ഇഗ്നേഷ്യസ് തോമസ്
(കഴിഞ്ഞ ലക്കം തുടര്‍ച്ച)
കത്തോലിക്കാ വിശ്വാസ ജീവിതത്തെക്കുറിച്ച് ലെയോ പതിനാലാമന്‍ പാപ്പ അടുത്ത നാളില്‍ ചൂണ്ടിക്കാട്ടിയതുപോലെ ‘ഞായറാഴ്ചകളില്‍ മാത്രം ജീവിക്കേണ്ട ഒന്നല്ല ക്രൈസ്തവ വിശ്വാസം. ഓരോ ദിവസവും ജീവിക്കേണ്ട രീതിയാണ്’. ക്രിസ്തുവില്‍ നിന്നാണ് വിശ്വാസിക്ക് പ്രത്യാശ ലഭിക്കുന്നതെന്നും പരിശുദ്ധ പിതാവ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.(5) വിശ്വാസ ജീവിതവും സഭയും: നമ്മുടെ വിശ്വാസ ജീവിതത്തില്‍ നിന്ന് സഭയെ വേര്‍പെടുത്താനാവില്ല. ‘നീ പത്രോസാണ് ഈ പാറമേല്‍, എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരക കവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല’ (മത്താ:16:18). നാം ഒന്നിക്കുന്നത് സഭയിലൂടെയാണ്. വിശുദ്ധ പൗലോസ് സഭയെ വിശേഷിപ്പിക്കുന്നത് ‘ക്രിസ്തുവിന്റെ ശരീരം’ എന്നാണ്. ‘നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്’ (1 കൊറി:12:27). അങ്ങനെ നമ്മുടെ വിശ്വാസ ജീവിതം സഭാഗാത്രവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടു നില്ക്കുന്നു. വിശ്വാസ ജീവിതം വ്യക്തിപരമായിട്ടുള്ളത് മാത്രമല്ല സഭാപരമായിട്ടുള്ള ജീവിതംകൂടിയാണ്.Ecclesia Mater te Magirsta ‘സഭ അമ്മയും അധ്യാപികയുമാണ്. വിശുദ്ധ സിപ്രിയാന്‍ ഇങ്ങനെ പറയുന്നു. ‘സഭയെ അമ്മയായി സ്വീകരിക്കാത്ത ഒരുവന് ദൈവത്തെ പിതാവായി സ്വീകരിക്കാനാവില്ല.’ വിശ്വാസത്തില്‍ ഈ അമ്മ നമുക്ക് ജന്മം നല്കുന്നു. വിശ്വാസത്തില്‍ നമ്മെ വളര്‍ത്തുന്നു. കൂദാശകളിലൂടെ നമ്മെ ശക്തിപ്പെടുത്തുന്നു. വീഴുമ്പോള്‍ നമ്മെ താങ്ങി എഴുന്നേല്പിക്കുന്നു.(6) വിശ്വാസ ജീവിതത്തെ കൂദാശകള്‍ ശക്തിപ്പെടുത്തുന്നു: വിശുദ്ധ അഗസ്തീനോസ് കൂദാശകള്‍ക്ക് നല്കിയ നിര്‍വചനം ഇങ്ങനെയാണ്. ‘അദൃശ്യമായ ദൈവിക വരപ്രസാദത്തെ ദൃശ്യമാക്കുന്ന രക്ഷയുടെ ദൃശ്യമായ അടയാളമാണ് കൂദാശകള്‍.’ സാര്‍വത്രിക സഭയുടെ മതബോധന ഗ്രന്ഥത്തില്‍ കൂദാശകളുടെ പ്രാധാന്യത്തെപ്പറ്റി പ്രത്യേകം എടുത്തു പറയുന്നുണ്ട്. ഏഴു കൂദാശകളും ക്രൈസ്തവ ജീവിതത്തിലെ ഓരോ ഘട്ടങ്ങളെയും പ്രധാന നിമിഷങ്ങളെയും സ്പര്‍ശിക്കുന്നു. കൂദാശകളിലൂടെ പ്രത്യേകിച്ച് ജ്ഞാനസ്നാന കൂദാശയിലൂടെ നവജന്മം പ്രാപിച്ച് തീരുസഭയുടെ അംഗത്വം നേടി സ്വര്ഗ്ഗരാജ്യത്തിനവകാശിയായി, അനുരഞ്ജന