ബിജോ സില്‍വേരി
കേരള ടൈംസ് ദിനപത്രത്തിലൂടെ മാധ്യമരംഗത്തെത്തിയ ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ആരംഭകാലം മുതല്‍ ജീവനാദം വാരികയുടെ മുഖ്യപത്രാധിപരായിരുന്നു.ഒരു പത്രപ്രവര്‍ത്തകന്റെ ജീവിതത്തെ അളക്കുന്നത് അയാള്‍ എഴുതിയ വാര്‍ത്തകളുടെ എണ്ണത്തിലല്ല; അയാള്‍ കടന്നുപോയ കാലത്തെ എത്രത്തോളം വായിച്ചറിഞ്ഞു എന്നതിലാണ്. വാര്‍ത്തകളുടെ തിരക്കുകള്‍ക്കിടയിലും മനുഷ്യനെ കാണുകയും, സംഭവങ്ങളുടെ പിന്നില്‍ ചരിത്രത്തിന്റെ നിഴല്‍ തിരിച്ചറിയുകയും, ഓരോ വാക്കിനുമുള്ള ഉത്തരവാദിത്വം ഓര്‍ക്കുകയും ചെയ്ത മാധ്യമപ്രവര്‍ത്തകനാണ് ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് സാര്‍. ഇന്ന് ലെയോ പതിനാലാമന്‍ പാപ്പ അദ്ദേഹത്തിന് സമ്മാനിച്ച ഷെവലിയര്‍ പദവി സഭയ്ക്കും സമൂഹത്തിനും അദ്ദേഹം നല്കിയ നിസ്തുലമായ സേവനങ്ങള്‍ക്കുള്ള അംഗീകാരം മാത്രമല്ല; തന്റെ വാക്കുകളിലൂടെയും എഴുത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും സമൂഹത്തില്‍ വിതച്ച നന്മകള്ക്കുള്ള ആദരവ് കൂടിയാണ്.ചരിത്രകാരന്, വാഗ്മി, എഴുത്തുകാരന്, അധ്യാപകന്, പത്രാധിപര്‍ എന്നീ വിവിധ വേഷങ്ങളിലൂടെ കടന്നുപോയ അദ്ദേഹത്തിന്റെ ജീവിതം കേരളത്തിലെ ആധുനിക പത്രപ്രവര്‍ത്തനത്തിന്റെ വളര്‍ച്ചയുടെ ഒരു അധ്യായം കൂടിയാണ്. ഏഴു പതിറ്റാണ്ടിന്റെ ജീവിതവും അതില്‍ അരനൂറ്റാണ്ടിനോടടുത്ത മാധ്യമപ്രവര്‍ത്തനവും പിന്നിട്ട ഇഗ്നേഷ്യസ് സാര്‍ ഇന്നും ഓര്‍മിക്കപ്പെടുന്നത് പദവികളുടെ പേരിലല്ല; തലമുറകളെ സ്വാധീനിച്ച ഒരു മാധ്യമാധ്യാപകനും വഴികാട്ടിയുമായാണ്.

