റവ. ഡോ. ഗ്രിഗറി ആര്‍ബി
ഭക്താനുഷ്ഠാനങ്ങളുടെ ലക്ഷ്യം
സഭയിലെ എല്ലാ ഭക്താനുഷ്ഠാനങ്ങളും രണ്ടു ലക്ഷ്യങ്ങള്‍ സ്വന്തമാക്കി അവയില്‍ വളരുവാന്‍ സഹായിക്കുന്നവയാണ്. ഒന്നാമത്, ക്രിസ്തുനാഥന് നല്കിയ ഏറ്റവും വലിയ കല്പ്പനയുമായി ബന്ധപ്പെട്ടതാണ് (മത്തായി 22:37-39). അത് ദൈവസ്നേഹത്തിന്റേയും പരസ്നേഹത്തിന്റേയും അടിസ്ഥാനത്തില്‍ ശിഷ്യത്വത്തിലേക്ക് നയിക്കുന്നതാണ്. രണ്ടാമത്തേത്, ഏറ്റവും വലിയ കമ്മീഷനുമായി ബന്ധപ്പെട്ടതാണ് (മത്തായി 28:18-20). അതാകട്ടെ, സുവിശേഷപ്രഘോഷണാധിഷ്ഠിതമായ പ്രേഷിത പ്രവര്‍ത്തനത്തിലേക്കുള്ള ആഹ്വനമാണ്. ഒരു ക്രൈസ്തവന് ആയി ജീവിക്കുക എന്നത് നല്ലൊരു ശിഷ്യനും നല്ലൊരു മിഷണറിയുമായി ജീവിക്കുക എന്നതാണ്. അതുകൊണ്ടുതന്നെ സഭയിലെ എല്ലാ ഭക്താനുഷ്ഠാനങ്ങളും അവയിലേക്ക് നയിക്കുന്നതാകണം.
സഭയിലെ എല്ലാ ക്രിസ്തു കേന്ദ്രീകൃതമായ ഭക്താനുഷ്ഠാനങ്ങളും ഈ അര്‍ത്ഥത്തില്‍ നല്ലൊരു ക്രിസ്തു ശിഷ്യനെ വാര്‍ത്തെടുക്കുന്ന ഭക്താഭ്യാസമാര്ഗങ്ങളാണ്. അതോടൊപ്പം തന്നെ നല്ലൊരു പ്രേക്ഷിതനായി സുവിശേഷപ്രഘോഷണം നടത്തുവാന്‍ നിരന്തരം പ്രചോദിപ്പിക്കുന്ന സ്രോതസ്സുകളാണ്. ഇടവക കേന്ദ്രീകരിച്ചു അര്‍ത്ഥപൂര്‍ണമായി ഇവയെ അനുഷ്ഠിക്കുമ്പോള്‍ ഇടവകയെ ദൈവ രാജ്യമാക്കുവാന്‍ പ്രാപ്തമാക്കുന്ന പ്രവര്‍ത്തനങ്ങളായി മാറുന്നു. മാതാവിനോടും വിശുദ്ധരോടുമുള്ള പ്രത്യേക ഭക്താനുഷ്ഠാനങ്ങള്‍ ഈ ക്രൈസ്തവ ധര്‍മ്മങ്ങളെ കൂടുതല്‍ എളുപ്പത്തില്‍ ബോധ്യപ്പെടുത്തുവാനും അവയില്‍ കര്‍മ്മനിരതരാക്കുവാനും സഹായിക്കുന്നു.