കൂദാശയിലൂടെ ദൈവസ്നേഹാനുഭവത്തിലേക്ക് കടന്നു ചെന്ന് അവിടുത്തെ ശരീരം സ്വീകരിച്ച് നിത്യവിരുന്നിന്റെ അവകാശികളാകുന്നു. പരിശുദ്ധാത്മാവിന്റെ ആലയങ്ങളായി മാറി, വിവാഹ / പൗരോഹിത്യ കൂദാശകളിലൂടെ യേശുവിന്റെ രക്ഷാകര പദ്ധതികളില്‍ പങ്കുചേരാനും നിത്യ ജീവിതത്തില്‍ പ്രവേശിക്കുന്നതിന് മുന്നോടിയായി സൗഖ്യദായകമായ രോഗീലേപനത്തിലൂടെ ആത്മാവിന് പുതുജീവന്‍ നേടാനും കൂദാശകള്‍ നമ്മെ സഹായിക്കുന്നു.നമ്മുടെ വിശ്വാസ ജീവിതവും കൗദാശിക ജീവിതവും വേറിട്ടു നിലകൊള്ളേണ്ടവയല്ല. ഒന്നിച്ചു നീങ്ങേണ്ടവയും പരസ്പര പൂരകങ്ങളായി വര്‍ത്തിക്കേണ്ടതുമാണ്. കൂദാശകള്‍ ഒരു വിശ്വാസിയുടെ ജീവിതത്തെ പൂര്‍ണ്ണമായും വിശുദ്ധീകരിക്കുന്നു. കൂദാശകള്‍ അവയുടെ കൗദാശിക ക്രമത്തില്‍ തന്നെ ഫലദായകമായി പ്രവര്‍ത്തിക്കുന്നു (Ex opere operato). കുരിശിലെ ബലിയുടെ വരപ്രസാദം കൂദാശകളിലൂടെ നമുക്ക് കൈവരുന്നു എന്നത് കത്തോലിക്കാ സഭയുടെ വിശ്വാസ പ്രമാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട സത്യമാണ്.(7) വിശ്വാസവും പ്രാര്‍ഥനയും: വിശ്വാസവും പ്രാര്‍ഥനയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. വിശ്വാസമില്ലാത്ത പ്രാര്‍ഥനയോ പ്രാര്‍ഥനയില്ലാത്ത വിശ്വാസമോ പൂര്‍ണ്ണമല്ല. വിശ്വാസത്തിന്റെ ശ്വാസമാണ് പ്രാര്‍ഥന. ഇടവിടാതെ പ്രാര്‍ഥിക്കുവാനാണ് (1 തെസ്സ:5:17). തെസലോനിക്കയിലെ സഭാംഗങ്ങളോട് വിശുദ്ധ പൗലോസ് ആവശ്യപ്പെടുന്നത്. പ്രാര്‍ഥനയില്ലാത്ത വിശ്വാസ ജീവിതം ശ്വാസമില്ലാത്ത ശരീരം പോലെ മൃതാവസ്ഥയിലായി തീരും. ‘പ്രാര്‍ഥന എന്നത് നമ്മെ സ്നേഹിക്കുന്ന ദൈവത്തോട് തനിച്ചിരുന്ന് സംസാരിക്കുന്ന സൗഹൃദ ബന്ധമെന്നത്രെ.’ എന്നാണ് ആവിലയിലെ വിശുദ്ധ അമ്മത്രേസ്യ നിര്‍വചിച്ചിരിക്കുന്നത്.നമ്മുടെ ആവശ്യങ്ങള്‍ ദൈവത്തോട് പറയുന്നത് മാത്രമല്ല പ്രാര്‍ഥന, ദൈവത്തോട് നാം ബന്ധപ്പെടുന്നത് പ്രാര്‍ഥനയിലൂടെയാണ്. ക്രൈസ്തവ പ്രാര്‍ഥന ത്രീതൈ്വക ദൈവവുമായുള്ള ജീവിക്കുന്ന ബന്ധമെന്നാണ് സഭയുടെ മതബോധന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.