ലൂർദ്ദ്: പാരമ്പര്യത്തിലും സഭയുടെ ഉദ്ബോധനങ്ങളിലും അടിസ്ഥാനമിട്ട വിശ്വാസജീവിതം തുടരാൻ ഫ്രാൻസിലെ സഭയെ ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ.
സെപ്റ്റംബർ 27 ഞായറാഴ്ച രാവിലെ ലൂർദ്ദിൽ ഫ്രാൻസിലെ മെത്രാൻസമിതിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ആഹ്വാനം നടത്തിയത്. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട ലൂർദ്ദിൽ രാജ്യത്തെ മെത്രാൻമാരോടൊപ്പം കൂടിക്കാഴ്ച നടത്താൻ സാധിച്ചതിലുള്ള സന്തോഷം പാപ്പ പ്രകടിപ്പിച്ചു. ഫ്രാൻസിലെ സഭയെ പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണത്തിന് സമർപ്പിക്കാനുള്ള മെത്രാൻസമിതിയുടെ ആഗ്രഹവും പാപ്പാ പരാമർശിച്ചു. ക്രിസ്തുവിലേക്കെത്താൻ മറിയത്തിലൂടെയുള്ളതിനേക്കാൾ മികച്ച മാർഗമില്ലെന്നും, പരിശുദ്ധ അമ്മ എപ്പോഴും തന്റെ പുത്രനായ യേശുക്രിസ്തുവിലേക്കാണ് വിശ്വാസികളെ നയിക്കുന്നതെന്നും പാപ്പ ഓർമ്മിപ്പിച്ചു. ഫ്രാൻസും പരിശുദ്ധ അമ്മയും തമ്മിലുള്ള ആഴമേറിയ ആത്മീയബന്ധവും പാപ്പ അനുസ്മരിച്ചു. ഫ്രാൻസിനെ “മറിയത്തിന്റെ രാജ്യം” എന്ന് വിശേഷിപ്പിച്ച പതിനൊന്നാം പിയൂസ് പാപ്പയുടെ വാക്കുകളും അദ്ദേഹം പരാമർശിച്ചു. ഫ്രാൻസിന്റെ സമ്പന്നമായ ചരിത്രത്തിൽ ക്രൈസ്തവസഭയും വിശ്വാസപാരമ്പര്യവും നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ലെയോ പതിനാലാമൻ പാപ്പ ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ സംസ്കാരം, വ്യക്തിത്വം, കല, സാഹിത്യം തുടങ്ങിയ മേഖലകളുടെ വളർച്ചയിലും ക്രൈസ്തവ വിശ്വാസ പാരമ്പര്യത്തിന്റെ സ്വാധീനം ശക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ പാരമ്പര്യത്തിൽനിന്ന് ശക്തിയാർജിച്ച് വിശ്വാസജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഫ്രാൻസിലെ സഭയ്ക്ക് പാപ്പ ആഹ്വാനം നൽകി.