ഭക്താനുഷ്ഠാനങ്ങളിലെ രീതിശാസ്ത്രം
ഇന്ന് കേരളത്തില്‍ നടക്കുന്ന വിവിധ രീതിയിലുള്ള മാധ്യസ്ഥ ഭക്താനുഷ്ഠാനങ്ങള്‍ കൂടുതല്‍ ജനകീയമാകുന്നത് ധ്യാനകേന്ദ്രങ്ങളിലൂടെയും നൊവേന കേന്ദ്രങ്ങളിലൂടെയും തീര്‍ത്ഥാടനങ്ങളിലൂടെയും തിരുനാള്‍ ആഘോഷങ്ങളിലൂടെയുമാണ്. ഇവയിലൂടെ നടക്കുന്ന വിവിധ രീതിയിലുള്ള ഭക്താനുഷ്ഠാനങ്ങള്‍ വഴി ആത്മീയ ചൈതന്യം വളരുന്നതിനും പ്രാര്‍ഥനാജീവിതം ശക്തിപ്പെടുത്തുന്നതിനും വിശുദ്ധ ജീവിതം കൈവരിക്കുന്നതിനും സാധിക്കുന്നു. അതുകൊണ്ടുതന്നെ വളരെ ജനകീയമായ രീതിയില്‍ വിശ്വാസം വ്യക്തിഗതമാക്കുവാനും ചൈതന്യവത്താക്കാനും ഇവിടെ നടക്കുന്ന ജനകീയ ഭക്താനുഷ്ഠാനങ്ങള്‍ സഹായിക്കുന്നു. തീവ്രമായും തീഷ്ണമായും നടത്തുന്ന പ്രാര്‍ഥനകളും ധ്യാനങ്ങളും ധാരാളം അദ്ഭുതങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കും കാരണമാകുന്നു. അതിനായി ജീവാര്‍പ്പണം ചെയ്തവര്‍ അനുഭവിക്കുന്ന ത്യാഗങ്ങള്‍ സുത്യര്‍ഹമാണ്. അതിലൂടെ വിശ്വാസികള്ക്കുണ്ടാവുന്ന സ്വര്‍ഗ്ഗീയാനന്ദവും പ്രേഷിത പ്രവര്‍ത്തന ത്വരയും ശ്ലാഘനീയം തന്നെയാണ്.
ധ്യാനകേന്ദ്രങ്ങളിലും നൊവേന കേന്ദ്രങ്ങളിലും കാര്യക്ഷമമായ വിശ്വാസപ്രവര്ത്തനങ്ങള് നടക്കുന്നുണ്ടെങ്കിലും അവര്‍ ഉപയോഗിക്കുന്ന രീതികള്‍ ചിലപ്പോഴെങ്കിലും യുക്തിപരമായ വിശ്വാസ കൈമാറ്റപ്രക്രിയയേക്കാള് യഥാര്‍ത്ഥ വിശ്വാസത്തില്‍നിന്ന് വ്യതിചലിക്കുന്ന രീതിയിലുള്ള തീവ്ര നിലപാടുകള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്ന പ്രവര്‍ത്തനങ്ങളായി കാണാം. അവ പലപ്പോഴും വിശ്വാസ ജീവിതത്തെ വഴിതെറ്റിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളായി മാറുന്നുണ്ട്. അവയില്‍ ഒന്നാമത്തെ തീവ്ര നിലപാടായി കാണുന്നത് അമിതമായ പാപബോധം കുത്തിനിറച്ചു കൊണ്ടുള്ള വചനപ്രഘോഷണവും പ്രാര്‍ഥനാ രീതികളുമാണ്. ചെയ്തുപോയ പാവങ്ങളെ ഓര്‍മിപ്പിച്ചു ഭയപ്പെടുത്തുകയും കൂടുതല്‍ വൈകാരികമായ തലത്തിലെത്തിച്ച് കുറ്റബോധമുള്ളവരാക്കി മാനസാന്തരപ്പെടുത്തുന്ന രീതിയാണത്. ഇതുവഴി ഭയത്തില്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ആധ്യാത്മികതയാണ് രൂപപ്പെടുന്നത്. ദൈവത്തില്‍ പൂര്‍ണ്ണമായും ചില ആചാരങ്ങള്‍ക്ക് ആശ്രയിച്ചുകൊണ്ട് സ്വാഭാവികമായി ദൈവം നല്കിയ ദാനങ്ങളെ വളര്‍ത്താതെ വിശ്വാസജീവിതത്തെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍നിന്ന് വ്യതിചലിപ്പിക്കുന്നതായി ഭക്താനുഷ്ഠാനങ്ങള്‍ മാറുന്നു. വര്‍ദ്ധിച്ച പാപബോധം ക്രൈസ്തവ ജീവിതത്തിന്റെ സന്തോഷവും സമാധാനവും നഷ്ടപ്പെടുത്തുന്നതിന് കാരണമാകുന്നു. ദൈവസ്നേഹം എന്നത് ഭയത്താല്‍ പ്രേരിതമാകുമ്പോള്‍ ദൈവമക്കളുടെ അവകാശത്തിലൂടെ യഥാര്‍ത്ഥ സ്നേഹവും, സ്വാതന്ത്ര്യവും, സന്തോഷവും നഷ്ടപ്പെടുന്നു.
