കൊച്ചി: ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിലേക്കുള്ള 23-ാമത് മരിയൻ തീർത്ഥാടനം സെപ്റ്റംബർ 13 ഞായറാഴ്ച നടക്കും.
എറണാകുളം നഗരത്തിൽനിന്നുള്ള തീർത്ഥാടനത്തിന്റെ ഉദ്ഘാടനം വൈകീട്ട് മൂന്നിന് എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ അങ്കണത്തിൽ വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിക്കും. വല്ലാർപാടം തിരുനാളിനായി ഉയർത്താനുള്ള പതാക അതിരൂപതയിലെ വിവിധ അല്മായ നേതാക്കൾ ആർച്ച് ബിഷപ്പിൽനിന്ന് ഏറ്റുവാങ്ങും. തുടർന്ന് ജപമാലയേന്തി വിശ്വാസികൾ വല്ലാർപാടത്തേക്ക് തീർത്ഥാടനം നടത്തും.വൈകീട്ട് 3.30ന് വൈപ്പിൻ ഗോശ്രീ ജംഗ്ഷനിൽ വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ. ആന്റണി വാലുങ്കൽ ദീപശിഖ യുവജന സംഘടനാ പ്രതിനിധികൾക്ക് കൈമാറുന്നതോടെ പടിഞ്ഞാറൻ മേഖലയിൽനിന്നുള്ള തീർത്ഥാടനത്തിനും തുടക്കമാകും.ഗോശ്രീ പാലങ്ങളിലൂടെ വല്ലാർപാടത്തിന്റെ ഇരുവശങ്ങളിൽനിന്നും എത്തുന്ന വിവിധ മതവിഭാഗങ്ങളിൽപ്പെട്ട തീർത്ഥാടകരെ വല്ലാർപാടം ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മണിക്കോടത്തും ഇടവകാംഗങ്ങളും ചേർന്ന് ബസിലിക്ക അങ്കണത്തിലെ മംഗള കവാടത്തിൽ സ്വീകരിക്കും.
വരാപ്പുഴ അതിരൂപത പ്രഖ്യാപനത്തിന്റെ ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 140 വർഷത്തെ അനുസ്മരിച്ച് 140 ബഹുവർണ ബലൂണുകൾ ആകാശത്തേക്ക് പറത്തും.വൈകീട്ട് 4.30ന് ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി നടക്കും. അതിരൂപതയിലെ വൈദികരും സന്യസ്തരും ദിവ്യബലിയിൽ പങ്കെടുക്കും. വിജയപുരം സഹായമെത്രാൻ ബിഷപ് ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ വചനസന്ദേശം നൽകും. വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ. ആന്റണി വാലുങ്കൽ മുഖ്യസഹകാർമികനായിരിക്കും. ദിവ്യബലിക്കുശേഷം തീർത്ഥാടകരായി വല്ലാർപാടത്ത് എത്തുന്ന വിശ്വാസികളെ വല്ലാർപാടത്തമ്മയ്ക്ക് അടിമസമർപ്പിക്കും.തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനർ ഫാ. മാർട്ടിൻ തൈപ്പറമ്പിലും റെക്ടർ ഫാ. ജെറോം ചമ്മണിക്കോടത്തും അറിയിച്ചു. തീർത്ഥാടകർക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസുകൾ ഉണ്ടായിരിക്കും.

