കൊൽക്കത്ത: പാവങ്ങളുടെ അമ്മയായ വിശുദ്ധ മദർ തെരേസയുടെ ജീവിതവും സേവനപ്രവർത്തനങ്ങളും ആസ്പദമാക്കിയുള്ള ‘മദർ തെരേസ – കാരുണ്യത്തിന്റെ പ്രവാചിക’ എന്ന ഡോക്യുമെന്ററി കൊൽക്കത്തയിൽ പ്രദർശിപ്പിച്ചു.
മദർ തെരേസയുടെ തിരുനാൾ ദിനമായ സെപ്റ്റംബർ അഞ്ചിന് പാർക്ക് സ്ട്രീറ്റിലെ സെന്റ് സേവ്യേഴ്സ് കോളേജ് ഓഡിറ്റോറിയത്തിലായിരുന്നു പ്രദർശനം. കൊൽക്കത്ത അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ആർച്ച് ബിഷപ്പ് ഏലിയാസ് ഫ്രാങ്ക് ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു. മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനിമാരും സന്യാസാർത്ഥിനികളും ഉൾപ്പെടെ ഇരുന്നൂറിലധികം പേരാണ് ഡോക്യുമെന്ററി കാണാനെത്തിയത്.
മദർ തെരേസയുടെ ജീവിതത്തിൽനിന്നും കാരുണ്യത്തിന്റെയും സേവനത്തിന്റെയും സന്ദേശം ഉൾക്കൊള്ളാൻ ഡോക്യുമെന്ററി പ്രേക്ഷകർക്ക് പ്രചോദനമാകുമെന്ന് ആർച്ച് ബിഷപ്പ് ഏലിയാസ് ഫ്രാങ്ക് പറഞ്ഞു.66 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ആന്റോ അക്കരയാണ് നിർമിച്ചത്. ഇൻഡോർ ആസ്ഥാനമായുള്ള കത്തോലിക്കാ ചാനലായ ആത്മദർശൻ ടിവിയുടെ സഹകരണത്തോടെയാണ് നിർമാണം. മദർ തെരേസയുടെ ജീവിതയാത്രയും മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ വളർച്ചയും മാത്രമല്ല, ഗാസ, യുക്രൈൻ, യെമൻ തുടങ്ങിയ സംഘർഷബാധിത മേഖലകളിൽ മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനിമാർ തുടരുന്ന സേവനപ്രവർത്തനങ്ങളും ഡോക്യുമെന്ററിയിൽ അവതരിപ്പിക്കുന്നുണ്ട്.
