പാരീസ്: സെപ്റ്റംബർ 25 മുതൽ 28 വരെ നാല് ദിവസത്തെ അപ്പസ്തോലിക സന്ദർശനത്തിനായി ലെയോ പതിനാലാമൻ പാപ്പാ ഫ്രാൻസിലേക്കും യുനെസ്കോയിലേക്കും യാത്രതിരിക്കും. പാരീസ്, ലൂർദ്ദ്, മെറ്റ്സ് എന്നീ നഗരങ്ങളാണ് പാപ്പാ സന്ദർശിക്കുക.
‘ലോകത്തിന് ജീവൻ ഉണ്ടാകേണ്ടതിന്’ എന്നതാണ് സന്ദർശനത്തിന്റെ പ്രമേയം.ഫ്രഞ്ച് മെത്രാൻ സമിതി, ഫ്രഞ്ച് ഭരണകൂടം, യുനെസ്കോ എന്നിവരുടെ ക്ഷണം സ്വീകരിച്ചാണ് പാപ്പായുടെ സന്ദർശനം. അപ്പസ്തോലിക പര്യടനത്തിനിടെ വിവിധ പരിപാടികളിലായി ദശലക്ഷക്കണക്കിന് ആളുകളുമായി പാപ്പാ സംവദിക്കും. കത്തോലിക്കാ വിശ്വാസികൾക്കിടയിൽ മാത്രമല്ല, പൊതുസമൂഹത്തിലും പാപ്പായുടെ സന്ദർശനത്തിന് വലിയ പ്രതീക്ഷയും ആവേശവുമാണ് ഉയർന്നിരിക്കുന്നത്.
സന്ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഫ്രാൻസിലെ വത്തിക്കാൻ സ്ഥാനപതി ആർച്ചുബിഷപ്പ് ചെലസ്തീനോ മില്യോരെ അറിയിച്ചു.ലെയോ പതിനാലാമൻ പാപ്പായുടെ അഞ്ചാമത്തെ വിദേശ അപ്പസ്തോലിക പര്യടനമാണിത്. സ്ഥാനമേറ്റെടുത്ത് ഒന്നര വർഷത്തിനുള്ളിൽ യൂറോപ്പിലേക്ക് നടത്തുന്ന മൂന്നാമത്തെ സന്ദർശനമെന്ന പ്രത്യേകതയും ഈ യാത്രയ്ക്കുണ്ട്. മാർച്ചിൽ മൊണാക്കോയിലും ജൂണിൽ സ്പെയിനിലും പാപ്പാ സന്ദർശനം നടത്തിയിരുന്നു.
