കണ്ണൂർ: വയോജനങ്ങൾ കുടുംബത്തിനും സമൂഹത്തിനും വിലമതിക്കാനാവാത്ത അനുഭവസമ്പത്തും പാരമ്പര്യത്തിന്റെ കാവൽക്കാരുമാണെന്ന് കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കുംതല.
ലോക വയോജന ദിനത്തോടനുബന്ധിച്ച് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) കണ്ണൂർ രൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തിനും സമൂഹത്തിനും വേണ്ടി ജീവിതത്തിന്റെ നല്ല വർഷങ്ങൾ സമർപ്പിച്ച വയോജനങ്ങളുടെ ജീവിതാനുഭവങ്ങളും മൂല്യബോധവും പുതുതലമുറയ്ക്ക് വലിയ വഴികാട്ടിയാണ്. വയോജനങ്ങളെ സംരക്ഷിക്കുകയും ആദരിക്കുകയും അവരുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമം ഉറപ്പാക്കുകയും ചെയ്യേണ്ടത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഒരുപോലെ ഉത്തരവാദിത്വമാണ്. വയോജനങ്ങളുടെ കരുതലിനും ക്ഷേമത്തിനുമായി കേരള സർക്കാർ പ്രത്യേക വകുപ്പ് ആരംഭിച്ചത് അഭിനന്ദനാർഹമാണ്. പ്രായം കൂടുന്നതിനനുസരിച്ച് ഒരാളുടെ പ്രസക്തി കുറയുകയല്ല, മറിച്ച് ജീവിതാനുഭവങ്ങളുടെ ആഴം വർധിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

വയോജനങ്ങളെ കരുതുന്നത് നമ്മുടെ ഭൂതകാലത്തെ ആദരിക്കുകയും ഭാവിയെ സുരക്ഷിതമാക്കുകയും ചെയ്യുന്നതിന് തുല്യമാണെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി പറഞ്ഞു. ഒറ്റപ്പെടലും അവഗണനയും അനുഭവിക്കേണ്ടിവരാത്ത ഒരു സമൂഹത്തെ വാർത്തെടുക്കണം. കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തിയും തലമുറകൾ തമ്മിലുള്ള സ്നേഹവും ആശയവിനിമയവും വർധിപ്പിച്ചും വയോജനങ്ങൾക്ക് സുരക്ഷിതവും സന്തോഷകരവുമായ ജീവിതാന്തരീക്ഷം ഒരുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.വയോജനങ്ങളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനും അവരുടെ അനുഭവങ്ങളും കഴിവുകളും സമൂഹനന്മയ്ക്കായി പ്രയോജനപ്പെടുത്തുന്നതിനും കെഎൽസിഎ കണ്ണൂർ രൂപത പ്രതിജ്ഞാബദ്ധമാണെന്ന് മോൺ. ഡോ. ജോയ് പൈനാടത്ത് പറഞ്ഞു.

തുടർന്ന് പരിപാടിയിൽ പങ്കെടുത്ത വയോജനങ്ങളെ ബിഷപ്പ് പൊന്നാടയണിയിച്ച് ആദരിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. സ്നേഹവിരുന്നും സംഘടിപ്പിച്ചു. കെഎൽസിഎ കണ്ണൂർ രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. ആൻസിൽ പീറ്റർ, കെഎൽസിഎ സംസ്ഥാന ട്രഷറർ രതീഷ് ആന്റണി, രൂപത ജനറൽ സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ്, സിസ്റ്റർ പ്രിൻസി, കെ. എച്ച്. ജോൺ, സുരേഷ് ബാബു, പ്രീത സ്റ്റാൻലി, ബാബു ഡിക്രൂസ്, ലെസ്ലി ഫെർണാണ്ടസ്, ചാൾസ് ഗിൽബർട്ട് എന്നിവർ പ്രസംഗിച്ചു.