പ്രാര്‍ഥനയും പ്രവര്‍ത്തനവും അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു. ‘Ora te labora’ ‘പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക’ എന്നതാണീ വാക്യത്തിന്റെ അര്‍ത്ഥം. ഈ വാക്യം നര്‍സിയായിലെ വിശുദ്ധ ബനഡിക്റ്റിന്റെ സന്ന്യാസ സമൂഹത്തിന്റെ ആപ്തവാക്യമാണ്. പ്രാര്‍ഥിക്കുന്ന മനുഷ്യന് പ്രവര്‍ത്തിക്കണം. പ്രവര്‍ത്തിക്കുന്ന മനുഷ്യന് പ്രാര്‍ഥിക്കണം. പ്രാര്‍ഥനയില്‍ മാത്രം ജീവിച്ചാല്‍ ഈ ലോകത്തില്‍ നിന്ന് അകന്നുപോകും. പ്രവര്‍ത്തനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ നാം ദൈവത്തെ മറക്കാനിടയാകും. പ്രാര്‍ഥനയും പ്രവര്‍ത്തനവും സമന്വയിപ്പിച്ചുള്ള വിശ്വാസ ജീവിതമാണ് നാം നയിക്കേണ്ടത്.(8) വിശ്വാസവും ധാര്‍മ്മിക ജീവിതവും: വിശ്വാസം പ്രവര്‍ത്തികളിലൂടെ പ്രതിഫലിക്കപ്പെടുന്നെങ്കില് മാത്രമെ നമ്മുടെ വിശ്വാസം അര്‍ത്ഥപൂര്‍ണ്ണമാകൂ. വിശ്വാസമെന്നത് പ്രഘോഷിക്കപ്പെടാനുള്ളതും വിശ്വാസമൂല്യങ്ങള്‍ നമ്മുടെ ജീവിതത്തിലൂടെ പ്രകടിപ്പിക്കാനുള്ളതുമാണ്. ‘പ്രവൃത്തിയില്ലാത്ത വിശ്വാസം നിര്‍ജീവമാണ്’ (യാക്കോ:2:26). കത്തോലിക്കാ വിശ്വാസ ജീവിതത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ സത്യസന്ധത, നീതി, ക്ഷമ, കരുണ, വിശുദ്ധി, ഉത്തരവാദിത്വം ഇവയെല്ലാം നമ്മുടെ അനുദിന ജീവിതത്തില്‍ പ്രകാശിതമാകണം. യേശു പറയുന്നു ‘മറ്റുള്ളവര്‍ നിങ്ങള്‍ക്ക് ചെയ്തുതരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്ക് ചെയ്യുവിന്‍. ഇതാണ് നിയമവും പ്രവാചകന്മാരും’ (മത്താ:7:12).1. ഞാന്‍ സത്യസന്ധനാണോ?2. ഞാന്‍ മറ്റുള്ളവരെ ശ്രവിക്കാറുണ്ടോ?3. ഞാന്‍ മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ ക്ഷമിക്കാറുണ്ടോ?4. ദരിദ്രരോട് എനിക്ക് കരുണ കാട്ടാനാകുന്നുണ്ടോ?5. എന്റെ വാക്കുകള്‍ മറ്റുള്ളവരെ വേദനിപ്പിക്കാറുണ്ടോ?6. ഞാന്‍ സ്നേഹം പ്രകടിപ്പിക്കാറുണ്ടോ?7. സമൂഹത്തില്‍ നീതിക്കുവേണ്ടി ഞാന്‍ നിലകൊള്ളാറുണ്ടോ?ഈ ചോദ്യങ്ങള്‍ എന്റെ വിശ്വാസ ജീവിതത്തിന് നേരെ വിരല്‍ ചൂണ്ടുന്നു. എന്റെ വിശ്വാസ ജീവിതം ക്രൈസ്തവ മൂല്യങ്ങളില്‍ അടിയുറച്ചതും വചനാധിഷ്ഠതവുമായി തീര്‍ന്നുകൊണ്ട് ഉത്തമമായ ജീവിതം നയിക്കുക എന്നതാണ് എന്റെ മുമ്പിലെ വലിയ വെല്ലുവിളി.