അധ്യാപകവൃത്തിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തിന്റെ ലോകത്തേക്കുള്ള ചുവടുമാറ്റമായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവെന്ന് ഞാന്‍ കരുതുന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പാ, വിശുദ്ധ മദര്‍ തെരേസ, ബെനഡിക്ട് പതിനാറാമന്‍ പാപ്പ, ഫ്രാന്‍സിസ് പാപ്പ തുടങ്ങിയവരുമായി അഭിമുഖം നടത്താന്‍ അവസരം ലഭിച്ച അപൂര്‍വം മാധ്യമപ്രവര്‍ത്തകരിലൊരാളാണ് അദ്ദേഹം. വാര്‍ത്തകളുടെ പ്രാദേശിക പരിധികള്‍ക്കപ്പുറത്തേക്ക് തന്റെ മാധ്യമജീവിതത്തെ അദ്ദേഹം വളര്‍ത്തിയതിന്റെ തെളിവുകളായിരുന്നു ഇത്തരം അനുഭവങ്ങള്‍.1976-ല്‍ കേരള ടൈംസ് ദിനപത്രത്തില്‍ സബ് എഡിറ്ററായി ചേര്‍ന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ മാധ്യമജീവിതത്തിന് തുടക്കം കുറിച്ചത്. 1979-ല്‍ മലയാള മനോരമയിലെത്തിയതോടെ ആ യാത്രയ്ക്ക് പുതിയ വ്യാപ്തി ലഭിച്ചു. വാര്‍ത്തയെഴുത്തിന്റെ വിവിധ തലങ്ങള്‍ അനുഭവിച്ചറിഞ്ഞ അദ്ദേഹം റിപ്പോര്‍ട്ടറായും എഡിറ്റോറിയല്‍ പ്രവര്‍ത്തകനായും ബ്യൂറോ മേധാവിയായും പ്രവര്‍ത്തിച്ചു. കൊച്ചിയില്‍ നടന്ന ഒരു ദേശീയ ഫുട്ബോള്‍ മത്സരവും ഒരു രാജ്യാന്തര ഫുട്ബോള്‍ മത്സരവും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തതായി അന്ന് സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന ഞാന്‍ ഇന്നും ഓര്‍ക്കുന്നു. അന്ന് ഒരു വാര്‍ത്ത വായിച്ചുണ്ടായ കൗതുകം, പതിറ്റാണ്ടുകള്‍ക്കുശേഷം മാധ്യമപ്രവര്ത്തനരംഗത്തെത്തിയ എന്നെപ്പോലുള്ള ഒരാളുടെ മനസ്സില്‍ മറ്റൊരു രൂപത്തില്‍ തിരിച്ചെത്തി. അദ്ദേഹത്തിന്റെ ലേഖനങ്ങളും റിപ്പോര്‍ട്ടുകളും എനിക്ക് മാത്രമല്ല, ആ കാലഘട്ടത്തിലെ നിരവധി പുതുതലമുറ മാധ്യമപ്രവര്‍ത്തകര്‍ക്കും ഒരു പാഠപുസ്തകമായിരുന്നു.കൊച്ചിയിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ സജീവമായ ഒരു കാലഘട്ടത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര. വാര്‍ത്തകള്‍ ബ്യൂറോയിലെ മേശകളില്‍ എത്തുന്നതിനു മുമ്പ് അതിന്റെ ഉറവിടങ്ങളിലേക്ക് സഞ്ചരിച്ചിരുന്ന ഒരു തലമുറയുടെ പ്രതിനിധിയായിരുന്നു അദ്ദേഹം. വാര്‍ത്ത എന്നത് ഒരു സംഭവത്തിന്റെ രേഖപ്പെടുത്തല്‍ മാത്രമല്ലെന്നും, അതിനു പിന്നിലെ സാമൂഹിക യാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കാനുള്ള അന്വേഷണവും കൂടിയാണെന്നും അദ്ദേഹം തന്റെ എഴുത്തിലൂടെ തെളിയിച്ചു.1999 മുതല്‍ മൂന്നുവര്‍ഷം മലയാള മനോരമയുടെ കൊച്ചി ബ്യൂറോ മേധാവിയായി പ്രവര്‍ത്തിച്ചു. അസിസ്റ്റന്റ് എഡിറ്ററായിരുന്ന കാലത്ത് 2002-ല്‍ കോട്ടയത്ത് മനോരമ സ്കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ (MASCOM) ആരംഭിച്ചപ്പോള്‍ പ്രഫസറും കോഴ്സ് കോ-ഓര്‍ഡിനേറ്ററായും ചുമതലയേറ്റത് അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു പ്രധാന അധ്യായമായി. പത്രപ്രവര്‍ത്തനത്തില്‍ സമ്പാദിച്ച അനുഭവങ്ങളും അറിവും അടുത്ത തലമുറയിലേക്ക് കൈമാറാനുള്ള അവസരമായിരുന്നു അത്.പത്രത്തിന്റെ വാര്‍ത്താമുറിയില്‍ നിന്ന് ക്ലാസ് മുറിയിലേക്കുള്ള ആ മടക്കയാത്ര അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ മറ്റൊരു സവിശേഷത വെളിപ്പെടുത്തുന്നു-അറിവ് സ്വന്തമാക്കി വയ്ക്കാനുള്ളതല്ല, പങ്കുവയ്ക്കാനുള്ളതാണെന്ന ബോധ്യം. മാസ്കോമിന്റെ വളര്‍ച്ചയിലും വിദ്യാര്‍ഥികളുടെ പരിശീലനത്തിലും അദ്ദേഹം വഹിച്ച പങ്ക് മുന്‍വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും പിന്നീട് പ്രത്യേകം ഓര്‍മിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ 70-ാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ അഭിനന്ദനഗ്രന്ഥവും അദ്ദേഹത്തിന്റെ ഈ ബഹുമുഖ വ്യക്തിത്വത്തിന്റെ സാക്ഷ്യമായി. വിദ്യാര്‍ഥികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും അദ്ദേഹം നല്കിയ സ്വാധീനം ആ ഗ്രന്ഥത്തിലെ ലേഖനങ്ങളില്‍ പ്രതിഫലിക്കുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായി അമ്പതോളം ലേഖനങ്ങളും പഠനങ്ങളും ഉള്‍പ്പെടുത്തിയ ആ സമാഹാരം ഒരു വ്യക്തിയെക്കുറിച്ചുള്ള സ്മരണ മാത്രമല്ല; പല തലമുറകളുടെ ഓര്‍മകളില്‍ പതിഞ്ഞ ഒരു അധ്യാപകന്റെയും മാധ്യമപ്രവര്‍ത്തകന്റെയും വ്യക്തിചിത്രം കൂടിയാണ്.മാധ്യമപ്രവര്‍ത്തനത്തോടൊപ്പം എഴുത്തും അദ്ദേഹത്തിന്റെ ജീവിതത്തില്‍ പ്രധാന സ്ഥാനം നേടി. ചരിത്രവും സമൂഹവും മാധ്യമവും വിശ്വാസവും മനുഷ്യജീവിതവും അദ്ദേഹത്തിന്റെ ചിന്തകളില്‍ പരസ്പരം വേര്‍തിരിക്കാനാവാത്ത മേഖലകളായിരുന്നു. വിവിധ സെമിനാറുകളിലും ദേശീയ-അന്തര്‍ദേശീയ വേദികളിലും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. മാധ്യമത്തിന്റെ അതിരുകള്‍ക്കപ്പുറം ലോകത്തെ കാണാനുള്ള ഈ യാത്രകള്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനും എഴുത്തിനും കൂടുതല്‍ വിശാലത നല്കി.