഷണത്തിനുമായി രംഗത്തിറങ്ങുമ്പോൾ അവരുടെ പ്രതിഷേധങ്ങളെ അവഗണിക്കുന്ന ഭരണകൂട നിലപാട് ജനാധിപത്യത്തിന് അനുയോജ്യമല്ല. യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.കേരള കത്തോലിക്കാ സഭയുടെ അൽമായ പ്രസ്ഥാനമായ കെ.സി.എഫിന്റെ സംസ്ഥാന ഭാരവാഹികളുടെയും അംഗസംഘടനാ നേതാക്കളുടെയും യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ബിജു ജോസി കരുമാഞ്ചേരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി വി.സി. ജോർജ്കുട്ടി, ട്രഷറർ അഡ്വ. ബിജു കുണ്ടുകുളം, വൈദിക ഉപദേഷ്ടാവ് ഫാ. തോമസ് തറയിൽ, കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, എം.സി.എ സഭാതല പ്രസിഡന്റ് ബൈജു എസ്.ആർ. എന്നിവർ പ്രസംഗിച്ചു.ഡൽഹിയിൽ സമരം നടത്തുന്ന വിദ്യാർത്ഥി-യുവജന കൂട്ടായ്മകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം ഐക്യദാർഢ്യ സംഗമങ്ങൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