(9) വിശ്വാസവും സാമൂഹിക പ്രതിബദ്ധതയും: ക്രൈസ്തവ വിശ്വാസ ജീവിതത്തിന്റെ ലക്ഷ്യം വ്യക്തിയുടെ ആത്മ രക്ഷമാത്രമല്ല. ദൈവസ്നേഹവും സഹോദരങ്ങളുമായുള്ള ബന്ധവും ഉള്‍ക്കൊള്ളുന്നു. ‘ദൈവത്തെ സ്നേഹിക്കുന്നുവെന്ന് പറയുകയും സഹോദരനെ വെറുക്കുകയും ചെയ്യുന്നവന് കള്ളനാകുന്നു. കാണുന്ന സഹോദരനെ സ്നേഹിക്കാത്തവനു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിക്കുവാന്‍ കഴിയുന്നതെങ്ങനെ?’ (യോഹ:4:20). അതിനാല്‍ സഹോദരനോടുള്ള ബന്ധം ക്രൈസ്തവ ജീവിതത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ‘എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില് ഒരുവന് ഇത് ചെയ്ത് കൊടുത്തപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്തുതന്നത്’ (മത്താ:25:40). നമുക്ക് ചുറ്റുമുള്ള രോഗികളെയും വൃദ്ധരെയും അവശതയനുഭവിക്കുന്നവരെയും നീതിനിഷേധിക്കപ്പെട്ടവരുടെയും നേര്‍ക്ക് നമ്മുടെ കൈ നീട്ടുമ്പോള്‍ നാം ദൈവസ്നേഹത്തിന്റെ കരങ്ങള്‍ തന്നെയാണ് നീട്ടുന്നത്. ഞാന്‍ നീട്ടുന്ന കരങ്ങള്‍ ക്രിസ്തുവിന്റെ കരങ്ങളാണെന്ന ബോധ്യം എന്നില്‍ ഉള്ളവാകണം. എന്റെ വിശ്വാസത്തിലൂടെ ദൈവത്തില്‍ നിന്ന് എനിക്ക് കരഗതമാകുന്ന നന്മ ഞാന്‍ എന്റെ സഹോദരങ്ങളുമായി പങ്കുവയ്ക്കുന്നതിലൂടെ എന്റെ വിശ്വാസ ജീവിതം കൂടുതല്‍ ഫലദായകമായിത്തീരുന്നു.(10) കുടുംബവും വിശ്വാസ ജീവിതവും: ക്രൈസ്തവ വിശ്വാസജീവിതത്തിന്റെ പ്രാരംഭ വിദ്യാകേന്ദ്രമാണ് കുടുംബം. ‘Ecclesia domestica’ സഭയുടെ ചെറിയ പതിപ്പാണ് കുടുംബം. ഗാര്‍ഹിക സഭയെന്നാണ് രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ കുടുംബത്തെ കുറിച്ചുള്ള പ്രമാണ രേഖയില്‍ വിശേഷിപ്പിക്കുന്നത്. ദൈവം എന്ന നാമം കുട്ടി ആദ്യമായി കേള്‍ക്കുന്നത് കുടുംബത്തില്‍ നിന്നാണ്. പ്രാര്‍ഥനകള്‍ കേട്ടു പഠിക്കുകയും ക്രമേണ ഏറ്റു ചൊല്ലുന്നതും കുടുംബാന്തരീക്ഷത്തിലാണ്. സ്നേഹത്തിന്റെ പ്രമാണങ്ങള്‍ മാതാപിതാക്കളാണ് കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്ന് നല്‍കുന്നത്. ക്ഷമയുടെയും പങ്കുവയ്ക്കലിന്റെയും ബാലപാഠങ്ങള്‍ പഠിക്കുന്നതും കുടുംബത്തില്‍ നിന്നുതന്നെ. കുടുംബമാകുന്ന പ്രാഥമിക വിദ്യാലയത്തിലെ അധ്യാപകരായ മാതാപിതാക്കളുടെ വിശ്വാസ ജീവിതമാതൃക, പ്രാര്‍ഥനാ ജീവിതം, അയല്‍ക്കാരുമായും സമൂഹവുമായുള്ള ബന്ധം ഇവയെല്ലാം തന്നെ കുഞ്ഞുങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും അനുകരിക്കുകയും ചെയ്യും. ‘കുടുംബം ദൈവസ്നേഹത്തിന്റെയും കൂട്ടായ്മയുടെയും ഇടങ്ങളായി മാറണമെന്നും മക്കളെ വിശ്വാസത്തില്‍ വളര്‍ത്തുമ്പോള്‍ സമൂഹം അവര്‍ക്ക് പിന്തുണ നല്‍കണമെന്നും പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ പ്രസ്താവിക്കുകയുണ്ടായി. കുടുംബത്തില്‍ വിശ്വാസ ജീവിതം തഴച്ചുവളരാന്‍ കുടുംബ പ്രാര്‍ഥന, വചന പാരായണം കുടുംബാംഗങ്ങള്‍ ഒന്നു ചേര്‍ന്ന് അനുദിന ദിവ്യബലിയില്‍ പങ്കുചേരല്‍, ഒരുമിച്ചുള്ള ഭക്ഷണം, ദരിദ്രരോടുള്ള കാരുണ്യം ഇവയൊക്കെ ആവശ്യമാണ്. ഇവയെല്ലാം തീഷ്ണതയോടെ അനുഷ്ഠിക്കുന്ന കുടുംബാംഗങ്ങള്‍ വിശ്വാസ ജീവിതത്തില്‍ ഉത്തമമാതൃകകള്‍ സൃഷ്ടിക്കുന്നു.(11) വിശ്വാസവും ജീവിതാന്തസും: ‘മാതാവിന്റെ ഉദരത്തില്‍ നിനക്ക് രൂപം നല്‍കുന്നതിന് മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു. ജനിക്കുന്നതിന് മുന്‍പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു, ജനതകള്‍ക്ക് പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു (ജെറ:1:5). ഓരോ വ്യക്തിയെയും ദൈവത്തിന്റെ രക്ഷാകര പദ്ധതിയുമായി സഹകരിക്കാന്‍ ദൈവം വിളിക്കുന്നു. ചിലരെ വിവാഹ ജിവിതത്തിലേക്കും ചിലരെ പൗരോഹിത്യത്തിലേക്കും ചിലരെ അധ്യാപകരായും ഡോക്ടര്മാരായും ശുശ്രൂഷ ചെയ്യാന്‍ വിളിക്കുന്നു. ഇങ്ങനെ വിവിധ ജീവിതാന്തസ്സുകളിലേക്ക് ദൈവം ഓരോരുത്തരെ തിരഞ്ഞെടുക്കുന്നു. എല്ലാ ജീവിതാന്തസ്സുകളുടെയും ദൈവവിളികളുടെയും ആത്യന്തിക ലക്ഷ്യം ഒന്നുതന്നെയാണ്. അതായത് ദൈവത്തെ സ്നേഹിച്ചുകൊണ്ട് മനുഷ്യരെ ശുശ്രൂഷിക്കുക. ‘Ad majorem Dei gloriam’ ദൈവത്തിന്റെ ഉപരി മഹത്വത്തിനായി പ്രവര്‍ത്തിക്കുക’ വിശുദ്ധ ഇഗ്നേഷ്യസ് ലയോള ഈശോസഭാ സന്ന്യാസ്യസമൂഹത്തിന്റെ ആപ്തവാക്യമായി തിരഞ്ഞെടുത്തത് ഈ വാക്യമാണ്. മനുഷ്യന് തിരഞ്ഞെടുക്കുന്ന / സ്വീകരിക്കുന്ന ഏത് ജീവിതാന്തസ്സും ദൈവമഹത്വത്തിനായി സമര്‍പ്പിക്കുമ്പോഴാണ് ആ വിളിക്ക് അര്‍ത്ഥം കൈവരുന്നത്. നാം സ്വീകരിച്ച ജോലി എത്ര ചെറുതായാലും വലുതായാലും നാം ചോദിക്കേണ്ട ചോദ്യമിതാണ് ‘ഈ ജോലിയിലൂടെ ദൈവത്തിന് മഹത്വം നല്കാന് എനിക്ക് കഴിന്നുണ്ടോ?