സാൻ മരീനോ: മനുഷ്യരുടെ സ്വാതന്ത്ര്യവും സമാധാനവും സുസ്ഥിതിയും ഉറപ്പാക്കുന്നതിൽ സാൻ മരീനോ ലോകത്തിന് മാതൃകയാകണമെന്ന് ലെയോ പതിനാലാമൻ പാപ്പ. സാൻ മരീനോയിലെ ജനങ്ങളോടുള്ള രാജ്യത്തിന്റെ പരിചരണവും കരുതലും മറ്റ് രാജ്യങ്ങൾക്കും മാതൃകയാക്കാവുന്നതാണെന്നും പാപ്പ പറഞ്ഞു.
സാൻ മരീനോയിലേക്കും റിമിനിയിലേക്കുമുള്ള അജപാലന സന്ദർശനത്തിന്റെ ഭാഗമായി ഓഗസ്റ്റ് 22 ശനിയാഴ്ച രാവിലെ സാൻ മരീനോയിലെത്തിയ പാപ്പ, രാജ്യത്തെ രാഷ്ട്രീയ-ഭരണ നേതൃത്വവുമായും പൗരസമിതിയുമായും നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു.കൊൺസീലിയോ ഗ്രാന്തെ എറ്റ് ജനറാലെ ശാലയിൽ നടന്ന കൂടിക്കാഴ്ചയിൽ സ്വാതന്ത്ര്യം, സമാധാനം, പൊതുസേവനം, മനുഷ്യാന്തസ്സ് എന്നിവയുമായി ബന്ധപ്പെട്ട് സാൻ മരീനോ പിന്തുടരുന്ന മൂല്യങ്ങളും നയങ്ങളും പാപ്പ പ്രത്യേകം എടുത്തുപറഞ്ഞു.ലോകത്തിലെ ഏറ്റവും പുരാതന റിപ്പബ്ലിക്കെന്ന നിലയിൽ സാൻ മരീനോയ്ക്കുള്ള ചരിത്രപ്രാധാന്യവും പാപ്പ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ മുദ്രാവാക്യത്തിന്റെ ഭാഗമായ ‘സ്വാതന്ത്ര്യം’ എന്ന ആശയത്തിന് സാൻ മരീനോ നൽകുന്ന പ്രാധാന്യം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.സ്വാതന്ത്ര്യം എന്നത് രാഷ്ട്രീയ സ്വയംനിർണ്ണയാവകാശത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് പാപ്പ ഓർമ്മിപ്പിച്ചു.
ഓരോ വ്യക്തിയുടെയും അന്തസ്സിനെയും മനഃസാക്ഷിയെയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സാമൂഹിക യാഥാർത്ഥ്യമാണ് യഥാർഥ സ്വാതന്ത്ര്യമെന്ന് അദ്ദേഹം വ്യക്തമാക്കി.മനുഷ്യരുടെ സമാധാനവും ക്ഷേമവും ഉറപ്പാക്കുന്നതിനും പൊതുനന്മയ്ക്കായി പ്രവർത്തിക്കുന്നതിനും സാൻ മരീനോ സ്വീകരിക്കുന്ന സമീപനം ഇന്നത്തെ ലോകത്തിന് ഏറെ പ്രസക്തമാണെന്നും പാപ്പ കൂട്ടിച്ചേർത്തു.