പുസ്തകരചനയിലും അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. ബെനഡിക്ട് പതിനാറാമന്‍ പാപ്പായെക്കുറിച്ച് അദ്ദേഹം രചിച്ച Benedict the Sixteenth എന്ന ജീവചരിത്രം 2006-ല്‍ പ്രസിദ്ധീകരിച്ചു. മലയാളത്തില്‍ ഒരു മാധ്യമപ്രവര്ത്തകന് രചിച്ച ബെനഡിക്ട് പാപ്പായുടെ ആദ്യകാല ജീവചരിത്രങ്ങളില്‍ ശ്രദ്ധേയമായിരുന്നു അത്. 24 അധ്യായങ്ങളും 272 പേജുകളുമുള്ള കൃതിയായിരുന്നു അത്. ദൈവദാസന് ഇമ്മാനുവല്‍ ലോപ്പസിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകവും ശ്രദ്ധേയമായിരുന്നു. ധന്യനായ തിയോഫിനച്ചനെ കുറിച്ചുള്ള മനുഷ്യസ്നേഹി, മംഗലപ്പുഴ സെമിനാരിയുടെ കഥ, ഫുട്പ്രിന്റ്സ് ആന്‍ഡ് മൈല്സ്റ്റോണ്സ്, ദി സ്റ്റോറി ഓഫ് എ മസ്റ്റേര്‍ഡ് സീഡ്, ജേര്‍ണലിസം അണ്ടര്‍ ഡ്യൂറസ്, ദി റെയിന്‍ബോ എന്നിവയാണ് മറ്റു കൃതികള്‍.കേരളത്തിലെ റോമന്‍ ലത്തീന്‍ കത്തോലിക്ക ചരിത്രം രേഖപ്പെടുത്തുന്നതിലും അദ്ദേഹം അഭിനന്ദനാര്‍ഹമായ പങ്കു വഹിച്ചിട്ടുണ്ട്. ചരിത്രത്തോടും വിശ്വാസത്തോടും വ്യക്തിജീവിതങ്ങളോടുമുള്ള അദ്ദേഹത്തിന്റെ അന്വേഷണതാല്പര്യമാണ് ഇത്തരം രചനകളിലൂടെ പ്രകടമാകുന്നത്.പത്രപ്രവര്‍ത്തനത്തിന്റെ പ്രൊഫഷണല്‍ ലോകത്തോടൊപ്പം കത്തോലിക്കാ മാധ്യമരംഗത്തും അദ്ദേഹം സജീവമായി. ജീവനാദം പോലുള്ള സഭാ പ്രസിദ്ധീകരണങ്ങളുടെ മുഖ്യപത്രാധിപരായി പ്രവര്‍ത്തിച്ച കാലം അദ്ദേഹത്തിന്റെ മാധ്യമജീവിതത്തിലെ വേറിട്ടൊരു ഘട്ടമാണ്. അദ്ദേഹം ജീവനാദത്തിന്റെ മുഖ്യപത്രാധിപരായിരിക്കെ കുറച്ചുകാലം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്കും ഭാഗ്യമുണ്ടായിട്ടുണ്ട്. പിന്നീട് ഷെക്കീന പോലുള്ള ക്രൈസ്തവ മാധ്യമസംരംഭങ്ങളുമായും അദ്ദേഹം ബന്ധപ്പെട്ടിരുന്നു. ഷെക്കീന ടിവിയുടെ സ്ഥാപക ചീഫ് ന്യൂസ് എഡിറ്റര്‍ ആയിരുന്നു. തന്റെ തൂലികയിലൂടെ കേരളസഭയ്ക്കും ക്രൈസ്തവ സമൂഹത്തിനും അദ്ദേഹം നല്കിയ സംഭാവനകള്‍ നിസ്തുലമാണ്.എന്നാല്‍ സഭാമേലധ്യക്ഷന്മാരെ അങ്ങേയറ്റം ആദരിക്കുമ്പോഴും, വ്യതിചലനങ്ങള്‍ കാണുമ്പോള്‍ അവ ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹം മടിച്ചിരുന്നില്ല. ആദരവും വിമര്‍ശനവും പരസ്പരവിരുദ്ധങ്ങളല്ലെന്നും, യഥാര്‍ഥ വിശ്വാസം സത്യത്തോടുള്ള പ്രതിബദ്ധത കൂടിയാണെന്നും അദ്ദേഹത്തിന്റെ മാധ്യമപ്രവര്‍ത്തനം ഓര്‍മിപ്പിച്ചു.ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷനുമായുള്ള ബന്ധവും അദ്ദേഹത്തിന്റെ മാധ്യമജീവിതത്തിലെ പ്രധാന അധ്യായമാണ്. 