‘പള്ളിക്കൊപ്പം പള്ളിക്കൂടം’ കല്പനയിലൂടെ കേരളക്കരയില്‍ വിദ്യാഭ്യാസ വിപ്ലവത്തിന് തിരികൊളുത്തിയ ആര്‍ച്ച്ബിഷപ് ബെര്ണര്ദീന് ബച്ചിനെല്ലിയുടെ 158-ാം ചരമവാര്‍ഷികമാണ് സെപ്റ്റംബര്‍ 5ന്. വരാപ്പുഴ അപ്പസ്തോലിക വികാരിയാത്ത് അഡ്മിനിസ്ട്രേറ്റര്‍ ആയിരിക്കെ 1856-ല്‍ ബച്ചിനെല്ലി പിതാവ് വാക്കാല്‍ നല്കിയ കല്പനയുടെയും 1857 മാര്‍ച്ചില്‍ രേഖാമൂലം നല്കിയ കല്പനയുടെയും ഒറിജിനല്‍ വരാപ്പുഴ അതിരൂപതയിലെ പ്രമാണശേഖരത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.
1861 ജൂണ്‍ 8-ാം തീയതിയാണ് ചാവറ കുര്യാക്കോസച്ചനെ വരാപ്പുഴ വികാരിയത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ക്കായുള്ള വികാരി ജനറലായി ബച്ചിനെല്ലി പിതാവ് നിയമിക്കുന്നത്. ‘പള്ളിക്കൊരു പള്ളിക്കൂടം’ കല്പന ഇറക്കിയത് ചാവറ കുര്യാക്കോസ് ആണെന്ന വ്യാജ ചരിത്രനിര്‍മിതി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടി, സിഎംഐ സഭയിലെ പ്രമുഖ ചരിത്രകാരന്മാര് തന്നെ വസ്തുനിഷ്ഠമായി രേഖപ്പെടുത്തിയിട്ടുള്ള ചരിത്രസാക്ഷ്യങ്ങളാണ്. ഫാ. ആന്റണി ചെറിയകടവില്കൂനമ്മാവ് ക്രൈസ്തവരുടെ ഇടവകപ്പള്ളിയായ വരാപ്പുഴ പള്ളിയില്‍ ഒരു വൈദികനായി സേവനം ചെയ്തിരുന്ന ഇറ്റാലിയന്‍ കര്‍മലീത്താ മിഷനറി ബെര്ണര്ദീന് ബച്ചിനെല്ലി കൂനമ്മാവ് പ്രദേശത്ത് ആദ്യമായി വന്നപ്പോള്‍ മറ്റൊരിടത്തും കാണാത്ത ഒരു കാഴ്ച കണ്ടു: കൂനമ്മാവുകാരന് തണ്ണിക്കോട്ട് വറുത് സാല്‍വദോര്‍ ആശാന് കുടില്പ്പള്ളിക്കൂടത്തില് കുട്ടികളെ പഠിപ്പിക്കുന്നു. (ഈ കുടില്പ്പള്ളിക്കൂടത്തിനടുത്താണ് ലുദാവിക്കോ മാര്ത്തീനി പിതാവിന്റെ ആഗ്രഹപ്രകാരം ഫാ. ബച്ചിനെല്ലി കൂനമ്മാവ് പള്ളിക്ക് കല്ലിടുന്നതും നിര്‍മ്മിക്കുന്നതും).തുച്ഛമായ ശമ്പളമാണ് ആശാന് ലഭിക്കുന്നതെന്നറിഞ്ഞ ബച്ചിനെല്ലിയച്ചന്, മാസശമ്പളമായി 16 പുത്തന്‍ നല്കാന് വേണ്ട ക്രമീകരണങ്ങള്‍ നടത്തുകയുണ്ടായി.
