അബൂജ: നൈജീരിയയിൽ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളും നിർബന്ധിത കുടിയൊഴിപ്പിക്കലും ഗുരുതരമായി തുടരുന്നതായി യുഎസ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഇക്വിപ്പിംഗ് ദി പെർസിക്യൂട്ടഡ് (ETP).
2026 ജനുവരി ഒന്നുമുതൽ സെപ്റ്റംബർ എട്ടുവരെയുള്ള കാലയളവിൽ രാജ്യത്ത് കുറഞ്ഞത് 4216 ക്രൈസ്തവർ കൊല്ലപ്പെട്ടതായി സംഘടന പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.‘ക്രൈസിസ് ഇൻ ദ മിഡിൽ ബെൽറ്റ്: റിലിജിയസ് പെർസിക്യൂഷൻ & സെക്യൂരിറ്റി ഫെയിലിയർ ഇൻ നൈജീരിയ’ എന്ന പേരിൽ പ്രസിദ്ധീകരിച്ച 16 പേജുള്ള റിപ്പോർട്ടിലാണ് കണക്കുകൾ പുറത്തുവിട്ടത്. ശരാശരി പ്രതിദിനം 17 ക്രൈസ്തവർ വീതം കൊല്ലപ്പെടുന്നുവെന്നും ഏകദേശം ഒന്നര മണിക്കൂറിൽ ഒരാൾ എന്ന തോതിലാണ് കൊലപാതകങ്ങൾ നടക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ദൃക്സാക്ഷികളുടെയും ആക്രമണങ്ങളെ അതിജീവിച്ചവരുടെയും മൊഴികൾക്കൊപ്പം മെഡിക്കൽ രേഖകൾ, മൃതസംസ്കാര രേഖകൾ, ക്രൈസ്തവ ആരാധനാലയങ്ങളിൽനിന്നുള്ള വിവരങ്ങൾ എന്നിവ പരിശോധിച്ചാണ് കണക്കുകൾ തയ്യാറാക്കിയതെന്ന് ETP വ്യക്തമാക്കി. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്താനായ ഏറ്റവും കുറഞ്ഞ കണക്കുകളാണ് ഇവയെന്നും സംഘടന പറയുന്നു.തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന് മധ്യ നൈജീരിയയിലെ 600-ലധികം ക്രൈസ്തവ സമൂഹങ്ങൾ തകർന്നതായും അഞ്ച് ദശലക്ഷത്തിലധികം ക്രൈസ്തവർ വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നതായും റിപ്പോർട്ട് പറയുന്നു. ഗ്രാമങ്ങളിലെ ആക്രമണം, വീടുകൾക്കും സ്ഥാപനങ്ങൾക്കും തീവയ്ക്കൽ, തട്ടിക്കൊണ്ടുപോകൽ, തുടർച്ചയായ കുടിയൊഴിപ്പിക്കൽ എന്നിവയാണ് പ്രധാനമായും റിപ്പോർട്ട് ചെയ്യപ്പെട്ട അക്രമരീതികൾ.
സെപ്റ്റംബറിൽ ഒരാഴ്ചയ്ക്കിടെ മാത്രം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 35 ക്രൈസ്തവർ കൊല്ലപ്പെടുകയും 70-ലധികം പേർ തട്ടിക്കൊണ്ടുപോകപ്പെടുകയും ചെയ്തതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ക്രൈസ്തവ ജനവിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നൈജീരിയൻ ഭരണകൂടം നേരിടുന്ന ഗുരുതരമായ പരാജയ ങ്ങളിലേക്കാണ് റിപ്പോർട്ട് വിരൽചൂണ്ടുന്നത്.

