കൊച്ചി: കൊച്ചിയിലെ മാധ്യമപ്രവർത്തനമേഖലയിൽ നന്മയുടെ മനുഷ്യത്വത്തിന്റെയും അടയാളപ്പെടുത്തലായിരുന്നു അന്തരിച്ച ജിജോ ജോൺ പുത്തേഴത്തെന്ന് ഹൈബി ഈഡൻ എംപി. സത്യത്തിന്റെ മാർഗത്തിലൂടെ വാർത്തകൾക്കു വേണ്ടി ഗവേഷണസ്വഭാവത്തോടെ കഠിനമായി അധ്വാനിക്കുകയും സമഗ്രതയോടെ അവയെ ആവിഷ്കരിക്കുകയും ചെയ്തതിലൂടെ പത്രലോകത്ത് അദ്ദേഹം മാതൃകയാണെന്നും എംപി പറഞ്ഞു.
എറണാകുളം പ്രസ് ക്ലബിൽ ജിജോ ജോൺ പുത്തേഴത്ത് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാർത്തകളുടെ സമഗ്രതയ്ക്കായി ഇടപെടുന്ന വിഷയങ്ങളെക്കുറിച്ചു പൂർണമായ അറിവുകൾ ആർജിക്കാൻ ജിജോ ജോൺ ശ്രദ്ധിച്ചു. പൊതുസമൂഹത്തിന്റെയും സവിശേഷമായി ജനിച്ചു വളർന്ന നാടിന്റെയും വളർച്ചയ്ക്കായി അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. അദ്ദേഹത്തിനെതിരെ ഉയരുന്ന സൈബർ ആക്രമണങ്ങൾ നിയമപരമായും സംഘടിതമായും പ്രതിരോധിക്കപ്പെടേണ്ടതാണ്. മാധ്യമലോകത്തു മികവിന്റെയും നന്മയുടെയും മുദ്രകൾ പതിപ്പിച്ച ജിജോ ജോൺ പുത്തേഴത്തിന്റെ സ്മരണ എക്കാലവും നിലനിർത്തപ്പെടേണ്ടതുണ്ടെന്നും ഹൈബി ഈഡൻ പറഞ്ഞു. മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ് ജിജോ ജോണിനെ അനുസ്മരിച്ച് മുഖ്യപ്രഭാഷണം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് ആർ. ഗോപകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. ഷജിൽകുമാർ, സി.ജി. രാജഗോപാൽ, ചന്ദ്രഹാസൻ വടുതല, സിഐസിസി ജയചന്ദ്രൻ, എം.എൻ. ഗിരി, മാധ്യമപ്രവർത്തകരായ പി.കിഷോർ, സിജോ പൈനാടത്ത്, എം.ആർ. ഹരികുമാർ, പിങ്കി ബേബി, ശ്രീരാജ് ഓണക്കൂർ , അഷ്റഫ് തൈവളപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.

