വത്തിക്കാൻ സിറ്റി: യുദ്ധത്തിനും ആയുധങ്ങൾക്കുമായി വിനിയോഗിക്കുന്ന വിഭവങ്ങൾ മനുഷ്യവികസനത്തിനും ദാരിദ്ര്യനിർമാർജ്ജനത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി മാറ്റിവയ്ക്കണമെന്ന് ലെയോ പതിനാലാമൻ പാപ്പ. സെപ്റ്റംബർ ഒന്നിന് ആചരിക്കുന്ന സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാദിനത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് പാപ്പയുടെ ആഹ്വാനം.
പ്രകൃതിസംരക്ഷണത്തിനും പ്രാർത്ഥനയ്ക്കുമൊപ്പം നിരായുധീകരണത്തിനും സമാധാനസ്ഥാപനത്തിനും ഈ ദിനം ആഹ്വാനം ചെയ്യുന്നുവെന്ന് പാപ്പ പറഞ്ഞു. യുദ്ധവും പരിസ്ഥിതി നാശവും മനുഷ്യഹൃദയത്തിലെ അസന്തുലിതാവസ്ഥയുടെ പ്രതിഫലനമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.നാശത്തിനായി ഉപയോഗിക്കുന്ന ആയുധങ്ങളെ ജീവനും സമാധാനവും പരിപോഷിപ്പിക്കുന്ന ഉപകരണങ്ങളാക്കി മാറ്റേണ്ടത് ഇന്നത്തെ ലോകത്തിന്റെ ഉത്തരവാദിത്വമാണെന്ന് ഏശയ്യാ പ്രവാചകന്റെ വചനങ്ങൾ ഉദ്ധരിച്ച് പാപ്പ വ്യക്തമാക്കി. യുദ്ധച്ചെലവുകൾ വികസനത്തിനും ദരിദ്രരുടെ ഉന്നമനത്തിനും പ്രകൃതിയുടെ സംരക്ഷണത്തിനും വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുദ്ധം മനുഷ്യജീവനുകൾ അപഹരിക്കുന്നതിനൊപ്പം കുടുംബങ്ങളെ തകർക്കുകയും കോടിക്കണക്കിന് ആളുകളെ അഭയാർഥികളാക്കുകയും ചെയ്യുന്നു. ജലവും വായുവും മലിനമാകുന്നതിലൂടെ ഭക്ഷ്യസുരക്ഷയും തകരുന്നു. ഇതിന്റെ ഫലമായി ദാരിദ്ര്യം, അസമത്വം, സാമൂഹിക സംഘർഷങ്ങൾ എന്നിവ കൂടുതൽ രൂക്ഷമാകുകയാണെന്നും പാപ്പ ചൂണ്ടിക്കാട്ടി.അക്രമവും അനീതിയും പരിസ്ഥിതി നാശവും സമൂഹത്തിന്റെ ഘടനാപരമായ പ്രശ്നങ്ങൾ മാത്രമല്ലെന്നും മനുഷ്യഹൃദയത്തിലെ ആഴത്തിലുള്ള അസന്തുലിതാവസ്ഥയുടെ പ്രതിഫലനമാണെന്നും പാപ്പ ഓർമ്മിപ്പിച്ചു.