(12) ആധുനിക ലോകത്തിലെ കത്തോലിക്കാ വിശ്വാസ ജീവിതം: 21-ാം നൂറ്റാണ്ടിലെ ക്രൈസ്തവ വിശ്വാസജീവിതം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ മാസ്മരികത തീര്‍ക്കുന്ന ആകര്‍ഷണങ്ങളും സമൂഹത്തിന്റെ ചിന്താഗതിയെ സ്വാധീനിക്കുന്ന സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനവും നിര്‍മ്മിത ബുദ്ധിയുടെ വര്‍ദ്ധിച്ചുവരുന്ന പ്രചാരവും വിശ്വാസ ജീവിതത്തിന് വലിയ വെല്ലുവിളികളുയര്‍ത്തുന്നു. ഉപഭോഗ സംസ്ക്കാരം മനുഷ്യസമൂഹത്തില്‍ സ്വാര്‍ത്ഥത പ്രസരിപ്പിക്കുന്നു. മതനിരപേക്ഷതയുടെ വ്യാപനം യഥാര്‍ത്ഥത്തില്‍ മതനിരാസമായി വളരുന്നു. ഇപ്രകാരമുള്ള ആധുനിക ലോകത്തില്‍ ക്രൈസ്തവ വിശ്വാസ ജീവിതം ദുര്‍ഘടവും വെല്ലുവിളികള്‍ നിറഞ്ഞതുമായിമാറുന്നു. എന്നാല്‍ ഈ വെല്ലുവിളികള്‍ക്കിടയിലും ക്രൈസ്തവ വിശ്വാസ ജീവിതത്തിന്റെ പ്രഭമങ്ങുന്നില്ല. വിശ്വാസ ജീവിതത്തിന് ഈ കാലഘട്ടത്തിലും ഇനിയുള്ള യുഗത്തിലും പ്രസക്തിയുണ്ട്. നിര്‍മ്മിത ബുദ്ധിയും സാങ്കേതിക വിദ്യയും മനുഷ്യന് എങ്ങനെ ജീവിക്കണം എന്ന് ചൂണ്ടിക്കാട്ടാനാവും. എന്നാല്‍ എന്തിനാണ് മനുഷ്യന് ജീവിക്കേണ്ടത് എന്ന ചോദ്യത്തിന് പൂര്‍ണ്ണ ഉത്തരം നല്കാന് ഇന്നത്തെ സംവിധാനങ്ങള്‍ക്കാവില്ല. പണം മനുഷ്യന് സുഖസൗകര്യങ്ങള്‍ പ്രദാനം ചെയ്തേക്കാം. ശാസ്ത്ര വിദ്യ അറിവ് നല്‍കിയേക്കാം. സാങ്കേതിക വിദ്യവേഗവും മികവും നല്‍കിയേക്കാം. എന്നാല്‍ മനുഷ്യജീവന് അര്‍ത്ഥം നല്‍കാനാവില്ല. മനുഷ്യ ജീവിതത്തിന് സന്തോഷവും സമാധാനവും നല്‍കുന്നത് ദൈവത്തിലുള്ള അടിയുറച്ച വിശ്വാസമാണ്.
(13) വിശ്വാസം – പ്രത്യാശ – സ്നേഹം: ക്രൈസ്തവ ജീവിതത്തിന്റെ ദൈവശാസ്ത്രപരമായ 3 സദ് ഗുണങ്ങളാണ് വിശ്വാസം – Faith പ്രത്യാശ – Hope സ്നേഹം – Chartiy വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നിലും സര്വോത്കൃഷ്ടമായത് സ്നേഹമാണെന്ന് വിശുദ്ധ പൗലോസ് (1 കൊറിന്ത്യര്‍ 13:13) പ്രസ്താവിക്കുന്നു. സനാതന സത്യത്തിന്റെ നിറകുടമായ ദൈവത്തിലും അവിടുത്തെ വാഗ്ദാനങ്ങളിലുമുള്ള അടിയുറച്ച വിശ്വാസവും, എന്റെ തളര്‍ച്ചകളിലും തകര്‍ച്ചകളിലും പ്രതിസന്ധികളിലും എന്നെ കൈപിടിച്ചു നടത്തുന്ന എന്റെ ദൈവം എന്നെ കൈവിടുകയില്ലെന്ന പ്രത്യാശയും എന്നെ എന്നെന്നും സ്നേഹിക്കുന്ന എന്റെ ദൈവത്തെ പോലെ ഞാനും എന്റെ സഹോദരങ്ങളെ സ്നേഹിക്കണമെന്ന ബോധ്യവും എന്റെ വിശ്വാസ ജീവിതത്തെ മുന്നോട്ടു നയിക്കണം.