വത്തിക്കാൻ സിറ്റി: ഞായറാഴ്ച വിശുദ്ധ കുർബാനയിൽ നേരിട്ട് പങ്കെടുക്കാൻ എല്ലാവർക്കും കഴിയുന്ന സാഹചര്യം ഒരുക്കണമെന്ന് ലെയോ പതിനാലാമൻ പാപ്പ ആഹ്വാനം ചെയ്തു. ഞായറാഴ്ച മുഴുവൻ ആരാധനാക്രമ വർഷത്തിന്റെയും അടിസ്ഥാനവും കേന്ദ്രവുമാണെന്ന് പാപ്പാ വ്യക്തമാക്കി. ഞായറാഴ്ചയെ വിശുദ്ധീകരിക്കുന്നതിന് ദിവ്യകാരുണ്യ ആഘോഷത്തിൽ പങ്കെടുക്കുന്നത് അനിവാര്യമാണെന്ന് പാപ്പാ പറഞ്ഞു.
ഞായറാഴ്ച ദൈവവചനത്തിന് ചെവികൊടുക്കുകയും ക്രിസ്തുവിന്റെ ശരീരം സ്വീകരിക്കുകയും വിശ്വാസീസമൂഹത്തോടൊപ്പം ഒന്നിക്കുകയും ചെയ്യുന്നതിലൂടെ ക്രൈസ്തവ സമൂഹം കർത്താവുമായുള്ള കൂട്ടായ്മ പ്രകടമാക്കുന്നു. വിശുദ്ധ കുർബാനയിലെ സജീവമായ സമൂഹപങ്കാളിത്തത്തിന് പകരം ഓൺലൈൻ സാന്നിധ്യം മാത്രം മതിയാകില്ലെന്നും പാപ്പ ഓർമ്മിപ്പിച്ചു.

