വത്തിക്കാൻ സിറ്റി : “ആരോഗ്യം പ്രോത്സാഹിപ്പിക്കുക, സമാധാനം പ്രോത്സാഹിപ്പിക്കുക: ദുർബലരായ കുട്ടികളുടെ സംരക്ഷണത്തിനായുള്ള പങ്കുവയ്ക്കപ്പെട്ട പ്രതിബദ്ധത” എന്ന പ്രമേയത്തിൽ വത്തിക്കാനിലെ മതസൗഹാർദ്ദ സംവാദത്തിനായുള്ള ഡിക്കസ്റ്ററിയും കസാഖ്സ്ഥാനിലെ ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റർഫെയ്ത്ത് ആൻഡ് ഇന്റർറിലീജിയസ് ഡയലോഗും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് സമ്മേളനം കസാഖ്സ്ഥാൻ തലസ്ഥാനമായ അസ്താനയിൽ ആരംഭിച്ചു.
സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിക്കസ്റ്ററി പ്രീഫെക്ട് കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട് പ്രാരംഭ സന്ദേശം നൽകി.രോഗികളും നിർധനരുമായ കുട്ടികളെ സംരക്ഷിക്കുന്നത് കേവലം കാരുണ്യ പ്രവർത്തനം മാത്രമല്ലെന്നും മനുഷ്യന്റെ ആത്മാഭിമാനം സംരക്ഷിച്ചുകൊണ്ട് ലോകസമാധാനം കെട്ടിപ്പടുക്കുന്നതിനുള്ള പ്രായോഗിക ചുവടുവെപ്പാണെന്നും കർദിനാൾ കൂവക്കാട് പറഞ്ഞു.
വ്യത്യസ്ത മത-സാംസ്കാരിക പശ്ചാത്തലങ്ങൾക്കതീതമായി ദുർബലരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ചേർത്തുപിടിക്കുക എന്നത് എല്ലാ മതപാരമ്പര്യങ്ങളുടെയും ഉത്തരവാദിത്വമാണ്. മതങ്ങൾ തമ്മിലുള്ള സംവാദം കേവലം സിദ്ധാന്തങ്ങളിലും വാക്കുകളിലും ഒതുങ്ങാതെ പ്രായോഗിക ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് വളരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.ദുർബലരായ കുട്ടികളുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനും മതസമൂഹങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള മാർഗങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യുന്നു.