ഇറ്റലിയില്‍ ആശ്രമങ്ങളോടും മഠങ്ങളോടും പള്ളികളോടും ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചാണ് ബച്ചിനെല്ലി വളര്‍ന്നുവന്നത്. ക്രൈസ്തവ മതസ്ഥാപനങ്ങളോടു ചേര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന രീതി കേരളത്തില്‍ വരുന്നതിനു മുമ്പുതന്നെ അദ്ദേഹത്തിന് പരിചിതമായിരുന്നു.കൂനമ്മാവിലെ കുടില്പ്പള്ളിക്കൂട വിദ്യാഭ്യാസ സ്നേഹക്കാഴ്ചയും വിദ്യാഭ്യാസസ്നേഹിയായ ബച്ചിനെല്ലി പിതാവിനെ ‘പള്ളിക്കൊപ്പം പള്ളിക്കൂടം’ എന്ന കല്പന ഇറക്കാന്‍ പ്രേരിപ്പിച്ചിരിക്കാം എന്ന നിഗമനത്തില്‍ എത്തുന്നതില്‍ തെറ്റില്ല.ബെര്ണര്ദീന് ബച്ചിനെല്ലി വരാപ്പുഴ വികാരിയത്തില്‍ അഡ്മിനിസ്ട്രേറ്ററായി സേവനം ചെയ്യുമ്പോള്‍ ഇറക്കിയ ‘പള്ളിക്കൊപ്പം പള്ളിക്കൂടം’ എന്ന കല്പനയുടെ ഒറിജിനല്‍ കണ്ടുകിട്ടിയിട്ടുണ്ട്. ഈ കല്പനയുടെ ഉടമസ്ഥാവകാശത്തെപ്പറ്റി തര്‍ക്കങ്ങള്‍ക്ക് സ്ഥാനമില്ല.ബച്ചിനെല്ലി പിതാവ് 1856-ല്‍ ‘പള്ളിക്കൊപ്പം പള്ളിക്കൂടം’ എന്ന കല്പന വാക്കാല്‍ നല്കുമ്പോഴും 1857 മാര്‍ച്ച് മാസത്തില്‍ രേഖാമൂലം ഈ കല്പന ഇറക്കുമ്പോഴും ചാവറ കുര്യാക്കോസ് അച്ചന് വരാപ്പുഴ വികാരിയത്തില്‍ ഔദ്യോഗിക സ്ഥാനമൊന്നും വഹിച്ചിരുന്നില്ല. മാന്നാനത്ത് തദ്ദേശീയ കര്‍മലീത്താ സന്ന്യാസ സമൂഹത്തിന്റെ ആശ്രമശ്രേഷ്ഠനായി അദ്ദേഹം ചുമതല ഏറ്റിട്ട് (1856 – 1871) ഒരു വര്‍ഷം തികഞ്ഞിരുന്നു. 1861 ജൂണ്‍ 8-ാം തീയതിയാണ് കുര്യാക്കോസ് അച്ചനെ സുറിയാനി ക്രിസ്ത്യാനികള്‍ക്കായുള്ള വികാരി ജനറലായി ബച്ചിനെല്ലി പിതാവ് നിയമിക്കുന്നത്.പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന കല്പന ഇറക്കിയത് ആര്‍ച്ച്ബിഷപ് ബച്ചിനെല്ലിയാണെന്ന് സ്ഥിരീകരിക്കുന്ന ചരിത്രസാക്ഷ്യങ്ങള്‍ സിഎംഐ സമൂഹത്തിലെ പ്രമുഖ ചരിത്രകാരന്മാര് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
