റോം: ജെനസാനോയിലെ സദ്ഉപദേശങ്ങളുടെ മാതാവിന്റെ തീർത്ഥാടനകേന്ദ്രത്തിൽ പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പാ സെപ്റ്റംബർ ഏഴിന് വിശുദ്ധ ബലിയർപ്പിക്കും. പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിന്റെ തലേദിവസമാണ് പാപ്പാ തീർത്ഥാടനകേന്ദ്രത്തിലെത്തി വിശുദ്ധ ബലിയർപ്പിക്കുന്നത്.
അൽബേനിയയിൽ നിന്നുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ അത്ഭുത തിരുസ്വരൂപമാണ് ഈ ദേവാലയത്തിൽ സൂക്ഷിച്ചിരിക്കുന്നത്. നൂറ്റാണ്ടുകളായി വിശ്വാസികളുടെ പ്രധാന തീർത്ഥാടനകേന്ദ്രമായി നിലകൊള്ളുന്ന ഈ ദേവാലയത്തിന്റെ ചരിത്രത്തിൽ അഗസ്റ്റീനിയൻ സന്യാസിമാരുടെ സാന്നിധ്യവും ശ്രദ്ധേയമാണ്. 1200 മുതൽ അഗസ്റ്റീനിയൻ സന്യാസിമാരാണ് തീർത്ഥാടന ദേവാലയത്തിലെ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകിവരുന്നത്.
1903-ൽ ഈ ദേവാലയത്തെ മൈനർ ബസിലിക്കയായി ഉയർത്തിയത് ലിയോ പതിമൂന്നാമൻ പാപ്പായാണ്. അതിനാൽ, ലിയോ പതിനാലാമൻ പാപ്പാ ഇവിടെ വിശുദ്ധ ബലിയർപ്പിക്കാനെത്തുന്നത് പ്രത്യേക ചരിത്രപ്രാധാന്യമുള്ള സന്ദർശനമായാണ് വിലയിരുത്തപ്പെടുന്നത്.മുൻകാലങ്ങളിലും നിരവധി പാപ്പമാർ ഈ തീർത്ഥാടനകേന്ദ്രം സന്ദർശിച്ചിട്ടുണ്ട്. 1959-ൽ വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായും 1993-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായും ജെനസാനോയിലെ സദ്ഉപദേശങ്ങളുടെ മാതാവിന്റെ തീർത്ഥാടന ദേവാലയം സന്ദർശിച്ചിരുന്നു.
പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ലിയോ പതിനാലാമൻ പാപ്പാ നടത്തിയ അപ്രതീക്ഷിത തീർത്ഥാടനത്തിലൂടെ ശ്രദ്ധേയമായ ഈ മരിയൻ തീർത്ഥാടനകേന്ദ്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ സെപ്റ്റംബർ ഏഴിലെ സന്ദർശനം വിശ്വാസികൾ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

