ഗാസ: ഗാസയിലെ ഹോളി ഫാമിലി ഇടവകയിൽപ്പെട്ട അമ്മയും മകളും ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനല്ലിക്ക് ലെയോ പതിനാലാമൻ പാപ്പ വാട്സ്ആപ്പിലൂടെ സന്ദേശമയച്ചു.
ഒക്ടോബർ 3ന് പുലർച്ചെ ഗാസയിലെ ജനവാസ മേഖലയിലെ കെട്ടിടത്തിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ അഞ്ച് സാധാരണക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ ഗാസയിലെ ക്രൈസ്തവ സമൂഹത്തിൽപ്പെട്ട മൈസ ഖാദർ ഇബ്രാഹിം അബു ദാവൂദും മകൾ മേരി ഹാഫെസ് മിഷേൽ നജ്ജാറും ഉൾപ്പെടുന്നു.വിയോഗവാർത്ത അറിഞ്ഞതുമുതൽ മൈസയ്ക്കും മേരിക്കും അവരുടെ കുടുംബങ്ങൾക്കും ഗാസയിലെ മുഴുവൻ സമൂഹത്തിനുമായി പ്രാർത്ഥിക്കുകയാണെന്ന് പാപ്പ സന്ദേശത്തിൽ അറിയിച്ചു. “കർത്താവേ, എത്രനാൾ ഇനി?” എന്ന് ദുഃഖവും വേദനയും പങ്കുവച്ച പാപ്പാ, സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന ഇടവകയിലെ ജനങ്ങൾക്കും ഗാസയിലെ അനേകർക്കും ദൈവത്തിന്റെ സഹായം ലഭിക്കട്ടെയെന്നും പ്രാർത്ഥിച്ചു.പാപ്പായുടെ സന്ദേശവും പ്രാർത്ഥനയും വലിയ ആശ്വാസം പകർന്നതായി ഫാ. ഗബ്രിയേൽ റൊമാനല്ലി വത്തിക്കാൻ മാധ്യമത്തോട് പറഞ്ഞു. ആക്രമണങ്ങൾക്കിടയിലും സമാധാനത്തിനായി കാത്തിരിക്കുന്ന ഗാസയിലെ ജനങ്ങൾക്ക് പാപ്പായുടെ ആത്മീയ പിന്തുണ പ്രതീക്ഷയുടെ അടയാളമായി മാറുകയാണ്.

