വത്തിക്കാൻ സിറ്റി : മനുഷ്യവ്യക്തിയുടെ മഹത്വമാണ് ഇന്ന് സമൂഹം വിലമതിക്കുന്ന എല്ലാ അടിസ്ഥാന മൂല്യങ്ങളുടെയും അടിത്തറയും അവയുടെ നിലനിൽപ്പിനുള്ള വ്യവസ്ഥയുമെന്ന് ലെയോ പതിനാലാമൻ പാപ്പ. മനുഷ്യവ്യക്തിയുടെ മഹത്വവും അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഓർമിപ്പിച്ചുകൊണ്ടാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഗൗദിയും എത് സ്പെസ് എന്ന പ്രമാണരേഖയെ പരാമർശിച്ച പാപ്പ, മനുഷ്യവ്യക്തിയുടെ മഹത്വത്തിനാണ് രേഖയുടെ ആദ്യ അധ്യായം പ്രത്യേക പ്രാധാന്യം നൽകുന്നതെന്ന് ചൂണ്ടിക്കാട്ടി. മനുഷ്യന്റെ മഹത്വവും അവകാശങ്ങളും സംബന്ധിച്ച അവബോധം വളർത്തുന്നതിൽ ഈ പ്രമാണരേഖ നിർണായകമായ സംഭാവന നൽകിയെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, മനുഷ്യാവകാശങ്ങളും മൂല്യങ്ങളും അവയുടെ ദൈവിക ഉറവിടവുമായുള്ള ബന്ധം നഷ്ടപ്പെടുത്തരുതെന്ന് പാപ്പാ മുന്നറിയിപ്പ് നൽകി. ദൈവിക അടിത്തറയിൽനിന്ന് വേർപെടുത്തപ്പെടുന്ന മൂല്യങ്ങൾ മനുഷ്യഹൃദയത്തിന്റെ ദുഷീകരണം മൂലമുണ്ടാകാവുന്ന വളച്ചൊടിക്കലുകൾക്ക് വിധേയമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.മനുഷ്യവ്യക്തിയുടെ മഹത്വത്തിന്റെ അടിസ്ഥാന സവിശേഷതകളും അവകാശങ്ങളും തിരിച്ചറിയുന്നതിനായി മനുഷ്യരാശി നടത്തിയ മുന്നേറ്റം ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായങ്ങളിലൊന്നാണെന്ന് പാപ്പാ പറഞ്ഞു. എന്നാൽ ഈ യാത്ര ഇനിയും പൂർത്തിയായിട്ടില്ല. മനുഷ്യവ്യക്തിയുടെ മഹത്വം പൂർണമായി സാക്ഷാത്കരിക്കുന്നതിന് തടസ്സമാകുന്ന പഴയതും പുതിയതുമായ വൈരുധ്യങ്ങളെ സമൂഹം ഇനിയും നേരിടേണ്ടതുണ്ടെന്നും പാപ്പാ ഓർമിപ്പിച്ചു.

