നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി (NIDS), ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് & റീടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ (TRRAIN)യുമായി സഹകരിച്ച് ഭിന്നശേഷിക്കാർക്കായി നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ സംഘടിപ്പിക്കുന്ന 45 ദിവസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിൻ്റെ ഭാഗമായി പത്താമത് ബാച്ചിലെ പരിശീലനാർത്ഥികൾ മുള്ളുവിള കലാ സൂപ്പർ മാർക്കറ്റ് സന്ദർശിച്ചു.
ഇന്ന് നടന്ന സന്ദർശനത്തിൽ സൂപ്പർ മാർക്കറ്റിലെ വിവിധ വിഭാഗങ്ങളെക്കുറിച്ച് സൂപ്പർവൈസർ ലോറ പരിശീലനാർത്ഥികൾക്ക് ക്ലാസ് നൽകി. ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ പാലിക്കേണ്ട വിവിധ കാര്യങ്ങളെക്കുറിച്ചും തൊഴിലിടത്തിലെ പ്രവർത്തനരീതികളെക്കുറിച്ചും പരിശീലനാർത്ഥികൾക്ക് പ്രായോഗിക ബോധ്യം ലഭിച്ചു.കലാ സൂപ്പർ മാർക്കറ്റ് അസിസ്റ്റൻ്റ് മാനേജർ സുപ്രഭ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ജയരാജ് എന്നിവർ സംസാരിച്ചു. കോ-ഓർഡിനേറ്റർ ശശികുമാറിൻ്റെയും അധ്യാപിക അഞ്ചനയുടെയും നേതൃത്വത്തിലായിരുന്നു സന്ദർശനം.
തൊഴിലധിഷ്ഠിത പരിശീലനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സന്ദർശനം പരിശീലനാർത്ഥികൾക്ക് തൊഴിൽ മേഖലയെ നേരിട്ട് പരിചയപ്പെടുന്നതിനും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും സഹായകമായി.

