ന്യൂയോർക്ക് : ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും കുട്ടികൾ നേരിടുന്ന അക്രമവും അവകാശലംഘനങ്ങളും അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയായ യൂണിസെഫ്. 2024 ജനുവരി മുതൽ 2026 ജൂലൈ അവസാനം വരെയുള്ള കാലയളവിൽ വെസ്റ്റ് ബാങ്കിൽ 174 പലസ്തീൻ കുട്ടികൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു.
ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിൽ വെസ്റ്റ് ബാങ്കിലെ അക്രമസംഭവങ്ങളെക്കുറിച്ച് സംസാരിക്കവെ യൂണിസെഫ് ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ഹന്നാൻ സുലൈമാൻ ആണ് കുട്ടികൾ നേരിടുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളുടെ കണക്കുകൾ അവതരിപ്പിച്ചത്.വെസ്റ്റ് ബാങ്കിൽ ആഴ്ചയിൽ ഒന്നിലധികം കുട്ടികൾ കൊല്ലപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് യൂണിസെഫ് ചൂണ്ടിക്കാട്ടി. ഇതേ കാലയളവിൽ 1,500-ലേറെ കുട്ടികൾക്ക് പരിക്കേറ്റതായും ഇവരിൽ ഏതാണ്ട് പകുതിയോളം പേർക്ക് വെടിയുണ്ടകളേറ്റാണ് പരിക്കേറ്റതെന്നും സംഘടന അറിയിച്ചു.
അതേസമയം, 2024 ജനുവരി മുതൽ 2026 ജൂലൈ വരെയുള്ള കാലയളവിൽ മൂന്ന് ഇസ്രായേൽ കുട്ടികൾ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യൂണിസെഫ് വ്യക്തമാക്കി.വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും തുടരുന്ന അക്രമം കുട്ടികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഗുരുതരമായ ഭീഷണിയാണെന്നും കുട്ടികളെ സംരക്ഷിക്കുന്നതിനും അവരുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനും അടിയന്തര നടപടികൾ ആവശ്യമാണെന്നും യൂണിസെഫ് മുന്നറിയിപ്പ് നൽകി.