ശക്തമായ കുറ്റബോധം ഉള്ളില്‍ നിറയുമ്പോള്‍ താനൊന്നിനും കൊള്ളരുതാത്തവനാണെന്നും തനിക്കൊരിക്കലും വിശുദ്ധനാകാന്‍ സാധിക്കുകയില്ലെന്നുമുള്ള ചിന്തയില്‍ അസ്വസ്ഥരാകുന്നവരുണ്ട്. ശിഷ്യത്വത്തില്‍ വളരുന്നതിന് പകരം അമിതമായ ഭക്തിയിലും താങ്ങാനാവാത്ത പാപഭാരത്താല്‍ തുടര്‍ച്ചയായുള്ള കുമ്പസാരത്തിലേക്കും വളരുന്ന രീതിയിലുള്ള ഒരു ആധ്യാത്മികത സൃഷ്ടിക്കുന്നതിനു കാരണമാകുന്നു. പാപപ്രലോഭനങ്ങളില്‍ വീഴാതെ ബോധപൂര്‍വ്വം ചില പ്രവര്‍ത്തികള്‍ ഒഴിവാക്കി ചില തെറ്റായ ശീലങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതായി കാണാം. കൂട്ടുകാരെ ഒഴിവാക്കുകയും വിനോദങ്ങളോട് വിട പറയുകയും ചെയ്തുകൊണ്ട് പൂര്‍ണമായും ചില ഭക്താനുഷ്ഠാനങ്ങളിലും ഉപവാസ പ്രാര്‍ഥനയിലും ഏര്‍പ്പെടുന്നത് ഇതിനുദാഹരണമാണ്. തീവ്രമായ പാപബോധം ശക്തിപ്പെടുന്നതുവഴി വഴി ഭയാശങ്കകള്‍ വര്‍ദ്ധിക്കുകയും ആകുലതയും ഉത്കണ്ഠതയും കാരണം നെഗറ്റീവായ പ്രതിച്ഛായ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. വിഷമം, മാനസിക സമ്മര്‍ദ്ദം മുതലായവ സൃഷ്ടിച്ചുകൊണ്ട് ദൈവീക ഛായയ്ക്കും മങ്ങലേല്‍പ്പിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു.