1. ആന്റണി വളവന്ത്ര സിഎംഐഫാ. ആന്റണി വളവന്ത്ര സിഎംഐ രചിക്കുകയും മാന്നാനത്തുനിന്ന് പ്രസിദ്ധീകരിക്കുകയും ചെയ്ത ‘എപ്പിക് ഓഫ് ഡ്രീംസ്’ എന്ന ഗ്രന്ഥത്തില്‍, ബച്ചിനെല്ലി മെത്രാപ്പോലീത്തയാണ് ഈ കല്പന ഇറക്കിയതെന്ന് വ്യക്തമാക്കുന്നുണ്ട്. ”1865-ല്‍ ബച്ചിനെല്ലി പിതാവ് അദ്ദേഹത്തിന്റെ സര്‍ക്കുലര്‍ വഴി ഓരോ പള്ളിക്കൊപ്പം പള്ളിക്കൂടം ഉണ്ടായിരിക്കണമെന്ന കല്പനയിട്ടു’ എന്നു രേഖപ്പെടുത്തിയിട്ടുണ്ട് (പേജ് 54). ഈ പേജില്‍ത്തന്നെ, മാന്നാനം നാളാഗമത്തിലെ 89-ാം പേജില്‍നിന്ന് ഒരു വാചകം ഉദ്ധരിച്ചിട്ടുണ്ട്: ”പ്രിയോരച്ചന് (ചാവറയച്ചന്) ഇവിടെ മാന്നാനത്ത് താമസിച്ചുകൊണ്ടിരിക്കുമ്പോള്‍, എല്ലാ പള്ളികളോടൊപ്പം വിദ്യാഭ്യാസത്തിനായി പള്ളിക്കൂടം തുടങ്ങണമെന്നും, ഈ കല്പന അവഗണിക്കുന്നവര്‍ക്ക് അംശമുടക്കം കല്പിക്കുന്ന മെത്രാപ്പോലീത്തായുടെ (ബച്ചിനെല്ലി പിതാവ്) കല്പന കിട്ടി. ഈ ഡിക്രി അനുസരിച്ച് മാന്നാനത്ത് ഞങ്ങള്‍ സ്കൂള്‍ പണി തുടങ്ങി.”
2. കുര്യാക്കോസ് ഏലിയാസ് വടക്കേടത്ത് സിഎംഐ’ചാവറ ആധ്യാത്മികത’ എന്ന ഗ്രന്ഥത്തില്‍, ഫാ. കുര്യാക്കോസ് ഏലിയാസ് വടക്കേടത്തും, ബച്ചിനെല്ലി മെത്രാപ്പോലീത്തയാണ് ‘പള്ളിയോടൊപ്പം പള്ളിക്കൂടം’ എന്ന കല്പന നല്‍കിയതെന്ന് എഴുതിവച്ചിട്ടുണ്ട്. (കാരുണികന്, 2014 ജൂണ്‍, പേജ് 8).
3. ബര്ണദോസ് തോമ പട്ടക്കാരന്സിഎംഐ സഭയില്‍ ആദരിക്കപ്പെടുന്ന ബര്ണദോസ് തോമ പട്ടക്കാരനച്ചനും ബച്ചിനെല്ലി പിതാവ് തന്നെയാണ് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഈ കല്പന പുറപ്പെടുവിച്ചതെന്ന് തെറ്റുകൂടാതെ വരുംതലമുറയ്ക്കായി എഴുതിവച്ചിട്ടുണ്ട്. (കാരുണികന്, 2014 ജൂണ്‍, പേജ് 8).
4. ഡോ. കാഞ്ഞിരത്തിങ്കല്‍ സിഎംഐഫാ. കാഞ്ഞിരത്തിങ്കല്‍ സിഎംഐ. രചിച്ച ‘എ ചര്‍ച്ച് ഇന്‍ സ്ട്രഗിള്‍’ എന്ന ഗ്രന്ഥത്തില്‍ പള്ളിക്കൊപ്പം പള്ളിക്കൂടം നിര്‍മ്മിക്കണമെന്ന് വചനത്താല്‍ (ഓറല്‍) മെത്രാപ്പോലീത്ത കല്പനയിട്ടു എന്നു പറഞ്ഞിട്ടുണ്ട്. (ബാംഗ്ലൂര്‍, ധര്‍മ്മാരാം പബ്ലിക്കേഷന്‍സ്, പേജ് 195). ആരംഭത്തില്‍ (1856ല്‍) വാക്കാലുള്ള ഈ കല്പന 1857 മാര്‍ച്ചില്‍ എഴുത്താലുള്ള കല്പനയായി എന്നുമാത്രം.
