തിരുവനന്തപുരം: ആരോഗ്യരംഗത്ത് 39 വർഷത്തെ സേവനം പൂർത്തിയാക്കി 40-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന ജൂബിലി മെമ്മോറിയൽ ആശുപത്രിയുടെ റൂബി ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. 2026 ജൂലൈ 28ന് വൈകിട്ട് ആറിന് നടന്ന ചടങ്ങ് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത ആർച്ച്ബിഷപ്പ് തോമസ് ജെ. നെറ്റോയുടെ അധ്യക്ഷതയിൽ നടന്നു.1987 ജൂലൈ 27ന് ഹെൽത്ത് ക്ലിനിക്കായി പ്രവർത്തനം ആരംഭിച്ച ആശുപത്രി ഇന്ന് 85-ലധികം ഡോക്ടർമാരുടെ സേവനവും അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകളും ലബോറട്ടറി സൗകര്യങ്ങളും ഉൾപ്പെടുന്ന 250 കിടക്കകളുള്ള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായി വളർന്നു.
കുറഞ്ഞ ചികിത്സാചെലവിൽ അനുകമ്പയോടും കരുതലോടും കൂടിയ മികച്ച ചികിത്സാ സേവനങ്ങളാണ് ആശുപത്രി പൊതുജനങ്ങൾക്ക് നൽകുന്നത്.ചടങ്ങിൽ കേരള ആരോഗ്യ–ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ റൂബി ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി. വി. രാജേഷ്, തിരുവനന്തപുരം സഹായമെത്രാൻ ക്രിസ്തുദാസ് ആർ., മോൺ. യൂജിൻ എച്ച്. പെരേര, പാളയം വാർഡ് കൗൺസിലർ ഷേർലി എസ്., ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ബിന്ദുരാജഗോപാൽ, മെഡിക്കൽ സൂപ്രണ്ട് ഡോ. അനു ആന്റണി വർഗീസ്, മാനേജിങ് ഡയറക്ടർ ഡോ. ലെനിൻ രാജ് തുടങ്ങിയവർ പങ്കെടുത്തു.റൂബി ജൂബിലി ലോഗോ ആർച്ച്ബിഷപ്പ് എമിരറ്റസ് സൂസപാക്യം പ്രകാശനം ചെയ്തു. ജൂബിലിയുടെ ഭാഗമായി സൗജന്യ ഡയാലിസിസ് പദ്ധതിക്കും നിർധനരായ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് സ്കോളർഷിപ്പ് പദ്ധതിക്കും തുടക്കം കുറിച്ചു.ജൂബിലി ഹോം കെയർ ആംബുലൻസ് സർവീസ് മന്ത്രി സി. പി. ജോൺ ഫ്ലാഗ് ഓഫ് ചെയ്തു. പുതുതായി നിർമിച്ച റൂബി ജൂബിലി കവാടം മേയർ വി. വി. രാജേഷ് പൊതുജനങ്ങൾക്കായി തുറന്നുനൽകി. ചടങ്ങിൽ ജോയ് എ സ്. കൃതജ്ഞത പ്രകാശിപ്പിച്ചു.