രണ്ടാമതായി, ഇത്തരം കേന്ദ്രങ്ങളില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്ന തീവ്ര നിലപാട് വിജയോന്മുഖ (Triumphalsti) സുവിശേഷവുമായി ബന്ധപ്പെട്ടാണ്. ഭാഗ്യസ്മരണാര്‍ഹനായ ഫ്രാന്‍സിസ് പാപ്പ ഇതിനെ സമൃദ്ധിയുടെ (Propsertiy) സുവിശേഷമെന്നാണ് വിളിച്ചത്. ഉദാരമായ സംഭാവനകളിലൂടെയും ആത്മീയപ്രവര്ത്തനങ്ങളിലൂടെയും ഭൗതിക നേട്ടങ്ങള്‍ കൈവരിക്കുവാന്‍ കഴിയുമെന്ന നിലപാടാണിത്. ഭൗതിക സമ്പത്തും നേട്ടങ്ങളും മാത്രം ദൈവാനുഗ്രഹത്തിന്റെ അടയാളങ്ങളായി ചിത്രീകരിച്ചുകൊണ്ട് ജീവിതത്തിലുണ്ടാകുന്ന ദുഃഖങ്ങളെയും പ്രശ്നങ്ങളെയും ശരിയായരീതിയില്‍ മനസ്സിലാക്കി അംഗീകരിക്കാന്‍ കഴിയാത്തരീതിയിലുള്ള സ്ഥിതിവിശേഷമാണിത്. ക്രിസ്തീയവിശ്വാസത്തിന്റെ കേന്ദ്രമായി നിലകൊള്ളുന്ന ദൈവരാജ്യസംസ്ഥാപനപ്രവര്ത്തനങ്ങളേയും, മാനസാന്തര അധിഷ്ഠിതമായ ക്രൈസ്തവ ജീവിതത്തെയും ക്രിസ്തുവിന്റെ ഉത്ഥാനത്തിലൂടെ ലഭിക്കുന്ന നിത്യരക്ഷയെയും ഉയര്‍ത്തിക്കാട്ടുന്നതിനു പകരം ഈ ലോകജീവിതത്തിലുണ്ടാകുന്ന നേട്ടങ്ങളുടെ പട്ടിക മഹത്വീകരിച്ച് പകര്‍ന്നു കൊടുക്കാനാണ് ശ്രമിക്കുന്നത്. രക്ഷകരമായ ക്രിസ്തു സംഭവങ്ങളിലൂടെ കൈവരുന്ന സ്വര്ഗ്ഗീയാനന്ദത്തെ ക്രമേണ തിരസ്കരിക്കപ്പെടുവാന്‍ ഇടയാകുന്നു. ഇത് വിശുദ്ധിയേക്കാള്‍ വിജയങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതിനും, ശിഷ്യത്വത്തെക്കാള് സുഖങ്ങള്‍ നിറഞ്ഞ ജീവിതാവസ്ഥകളിലേക്കും, രക്ഷാകരമായ ജീവിതത്തില്‍നിന്നും ഭൗതിക നേട്ടങ്ങളിലേക്കും, കുരിശില്‍നിന്നും സഹനമാര്ഗ്ഗത്തില്നിന്നും ലോകരീതികളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തില്‍ ക്രിസ്തുശിഷ്യത്വത്തെ വ്യാഖ്യാനിക്കുന്നതിനിടയാക്കുന്നു.
ജനകീയ ഭക്താനുഷ്ഠാന വെല്ലുവിളികള്‍
സുവിശേഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് സമൃദ്ധിയുടെ ജീവിതരീതികളായ അദ്ഭുതങ്ങളെ കാണിച്ച് കുരിശുകളെ തൃണവത്കരിക്കുന്ന പ്രവണത ക്രിസ്തു രക്ഷാമാര്ഗ്ഗത്തിന് ചേര്‍ന്നതല്ല. കുരിശ് എടുത്ത് തന്നെ അനുഗമിക്കാനും, ദാരിദ്ര്യത്തിലും ദുഃഖത്തിലും, പീഡകളിലൂടെയും ആനന്ദിച്ചുകൊണ്ട് രക്ഷ സ്വന്തമാക്കുവാനുമാണ് യേശു ആഹ്വാനം ചെയ്തത്. എന്നാല്‍, ഭൗതിക നേട്ടങ്ങളെമാത്രം ദൈവാനുഗ്രഹങ്ങളായി പര്‍വ്വതീകരിക്കുന്ന തെറ്റായ ധാരണ പരത്തുന്ന രീതിയിലുള്ള ആധ്യാത്മികത വിശ്വാസികളുടെ മനസ്സില്‍ സൃഷ്ടിക്കുന്നതിന് സമൃദ്ധിസുവിശേഷം പ്രചോദിപ്പിക്കുന്നു.
