കൊച്ചി: 37-ാമത് കെസിബിസി അഖില കേരള പ്രൊഫഷണൽ നാടക മേളയിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം മലയാള നാടകവേദിയുടെ ‘ഒരു സുന്ദര ദിവസം’ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം സംസ്കൃതിയുടെ ‘ഭൂട്ടാനി’ രണ്ടാമത്തെ മികച്ച നാടകത്തിനുള്ള പുരസ്കാരം നേടി.‘ഒരു സുന്ദര ദിവസം’ എന്ന നാടകത്തിലൂടെ ശ്രീകുമാർ മാരാത്ത് മികച്ച രചനയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി.
‘ഇപ്പോൾ അല്ലെങ്കിൽ എപ്പോൾ’ എന്ന നാടകത്തിന്റെ സംവിധാനത്തിന് കാളിദാസ കലാകേന്ദ്രത്തിലെ സന്ധ്യാ രാജേന്ദ്രൻ മികച്ച സംവിധായികയായി തിരഞ്ഞെടുക്കപ്പെട്ടു. ‘ഭൂട്ടാനി’യിലെ അഭിനയത്തിന് തിരുവനന്തപുരം സംസ്കൃതിയുടെ ആർ. എസ്. അയ്യർ മികച്ച നടനായും ഇന്ദുശ്രീ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ‘ഇപ്പോൾ അല്ലെങ്കിൽ എപ്പോൾ’ എന്ന നാടകത്തിലെ അഭിനയത്തിന് കാളിദാസ കലാകേന്ദ്രത്തിലെ വിനോദ് കുണ്ടുകാടിന് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. കോഴിക്കോട് സങ്കീർത്തനയുടെ ‘ശ്വാസം’ നാടകത്തിനും ജൂറിയുടെ പ്രത്യേക പരാമർശമുണ്ട്.പിഒസിയിൽ നടന്ന നാടകമേളയുടെ സമാപന സമ്മേളനം ഫിഷറീസ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. കെസിബിസി മീഡിയ കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു. ‘ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസ്’ സിനിമയുടെ സംവിധായകൻ ഡോ. ഷെയ്സൺ പി. ഔസേപ്പ് മുഖ്യാതിഥിയായിരുന്നു.പിഒസി ഡയറക്ടർ ഫാ. തോമസ് തറയിൽ, ടി. ജെ. വിനോദ് എംഎൽഎ, കെസിബിസി മീഡിയ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ എന്നിവർ പ്രസംഗിച്ചു. ജൂറി അംഗം ഡോ. ചന്ദ്രദാസ് നാടകങ്ങളുടെ അവതരണവും നിലവാരവും വിലയിരുത്തി സംസാരിച്ചു. സമാപനച്ചടങ്ങിനു ശേഷം സെന്റ് ജോസഫ്സ് കമ്യൂണിക്കേഷൻസിന്റെ ‘നീതിയുടെ കാവൽക്കാരൻ’ എന്ന പ്രദർശന നാടകം അരങ്ങേറി.