5. ഡോ. ജോസ് കുറിയേടത്ത് സിഎംഐകൂനമ്മാവുകാരനും ചരിത്രലേഖന രചയിതാവുമായ ഡോ. ജോസ് കുറിയേടത്ത് അച്ചന്, എല്ലാ പള്ളികളോടും ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ പണിയണമെന്ന കല്പന കുര്യാക്കോസച്ചന് നടപ്പിലാക്കി എന്ന് എഴുതിയിട്ടുണ്ട്. (സത്യദീപം, 2014 ജനുവരി, പേജ് 1).ജോസ് കുറിയേടത്ത് അച്ചന് തുടരുന്നു: ”നാനാജാതി മതസ്ഥര്‍ക്കും ഇരുന്ന് പഠിക്കാനാണ് പള്ളിയോടൊത്ത് പള്ളിക്കൂടങ്ങള്‍ നിര്‍മ്മിക്കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. മേല്ജാതിക്കാര്ക്ക് മാത്രമോ, കീഴ്ജാതിക്കാര്‍ക്ക് മാത്രമോ ആയിട്ടല്ല. എന്നാല്‍ സവര്‍ണരും അവര്‍ണരും തമ്മില്‍ അന്ന് നിലനിന്നിരുന്ന അയിത്തവും അകല്‍ച്ചയും മൂലം ചാവറയച്ചന് ആരംഭിച്ച സ്കൂളുകളില്‍ എല്ലാ ജാതിക്കാരും ഒരുമിച്ചിരുന്ന് പഠിച്ചിരുന്നില്ല” (പേജ് 17).സ്കൂളുകളെല്ലാം മേല്ജാതിക്കാര്ക്ക് മാത്രമാകുന്നതുകണ്ട്, കീഴ്ജാതിക്കാര്‍ക്ക് മാത്രമായി സ്കൂളുകള്‍ സ്ഥാപിക്കുകയും, പ്രസ്തുത സ്കൂളുകളോടടുത്ത് കപ്പേളകള്‍ സ്ഥാപിക്കുകയും ചെയ്തു. ബച്ചിനെല്ലി പിതാവിന്റെ കല്പനപ്രകാരം, വര്‍ണ, വര്‍ഗ, ജാതി, മത വ്യത്യാസം കൂടാതെ ഒരുമിച്ചിരുന്നു പഠിക്കുക എന്ന ലക്ഷ്യം കുര്യാക്കോസച്ചന് സ്ഥാപിച്ച പള്ളിക്കൂടങ്ങളില്‍ സാധിച്ചില്ല. കേരള കത്തോലിക്കാ സഭയില്‍ ജാതി, വര്‍ഗ, വര്‍ണങ്ങളുടെ പേരില്‍ അകല്‍ച്ചയും അകറ്റലും ഇന്നും നിലനില്ക്കുന്നു എന്നത് ഒരു ക്രൈസ്തവവിരുദ്ധ ദുഃഖസത്യമാണ്.6. ഡോ. കെ.എസ്. രാധാകൃഷ്ണന്കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോ. കെ.എസ്. രാധാകൃഷ്ണന്, എല്ലാ പള്ളികളോടും ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശം കുര്യാക്കോസച്ചന് പ്രായോഗികമാക്കി എന്ന് എഴുതിവച്ചിട്ടുണ്ട്. (സത്യദീപം, 2014 ജനുവരി, പേജ് 1).7. പ്രൊഫസര്‍ എം.കെ. സാനുകേരളമാകെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അധ്യാപകനും എഴുത്തുകാരനുമാണ് പ്രൊഫസര്‍ എം.കെ. സാനു. ഇദ്ദേഹവും ബച്ചിനെല്ലി മെത്രാപ്പോലീത്തയാണ് ‘പള്ളിയോടൊപ്പം പള്ളിക്കൂടം’ എന്ന ആശയം കേരളത്തില്‍ കൊണ്ടുവന്നതെന്ന് പറയുന്നുണ്ട്.അദ്ദേഹം എഴുതിയത് ഇങ്ങനെ: ”വരാപ്പുഴ ആര്‍ച്ച്ബിഷപ് ബര്ണദിനോസ് ബച്ചിനെല്ലിയുടെ നിര്‍ദ്ദേശപ്രകാരം, പള്ളിക്കൊരു പള്ളിക്കൂടം എന്ന മുദ്രാവാക്യം സ്വീകരിച്ച് ഒട്ടേറെ പാഠശാലകള്‍ പലയിടങ്ങളിലും സ്ഥാപിച്ചത് എല്ലാവര്ക്കും പഠിക്കുവാന്‍ അവസരം നല്കി.” (‘വിസ്മയം ഈ പുണ്യാത്മാവ്’, മലയാള മനോരമ, 2020 ജനുവരി 3, വെള്ളി, പേജ് 8. വിശുദ്ധ ചാവറ കുര്യാക്കോസച്ചന്റെ 150-ാം ചരമവാര്‍ഷിക ദിനത്തില്‍ പ്രസിദ്ധീകരിച്ചത്).