- ഭൗതികനേട്ടങ്ങളെ മാത്രം ദൈവാനുഗ്രഹമായി കാണുന്നത്: സമ്പന്നര്‍ ദൈവാനുഗ്രഹം ലഭിച്ചവര്‍ എന്നും ദരിദ്രര്‍ വിശ്വാസക്കുറവുള്ളവരാണെന്നും, രോഗം വിശ്വാസത്തിന്റെ കുറവുകൊണ്ട് ഉണ്ടായതാണെന്നും, സാമ്പത്തിക വിജയം ആത്മീയ പക്വത പ്രാപിച്ചവര്‍ക്കുള്ള സമ്മാനമാണ് എന്നുമുള്ള ചിന്തകളാണ് സമൃദ്ധിയുടെ സുവിശേഷം പ്രസംഗിക്കുന്നതിലൂടെ അറിയാതെ ഉള്ളില്‍ നിറയുന്നത്. ജനകീയ ഭക്താനുഷ്ഠാനങ്ങളിലൂടെ അജപാലനമേഖലയില്‍ ധാരാളം വിപത്തുകളുണ്ടാകാനുള്ള സാധ്യത ഇതിലൂടെ സംജാതമാകുന്നു. മാതാവിനും വിശുദ്ധര്‍ക്കും നല്കുന്ന വണക്കം ക്രിസ്തുവിനു നല്കുന്ന ആരാധനയ്ക്കു സമാനമായോ ചിലപ്പോള്‍ അതിലും ഉയര്‍ന്നതായി പോകാനോ ഇടയുണ്ട്. ക്രിസ്തുശിഷ്യനാകുന്നതിനുപകരം വിശുദ്ധരുടെ ശിഷ്യരോ, മാതാവിന്റെ മക്കളോ ആയി മാത്രം സ്വയം വിശേഷിപ്പിക്കുകയും ക്രിസ്ത്വാനുകരണത്തിന്റെ പ്രസക്തി പരിമിതപ്പെടുത്തുകയും ചെയ്യുന്നതിനു ഇതു ഇടയാക്കാനും കാരണമാകാം.
- ജനകീയ ഭക്താനുഷ്ഠാനങ്ങള്‍: ചില അന്ധവിശ്വാസങ്ങളിലേക്ക് നയിക്കുന്നതിനു കാരണമാകാം. ആശീര്‍വദിച്ച എണ്ണയും നൂലും തിരിയും അദ്ഭുതസിദ്ധിക്കു കാരണമാകുന്നു എന്ന ചിന്ത. ചില വിശുദ്ധര്‍ക്കും തീര്‍ഥാടന കേന്ദ്രങ്ങള്‍ക്കും അദ്ഭുതങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ കഴിവുണ്ട് എന്ന തരത്തിലുള്ള വിശ്വാസം പരക്കെ വ്യാപരിക്കുന്നതിന് ഇത് ഇടയാക്കുന്നു.
- മാന്ത്രികശക്തി: ഇത്ര ദിവസം തുടര്‍ച്ചയായി പ്രാര്‍ഥിച്ചാലോ, അടയാളങ്ങള്‍ ഉപയോഗിച്ചാലോ, നിര്‍ദ്ദേശിക്കുന്ന സമയത്ത് അനുഷ്ഠാനം നടത്തിയാലോ അദ്ഭുതമുണ്ടാകുമെന്ന ചിന്താഗതികള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു.
- വ്യക്തി പൂജയിലേക്കു നയിക്കുന്നു: ആള് ദൈവങ്ങളെ സൃഷ്ടിക്കുന്നതിനും അവര്‍ക്കു പ്രത്യേകമായ കഴിവ് ദൈവം നല്കിയിട്ടുള്ളതുകൊണ്ട് അവരുടെ പ്രാര്‍ഥനയും കൈവയ്പ്പും മാത്രമേ ഫലിക്കുകയുള്ളൂ എന്നുമുള്ള ചിന്താഗതി ശക്തമായി അവതരിപ്പിക്കപ്പെടുന്നു.