2019-ല്‍ ഐസിപിഎയുടെ പ്രസിഡന്റായി ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, സംഘടനയുടെ ആറു പതിറ്റാണ്ട് നീണ്ട ചരിത്രത്തില്‍ ആ സ്ഥാനത്തെത്തുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ അല്മായനെന്ന പ്രത്യേകതയും അദ്ദേഹത്തിന് ലഭിച്ചു. 2019 മുതല്‍ 2025 വരെ അദ്ദേഹം ഐസിപിഎയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു.ഐസിപിഎയുടെ ദേശീയ പ്രവര്‍ത്തനങ്ങളിലും മാധ്യമവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സംരംഭങ്ങളിലും അദ്ദേഹം സജീവമായിരുന്നു. സത്യത്തോടും സാമൂഹികനീതിയോടും മാധ്യമപ്രവര്‍ത്തകന്റെ ഉത്തരവാദിത്വത്തോടുമുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ ദേശീയ വേദികളിലും ശ്രദ്ധേയമായി. ഐസിപിഎ പ്രസിഡന്റായിരിക്കെ ‘truthophobia’ എന്ന ആശയത്തെക്കുറിച്ചും മാധ്യമപ്രവര്‍ത്തകരുടെ സത്യത്തോടുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും അദ്ദേഹം ശക്തമായി കത്തോലിക്ക മാധ്യമ പ്രവര്‍ത്തകരോട് സംവദിച്ചു.അംഗീകാരങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ പലതവണ എത്തിയിട്ടുണ്ട്. എന്നാല്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ യഥാര്‍ഥ അംഗീകാരം പുരസ്കാരങ്ങളിലല്ല; അയാള്‍ പിന്നില്‍ അവശേഷിപ്പിച്ച മനുഷ്യരിലാണ്. ഇഗ്നേഷ്യസ് സാറിന്റെ കാര്യത്തില്‍ അത് പ്രത്യേകിച്ച് സത്യമാണ്. അദ്ദേഹത്തിന്റെ ശിഷ്യന്മാരില് പലരും പിന്നീട് മാധ്യമരംഗത്ത് സ്വന്തമായ ഇടം കണ്ടെത്തി. അവരില്‍ പലരും തങ്ങളുടെ മാധ്യമജീവിതത്തിലെ വഴികാട്ടിയായി ഇന്നും അദ്ദേഹത്തെ ഓര്‍ക്കുന്നു. അതായിരിക്കാം അദ്ദേഹം മനസില്‍ കരുതുന്ന ഏറ്റവും അമൂല്യമായ പുരസ്കാരം. ഒരു അധ്യാപകന് വിദ്യാര്‍ഥിക്ക് അറിവ് നല്‍കുന്നതിലുപരി, അവന്റെ ഉള്ളിലെ സാധ്യത തിരിച്ചറിയുമ്പോഴാണ് യഥാര്‍ഥ ഗുരുവാകുന്നത്. ആ അര്‍ഥത്തില്‍ ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഒരു അധ്യാപകന് മാത്രമല്ല; നിരവധി മാധ്യമപ്രവര്‍ത്തകരുടെ പ്രൊഫഷണല്‍ യാത്രയിലെ ഒരു നിശ്ശബ്ദ വഴികാട്ടിയുമാണ്.സീനിയര്‍ ജേണലിസ്റ്റ്സ് ഫോറത്തിന്റെ എറണാകുളം ജില്ലാ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്നും മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ പൊതുസമൂഹത്തില്‍ സജീവമാണ്.

