ഹവാന : രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ജീവിതം വഴിമുട്ടിയ ക്യൂബൻ കുടുംബങ്ങൾക്ക് ആശ്വാസമായി കത്തോലിക്കാ സഭയുടെ സാമൂഹ്യസേവന സംഘടനയായ കാരിത്താസ്. ഭക്ഷണം, കുടിവെള്ളം, മറ്റ് അവശ്യസാധനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനായി ‘കാരിത്താസ് ക്യൂബ’യുടെ നേതൃത്വത്തിൽ വ്യാപകമായ ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് രാജ്യത്ത് നടന്നു വരുന്നത്.
ദീർഘകാലമായി തുടരുന്ന സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ദുർബല വിഭാഗങ്ങളെയാണ്. ഇവർക്ക് അടിയന്തര സഹായം എത്തിക്കുന്നതിന്റെ ഭാഗമായി ക്യൂബയ്ക്കായി അനുവദിച്ച 100 ദശലക്ഷം യുഎസ് ഡോളറിന്റെ മാനുഷിക സഹായനിധിയിൽനിന്ന് 60 ദശലക്ഷം ഡോളർ കാരിത്താസ് ക്യൂബയിലൂടെയാണ് വിതരണം ചെയ്യുന്നത്. കാത്തലിക് റിലീഫ് സർവീസസിന്റെ (CRS) ലോജിസ്റ്റിക് പിന്തുണയും പദ്ധതിക്കുണ്ട്.
പിനാർ ഡെൽ റിയോ രൂപതയുടെ നേതൃത്വത്തിലാണ് വിവിധ മേഖലകളിലെ സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഭക്ഷണത്തിന്റെയും ശുദ്ധജലത്തിന്റെയും അഭാവം നേരിടുന്ന കുടുംബങ്ങൾക്കാണ് മുൻഗണന നൽകുന്നത്.ജീവൻ സംരക്ഷിക്കുക, ദുരിതത്തിന്റെ തീവ്രത കുറയ്ക്കുക, പ്രതിസന്ധിയിലും മനുഷ്യരുടെ അന്തസ്സ് കാത്തുസൂക്ഷിക്കുക എന്നിവയാണ് സഹായ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് പിനാർ ഡെൽ റിയോ ബിഷപ്പ് ജുവാൻ ഡി ഡിയോസ് ഹെർണാണ്ടസ് റൂയിസ് പറഞ്ഞു. പ്രതിസന്ധിയുടെ വലുപ്പത്തിനനുസരിച്ച് ഏറ്റവും ആവശ്യമുള്ളവരിലേക്ക് സഹായം എത്തിക്കാനുള്ള ശ്രമങ്ങളാണ് സഭ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