- അദ്ഭുതങ്ങള്‍ വ്യാപാരം നടത്തുന്നു: അവിടെയുണ്ടാകുന്ന അദ്ഭുതങ്ങളെ മാത്രം പരസ്യപ്പെടുത്തി അവയെ പര്‍വ്വതീകരിച്ചു കാണിക്കുന്ന രീതി വ്യാപകമായി കാണുന്നതായി കാണാം. അതുമാത്രമാണ് ശിഷ്യത്വത്തിന്റെ ലക്ഷണമായി പലപ്പോഴും ചിത്രീകരിക്കുന്നത്.
- വാണിജ്യവല്‍ക്കരണം: പലപ്പോഴും സമ്പത്തുവര്ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗമായി ഇവയെ കാണുന്നു. ബോധപൂര്‍വ്വം സാമ്പത്തിക ലാഭം വളര്‍ത്തിയെടുക്കപ്പെടുന്ന ഒരു വ്യവസായശൃംഖല ജനകീയ ഭക്താനുഷ്ഠാനങ്ങളുടെ ഭാഗമായി മാറുന്നു. ഭക്താനുഷ്ഠാന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിവിധ കച്ചവടസ്ഥാപനങ്ങളും സാമ്പത്തിക സമാഹരണ രീതികളും ഇവയ്ക്ക് ഉദാഹരണങ്ങളാണ്.
- ഭൗതിക നേട്ടങ്ങള്‍ കേന്ദ്രമാക്കിയുള്ള പ്രാര്‍ഥനരീതികള്‍: ഭൗതിക നേട്ടങ്ങളെ ദൈവാനുഗ്രഹങ്ങളായി കണ്ടുകൊണ്ട് അവയ്ക്കുവേണ്ടി മാത്രം പ്രാര്‍ഥിക്കുകയും, ഉപവസിക്കുകയും വിവിധതരം ധ്യാനമാര്‍ഗ്ഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നത് യഥാര്‍ത്ഥ വിശ്വാസവര്‍ദ്ധനവിനും സുവിശേഷപ്രഘോഷണത്തിനും പ്രാധാന്യം നഷ്ടപ്പെടുന്നതിനു കാരണമാകുന്നു.
ഇപ്രകാരമുള്ള ജനകീയ ഭക്തികളിലൂടെ ഉണ്ടാകുന്ന അജപാലന പ്രശ്നങ്ങള്‍ ഇടവകകളെ തീര്‍ഥാടന കേന്ദ്രങ്ങളാക്കി മാറ്റുവാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുന്നു. കെട്ടിടങ്ങളുടെ വലിപ്പവും വസ്തുക്കളുടെ വ്യാപ്തിയും അതുവഴി ഇടവകയ്ക്കും ഇവടകക്കാര്ക്കും ഉണ്ടാകുന്ന സാമ്പത്തിക ലാഭവുമാണ് പലപ്പോഴും ഭക്താനുഷ്ഠാന പ്രവര്‍ത്തനങ്ങളില്‍ പ്രാമുഖ്യം കൈവരുന്നു. വിശ്വാസികളുടെ കൂട്ടായ്മയും ശിഷ്യത്വപരിശീലന മാര്‍ഗ്ഗങ്ങളും പ്രേഷിതദൗത്യവും മറന്നുകൊണ്ട് പ്രശസ്തിയും ലാഭവുമാണ് അജപാലനപ്രവര്ത്തനങ്ങളായി പലപ്പോഴും ഭക്താനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് സഭാപ്രവര്ത്തനങ്ങളായി ചിത്രീകരിക്കപ്പെടുന്നത്.
പ്രശ്നങ്ങളും ജീവിതപ്രതിസന്ധികളും അകറ്റുവാന്പോന്ന ഒറ്റമൂലികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളായി പലപ്പോഴും ജനകീയഭക്താനുഷ്ഠാനങ്ങള് മാറുന്നു. സമഗ്രമായ വ്യക്തിവികാസത്തിനും പക്വതയായ വിശ്വാസവളര്‍ച്ചയ്ക്കും സഹായിക്കുമ്പോഴാണ് അവ യഥാര്‍ത്ഥ ശിഷ്യത്വത്തിലേക്കും പ്രേഷിതത്വത്തിലേക്കും നയിക്കുന്ന ക്രൈസ്തവ മാര്‍ഗ്ഗങ്ങളായി മാറുകയുള്ളൂ എന്ന കാര്യം പലപ്പോഴും തമസ്കരിക്കപ്പെടുന്നു.