മേല്‍പ്പറഞ്ഞിട്ടുള്ള എഴുത്തുകാരും ചരിത്രകാരന്മാരും പറയുന്ന ‘നിര്‍ദ്ദേശവും’, ‘കല്പനയും’ ചാവറയച്ചന് ആര് നല്കി? ബെര്ണര്ദീന് ബച്ചിനെല്ലി മെത്രാപ്പോലീത്തയാണ് നല്‍കിയതെന്ന ചരിത്രസത്യം തെറ്റുകൂടാതെ അവരെല്ലാവരും വരുംതലമുറയ്ക്കായി രേഖപ്പെടുത്തിയിട്ടുണ്ട്.മേല്‍പ്പറഞ്ഞ എഴുത്തുകാരും ചരിത്രകാരന്മാരും ഇങ്ങനെ എഴുതുവാന്‍ കാരണം ‘വേണ്ടവണ്ണം രേഖകള്‍ പരിശോധിക്കാത്തതുകൊണ്ടാണ്’ എന്നാണ് തോമസ് പന്തപ്ലാക്കല്‍ അച്ചന് പറയുന്നത് (കാരുണികന്, 2014 ജൂണ്‍, പേജ് 8). രേഖകള്‍ വേണ്ടവണ്ണം പരിശോധിക്കാത്തതുകൊണ്ടല്ല, വേണ്ടവണ്ണംതന്നെ രേഖകള്‍ പരിശോധിച്ചതുകൊണ്ടും സത്യം തിരിച്ചറിഞ്ഞതുകൊണ്ടുമാണ് അവരൊക്കെ ഇങ്ങനെ ഒരു ചരിത്രസത്യം തെറ്റുകൂടാതെ എഴുതിവച്ചത്.തോമസ് അച്ചന് പറയുന്നതുപോലെ രേഖകള്‍ ‘വേണ്ടവണ്ണം’ അവരും പരിശോധിച്ചിരുന്നെങ്കില്‍ അവരും സത്യവിരുദ്ധ ചരിത്രം പറയുമായിരുന്നു, എഴുതിവയ്ക്കുമായിരുന്നു!കല്പനയുടെ ഉടമസ്ഥന് ചാവറയച്ചനല്ല. എന്തുകൊണ്ട്?1. രൂപതയിലും അതിരൂപതയിലും കല്പനകളും ഇടയലേഖനങ്ങളും സര്‍ക്കുലറുകളും ഇറക്കുന്നത് മെത്രാന്മാരും മെത്രാപ്പോലീത്തമാരുമാണ്. മെത്രാന്മാര് പുറപ്പെടുവിക്കുന്ന നിയമങ്ങളും നിര്‍ദ്ദേശങ്ങളും വികാരി ജനറല്‍മാരും വൈദികരും മെത്രാന്മാരോട് സഹകരിച്ച് സഭയില്‍ നടപ്പാക്കുന്നു.1856-ല്‍ ‘പള്ളിക്കൊപ്പം പള്ളിക്കൂടം’ എന്ന കല്പന വാക്കാല്‍ നല്കുമ്പോഴും 1857 മാര്‍ച്ച് മാസത്തില്‍ രേഖാമൂലം ഈ കല്പന ഇറക്കുമ്പോഴും ചാവറയച്ചന് വരാപ്പുഴ വികാരിയത്തില്‍ യാതൊരു ഔദ്യോഗിക സ്ഥാനവും വഹിച്ചിരുന്നില്ല. അന്ന് ചാവറയച്ചന് പ്രിയോര്‍ ജനറലായി ചുമതല ഏറ്റിട്ട് (1856 – 1871) ഒരു വര്‍ഷം തികഞ്ഞിരുന്നു. 