വത്തിക്കാൻ: മനുഷ്യവ്യക്തിയുടെ മഹത്വവും അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടത് മനുഷ്യസമൂഹത്തിന്റെ പ്രധാന ഉത്തരവാദിത്വമാണെന്ന് പാപ്പ. മനുഷ്യന്റെ അന്തസ്സിനെക്കുറിച്ചുള്ള ബോധം വളർത്തുന്നതിൽ മനുഷ്യരാശി വലിയ മുന്നേറ്റങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും, ഈ യാത്ര ഇനിയും പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.മനുഷ്യവ്യക്തിയുടെ അടിസ്ഥാന മഹത്വവും അവകാശങ്ങളും തിരിച്ചറിയുന്നതിനായി നൂറ്റാണ്ടുകളായി നടന്ന ശ്രമങ്ങൾ മനുഷ്യചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി. എന്നാൽ, മനുഷ്യന്റെ അന്തസിന്റെ പൂർണമായ അംഗീകാരത്തിനും സംരക്ഷണത്തിനും തടസ്സമായി നിലനിൽക്കുന്ന പഴയതും പുതിയതുമായ നിരവധി വൈരുധ്യങ്ങൾ ഇന്നും സമൂഹം നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.മനുഷ്യന്റെ മഹത്വം പുറത്തുനിന്ന് ലഭിക്കുന്ന ഒന്നല്ലെന്നും വ്യക്തിയുടെ അസ്തിത്വത്തിൽ തന്നെയാണ് അതിന്റെ അടിസ്ഥാനം നിലകൊള്ളുന്നതെന്നും പാപ്പ ഓർമിപ്പിച്ചു.
മനുഷ്യവ്യക്തിയുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുന്നതിൽ സഭയുടെ സംഭാവന ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വ്യക്തമായി മനസ്സിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.അടുത്തിടെ പ്രസിദ്ധീകരിച്ച മഞ്ഞീഫിക്ക ഉമാനിത്താസ് എന്ന ചാക്രികലേഖനത്തിലും മനുഷ്യന്റെ മഹത്വത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാട് താൻ വിശദീകരിച്ചിട്ടുണ്ടെന്ന് പാപ്പ പറഞ്ഞു. ഓരോ മനുഷ്യവ്യക്തിയും ദൈവത്താൽ ചിന്തിക്കപ്പെടുകയും ആഗ്രഹിക്കപ്പെടുകയും ചെയ്തവരാണെന്നും ദൈവത്തോടും സഹമനുഷ്യരോടും സൃഷ്ടിയോടുമുള്ള കൂട്ടായ്മയുടെ ചരിത്രത്തിലേക്ക് പ്രവേശിക്കാനാണ് മനുഷ്യൻ വിളിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