പ്രത്യാശ ഇല്ലാത്ത വിശ്വാസം ഭാവിയെക്കുറിച്ച് ഭയപ്പാട് ഉളവാക്കും. സ്നേഹമില്ലാത്ത വിശ്വാസം കഠിനമായ നിയമമായി അനുഭവപ്പെടും പ്രവൃത്തിയില്ലാത്ത സ്നേഹം വെറും വികാരമായി തീരും. വിശ്വാസവും പ്രത്യാശയും സ്നേഹവും ചേരുമ്പോഴാണ് സമ്പൂര്‍ണ്ണവും അര്‍ത്ഥവത്തുമായ ക്രൈസ്തവജീവിതം അനുഭവ വേദ്യമാവുക. ആധുനിക ലോകത്തില്‍ ജീവിക്കുന്ന ക്രൈസ്തവര്‍ പ്രത്യാശയുടെ അടയാളങ്ങളാകാന്‍ ലെയോ പാപ്പ തന്റെ പ്രഭാഷണങ്ങളില്‍ ഉദ്ബോധിപ്പിക്കുന്നു. വിശ്വാസമാണ് നമ്മെ ശക്തരാക്കുന്നതെന്നും യേശുക്രിസ്തുവില്‍ നിന്നാണ് യഥാര്‍ത്ഥ പ്രത്യാശ ലഭിക്കുന്നതെന്നും അദ്ദേഹം ഊന്നി പറയുന്നു.(14) കത്തോലിക്കാ വിശ്വാസജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം: ‘ദൈവമെ അങ്ങേക്കായി തന്നെയാണ് അങ്ങ് ഞങ്ങളെ സൃഷ്ടിച്ചത്, അതുകൊണ്ട് അങ്ങയില്‍ വിശ്രമിക്കുന്നതുവരെ ഞങ്ങളുടെ ഹൃദയങ്ങള്‍ അസ്വസ്ഥമായിരിക്കും.’ വിശുദ്ധ അഗസ്റ്റീനോസ് തന്റെ കണ്‍ഫഷന്‍സ് എന്ന കൃതിയുടെ ആരംഭത്തില്‍ എഴുതിയ വരികളാണിവ. സൃഷ്ടാവായ ദൈവത്തിന്റെ സന്നിധിയില്‍ എത്തിചേരുന്നതുവരെയുള്ള മനുഷ്യന്റെ ഈ ലോകത്തിലെ യാത്ര അസ്വസ്തതകള്‍ നിറഞ്ഞതും ബുദ്ധിമുട്ടേറിയതുമത്രെ. നമ്മുടെ വിശ്വാസ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം ദൈവരാജ്യത്തില്‍ ഇടം നേടുക എന്നതുതന്നെയാണ്. ‘എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്’ (യോഹ:14:2) ഈ വാസസ്ഥലം കരസ്ഥമാക്കുക മരണശേഷമാണെന്ന് നാം വിശ്വസിക്കുന്നു. എന്നാല്‍ ഭൂമിയിലെ ദൈവരാജ്യത്തിലെ നമ്മുടെ ജീവിതത്തിന്റെ തുടര്‍ച്ചയാണ് പിതാവിന്റെ ഭവനത്തിലെ നമ്മുടെ നിത്യവാസം. ദൈവവുമായുള്ള നമ്മുടെ പൂര്‍ണ്ണമായ ഐക്യമാണ് സ്വര്‍ഗ്ഗീയ ജീവിതം. ദൈവത്തിന്റെ ഭാഗ്യദര്ശനം നേടുക (ബിയാട്ടിഫിക് വിഷന്‍) അവിടുത്തെ മുഖാമുഖം ദര്‍ശിച്ച് ദൈവത്തില്‍ പൂര്‍ണ്ണ സന്തോഷം നേടുക എന്നതാണ് കത്തോലിക്കാ വിശ്വാസ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം.ഉപസംഹാരം: ക്രിസ്തുവില്‍ വിശ്വസിക്കുക ക്രിസ്തുവിനോടൊപ്പം ജീവിക്കുക, മറ്റുള്ളവരില്‍ ക്രിസ്തുവിനെ ദര്‍ശിക്കുക ക്രിസ്തുവിന്റെ സ്നേഹം ലോകത്തിനു പകര്‍ന്നു നല്‍കുക. ഇവയാണ് ക്രൈസ്തവ ജീവിതത്തിന്റെ അന്തഃസത്ത. ഒരു വിശ്വാസിയുടെ ജീവിതചര്യ എന്തായിരിക്കണമെന്ന് വ്യക്തമാക്കുന്ന നാല് വസ്തുതകളാണ് മുകളില്‍ ഉദ്ധരിച്ചത്. (1) ക്രിസ്തുവില്‍ വിശ്വസിക്കുക (ഫെയ്ത്ത്) : ക്രൈസ്തവ വിശ്വാസ ജീവിതത്തിന്റെ അടിത്തറയാണിത്. യേശുക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസമാണ് നമ്മെ മുന്നോട്ട് നയിക്കേണ്ടത്.