1861 ജൂണ്‍ 8-ാം തീയതിയാണ് കുര്യാക്കോസച്ചനെ സുറിയാനി ക്രിസ്ത്യാനികള്‍ക്കുള്ള വികാരി ജനറലായി ബച്ചിനെല്ലി പിതാവ് നിയമിക്കുന്നത്.2. 1856-ല്‍ത്തന്നെ വികാരിയത്തിനെ പല യൂണിറ്റുകളാക്കി ബച്ചിനെല്ലി പിതാവ് തിരിച്ചു എന്ന് ബര്ണദോസ് തോമ പട്ടക്കാരനച്ചന് രേഖപ്പെടുത്തിയിട്ടുണ്ട്. (മലയാളത്തിലെ കല്‍ദായ സുറിയാനി റീത്തില്‍ ചേര്‍ന്ന കര്‍മ്മലീത്ത നിഷ്പാദുക മൂന്നാം സഭയുടെ (കനി.മു.സ) ചരിത്രസംക്ഷേപം, 1908, മാന്നാനം, പേജ് 246). ബച്ചിനെല്ലി പിതാവാണ് ഈ കല്പന ഇറക്കിയതെന്നും, കല്പന നടപ്പിലാക്കാന്‍ അദ്ദേഹം പള്ളികളെ പല യൂണിറ്റുകളാക്കി തിരിച്ചുവെന്നും, മേല്‍നോട്ടം വഹിക്കുവാന്‍ ഓരോ യൂണിറ്റിനും ഓരോ അച്ചന്മാരെ നിയോഗിച്ചുവെന്നും, ഈ അച്ചന്മാര്ക്കു വേണ്ട നിര്‍ദ്ദേശങ്ങളെല്ലാം അദ്ദേഹം നല്‍കിയെന്നും തെറ്റുകളില്ലാത്ത സത്യങ്ങളാണ്.3. 1865-ല്‍ ചാവറയച്ചന് 160 സുറിയാനി കത്തോലിക്കാ പള്ളികളിലേക്ക് അയച്ചു എന്ന് പറയുന്ന സര്‍ക്കുലര്‍ (‘പള്ളികളോടൊപ്പം പള്ളിക്കൂടം’) ഒരിടത്തും കണ്ടെത്തിയിട്ടില്ല എന്ന് ‘വിശുദ്ധ താരകങ്ങള്‍’ എന്ന ഗ്രന്ഥത്തില്‍ കുറിച്ചിട്ടുണ്ട് (പേജ് 142). ഈ രേഖപ്പെടുത്തലും ചാവറയച്ചനല്ല സര്‍ക്കുലര്‍ ഇറക്കിയതെന്ന് തെളിയിക്കുന്നു.4. ചാവറയച്ചന് എഴുതിയ ഗ്രന്ഥങ്ങളിലോ നാളാഗമങ്ങളിലോ ‘പള്ളിയോടൊപ്പം പള്ളിക്കൂടം’ എന്ന കല്പന കേരളസഭയ്ക്കോ, സുറിയാനി സഭയ്ക്കോ ചാവറയച്ചന് നല്‍കിയതായി പറയുന്നില്ല.5. ബച്ചിനെല്ലി പിതാവ് 1856-ല്‍ വാക്കാല്‍ നല്കിയ കല്പനയുടെയും 1857 മാര്‍ച്ചില്‍ രേഖാമൂലം നല്കിയ കല്പനയുടെയും ഒറിജിനല്‍ വരാപ്പുഴ അതിരൂപതയുടെ ആര്‍ക്കൈവ്സില്‍ സൂക്ഷിച്ചിട്ടുണ്ട്.ചാവറയച്ചന് ഇറക്കി എന്നു പ്രചരിപ്പിക്കുന്ന കല്പനയുടെ രേഖ കണ്ടെത്താനും കാണിക്കാനും ഇന്നും സാധിച്ചിട്ടില്ല.