പ്രായം മുന്നോട്ടുപോകുമ്പോഴും വാക്കുകളോടുള്ള അദ്ദേഹത്തിന്റെ ബന്ധം മുറിഞ്ഞിട്ടില്ല.മാധ്യമരീതികള്‍ ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകമാണ് നമുക്കു ചുറ്റുമുള്ളത്. അച്ചടി പത്രങ്ങളില്‍ നിന്ന് ഡിജിറ്റല്‍ സ്ക്രീനുകളിലേക്കും സാമൂഹികമാധ്യമങ്ങളിലേക്കും ലോകം ചുവടുമാറി. നിര്‍മിതബുദ്ധി (എഐ) മാധ്യമരംഗത്തെയും അതിവേഗം മാറ്റിക്കൊണ്ടിരിക്കുന്നു. സാങ്കേതികവിദ്യകള്‍ മാറുമ്പോഴും നല്ല പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനചോദ്യങ്ങള്‍ മാറിയിട്ടില്ല: സത്യം എന്താണ്? മനുഷ്യന്റെ പക്ഷം എവിടെയാണ്? നമ്മുടെ വാക്കുകള്‍ക്ക് എത്രമാത്രം ഉത്തരവാദിത്വമുണ്ട്?ആ ചോദ്യങ്ങളോടൊപ്പം നടന്ന ഒരു മാധ്യമപ്രവര്‍ത്തകനാണ് ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ്.അദ്ദേഹത്തിന്റെ ജീവിതത്തെ തിരിഞ്ഞുനോക്കുമ്പോള്‍ കാണുന്നത് ഒരു വ്യക്തിയുടെ വിജയചരിത്രം മാത്രമല്ല; കേരളത്തിലെ പത്രപ്രവര്‍ത്തനത്തിന്റെ ഒരു കാലഘട്ടം കൂടിയാണ്. പഴയ എഡിറ്റോറിയല്‍-ബ്യൂറോ മുറികളുടെ മഷിമണവും ടെലിപ്രിന്ററുകളുടെ നിലയ്ക്കാത്ത വായ്ത്താരിയും മുതല്‍ ഇന്നത്തെ ഡിജിറ്റല്‍ മാധ്യമങ്ങളുടെ വേഗത വരെയുള്ള മാറ്റങ്ങള്ക്കിടയിലൂടെയാണ് അദ്ദേഹം നടന്നുപോയത്. റിപ്പോര്‍ട്ടറുടെ കൊച്ചുകുറിപ്പുപുസ്തകത്തില് നിന്ന് അധ്യാപകന്റെ ക്ലാസ് മുറിയിലേക്കും, പത്രാധിപരുടെ മേശയില്‍ നിന്ന് അന്തര്‍ദേശീയ മാധ്യമവേദികളിലേക്കും ആ യാത്ര നീണ്ടു.വാര്‍ത്തകള്‍ മാറിപ്പോകും. പത്രങ്ങളുടെ പേജുകളില്‍ മഞ്ഞപ്പ് പരക്കും. സാങ്കേതികവിദ്യകള്‍ ക്ലാവ് പിടിക്കും. പക്ഷേ സത്യത്തെ അന്വേഷിച്ച ഒരു മാധ്യമപ്രവര്‍ത്തകന്റെ ജീവിതം, അയാള്‍ സ്പര്‍ശിച്ച മനുഷ്യരുടെ ഓര്‍മകളിലും, ശിഷ്യന്മാരുടെ എഴുത്തുകളിലും, സഹപ്രവര്‍ത്തകരുടെ സ്മരണകളിലും വീണ്ടും വീണ്ടും വായിക്കപ്പെടും.ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസിന്റെ മാധ്യമജീവിതവും അത്തരമൊരു വായനയ്ക്കായി അവശേഷിക്കുന്ന ഒരു ദീര്ഘകഥയാണ്.വാര്‍ത്തകള്‍ക്കപ്പുറം മനുഷ്യനെയും കാലത്തെയും അന്വേഷിച്ച ഒരു മാധ്യമപ്രവര്‍ത്തകന്റെ കഥ.തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ട് ഇഗ്നേഷ്യസ് സാര്‍ ഇനിയും ദീര്‍ഘകാലം കര്‍മരംഗത്ത് തുടരട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.