(2) ക്രിസ്തുവിനോടൊപ്പം ജീവിക്കുക (ഫെലോഷിപ്പ്): ദിവസേനയുള്ള നമ്മുടെ പ്രാര്‍ഥനയിലൂടെയും വചന പാരായണത്തിലൂടെയും സദ് പ്രവര്‍ത്തികളിലൂടെയും യേശുവിനെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണം.(3) മറ്റുള്ളവരില്‍ ക്രിസ്തുവിനെ ദര്‍ശിക്കുക (എംപതി): ആത്മീയ ജീവിതത്തിന്റെ ഉദാത്തമായ തലമാണിത്. ജാതിമത സമ്പന്ന ദരിദ്ര വിവേചനമില്ലാതെ സകല മനുഷ്യരെയും പ്രത്യേകിച്ച് പാവപ്പെട്ടവരിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരിലും ദൈവത്തിന്റെ മുഖം കാണാന്‍ കഴിയുക എന്നതിലാണ് യഥാര്‍ത്ഥ ക്രിസ്തീയ സ്നേഹം കുടികൊള്ളുന്നത്. ‘എന്റെ ഈ ചെറിയ സഹോദരന്മാരില് ഒരുവന് നിങ്ങള്‍ ഇത് ചെയ്തപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്തത്’ (മത്താ:25:40).(4) ക്രിസ്തുവിന്റെ സ്നേഹം ലോകത്തിന് നല്‍കുക (മിഷന്): വാക്കുകളേക്കാള്‍ കൂടുതല്‍ പ്രവൃത്തികളിലൂടെ ക്രിസ്തുവിന്റെ കരുണയും ക്ഷമയും ലോകത്തിന് കാണിച്ചുകൊടുക്കുകയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും വക്തക്കളായി നാം ജീവിക്കുകയും വേണം. ലെയോ പാപ്പായുടെ വാക്കുകളില്‍ പറഞ്ഞാല്‍ ‘ക്രിസ്തുവിനെ നോക്കിക്കൊണ്ട് ജീവിക്കുന്ന വിശ്വാസം നമ്മുടെ വ്യക്തി ജീവിതത്തെയും സമൂഹ ജീവിതത്തെയും രൂപാന്തരപ്പെടുത്താനാകണം.’ വിശുദ്ധ പൗലോസിന്റെ വാക്കുകള്‍ നമ്മുടെ ജീവിതത്തിന്റെ പ്രാര്ഥനയാക്കി മാറ്റാം’ ഇനി ഞാനല്ല ജീവിക്കുന്നത് ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്.’ (ഗലാ:20:20).റഫറന്‍സ്1. വിശുദ്ധ ഗ്രന്ഥം പിഒസി (മലയാളം)2. സാര്‍വ്വത്രിക സഭയുടെ മതബോധന ഗ്രന്ഥം3. St. Augustine, Confessions.4. St. Augustine, De Trinitate. (വിശുദ്ധ അഗസ്റ്റിന് ത്രിത്വത്തെ സംബന്ധിച്ച്)5. St. Irenesu, Agaistn Herasise6. St. Ignatisu of Antioch, Letters.7. St. John Chryoosstm, Homilise8. St. Thomsa Aquinsa, Summa theologiae9. Pope Beneditc XVI, Desu Caritsa stE. (ദൈവം സ്നേഹമാകുന്നു)10. Pope Francsi, Evangeli Gandium. (സുവിശേഷത്തിന്റെ സന്തോഷം)11. Pope John Paul II, Emiliarsi Conorstio. (കുടുംബത്തിലെ കൂട്ടായ്മ)12. Pope Leo XIV Apoostlic Adressse and homilise 2025 – 2026

