റോം: കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കും ആത്മീയ സാമീപ്യവും ഐക്യദാർഢ്യവും അറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ.
റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.എൻഡെ നഗരത്തിൽ നിന്ന് 68 കിലോമീറ്റർ അകലെ കടലിനടിയിൽ 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രദേശത്തെ എൻഡെ അതിരൂപതയുടെ കീഴിലുള്ള കത്തോലിക്കാസമൂഹത്തെയും ഈ പ്രകൃതിദുരന്തം വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാക്കളെ ദൈവകരുണയ്ക്ക് സമർപ്പിച്ച പാപ്പാ, പരിക്കേറ്റവർക്കും ഭവനരഹിതരായവർക്കും ആശ്വാസവും ശക്തിയും ലഭിക്കട്ടെയെന്ന് പ്രാർത്ഥിച്ചു.
ദുരിതബാധിതരെ സഹായിക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും മുന്നിട്ടിറങ്ങിയ സഭാ-സാമൂഹിക നേതൃത്വങ്ങൾക്ക് പാപ്പാ പിന്തുണയും പ്രാർത്ഥനയും ഉറപ്പുനൽകി.വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളീൻ ഒപ്പുവച്ച സന്ദേശം എൻഡെ അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് പൗലൂസ് ബുദി ക്ലേഡന് അയച്ചുകൊണ്ടാണ് പാപ്പായുടെ സന്ദേശം അറിയിച്ചത്.കിഴക്കൻ നൂസ തെങ്കാര മേഖലയിലുണ്ടായ ഭൂകമ്പത്തിൽ ഏകദേശം 13,000 പേർ ഭവനരഹിതരായതായും 900ഓളം വീടുകൾ പൂർണമായും തകർന്നതായും 500ഓളം വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായും പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു.