വിശ്വാസമെന്നത് കാര്യകാരണ വിശ്വാസമായി മാറുന്നത് ദൈസ്നേഹത്തിലും അയല്പക്കസ്നേഹത്തിലും വളര്‍ന്നുകൊണ്ട് പക്വതയാര്‍ന്ന ശിഷ്യത്വത്തിലേക്കും പ്രേഷിതത്വത്തിലേക്കും വളരുന്നതാണ്. അതിനുപകരം പ്രശ്നപരിഹാര മാര്‍ഗ്ഗമായി മാത്രം വിശ്വാസജീവിതം ചുരുങ്ങുമ്പോള്‍ ദൈവത്മാവിന്റെ പ്രവര്‍ത്തനങ്ങളെ വികലമായി ചിത്രീകരിക്കുന്നതിനു കാരണമാകുന്നു. ഇതുവഴി ഭൗതികനേട്ടങ്ങള്‍ക്കു വേണ്ടിയുള്ള ഇടമായി ഇടവകകളിലെ അജപാലനപ്രവര്‍ത്തനങ്ങള്‍ മാറുകയാണ് എന്ന ചിന്തയാണ് വ്യാപകമാകുന്നത്.
സുവിശേഷത്തില്‍ ക്രിസ്തുനാഥന് തന്റെ അനുയായികളെ തങ്ങളുടെ സ്വന്തം കുരിശുമെടുത്ത് അവിടുത്തെ പിന്ചെല്ലുവാനാണ് ആവശ്യപ്പെടുന്നത്. കുരിശില്ലാത്ത ഭൗതികലോകത്തെയാണ് ചില ഭക്താനുഷ്ഠാനങ്ങളിലൂടെ ആളുകള്‍ സ്വപ്നം കാണുന്നത്.
അജപാലനമേഖലകളില്‍ ശ്രദ്ധിക്കേണ്ടത്. - ഇടവകയിലെ ജനകീയ ഭക്താനുഷ്ഠാനങ്ങളെ കൂദാശാധിഷ്ഠിതമായും വചനാധിഷ്ഠിതമായും ക്രമപ്പെടുത്തേണ്ടത് വളരെയധികം അത്യന്താപേക്ഷിതമാണ്. വേദനകളും കഷ്ടപ്പാടുകളും ദുഃഖദുരിതങ്ങളും ജീവിതത്തിന്റെ ഭാഗമായി തിരിച്ചറിയാന്‍ സഹായിക്കുന്ന ആരാധനകളാണ് വിശ്വാസജീവിതത്തെ ക്രമപ്പെടുത്തുന്നത്. ഭക്താനുഷ്ഠാനങ്ങളും അതിനാവശ്യമായ മാര്‍ഗ്ഗരേഖകള്‍ നല്‍കേണ്ടതാണ്. ക്രിസ്തുവിശ്വാസത്തിലും ജീവിത നവീകരണപ്രക്രിയയില്നിന്നും വ്യതിചലിക്കാതെ ഇടവകയിലെ ജനകീയ ഭക്താനുഷ്ഠാനങ്ങളെ ക്രമപ്പെടുത്തുന്നത് അഭികാമ്യമാകും.
- ജനകീയഭക്താനുഷ്ഠാനങ്ങളില് ഉപയോഗിക്കുന്ന ഭാഷയെ ശുദ്ധീകരിക്കേണ്ടതാണ്. വിശ്വാസസത്യങ്ങളെ നിസ്സാരവല്‍ക്കരിക്കുന്ന പദപ്രയോഗങ്ങളും വാക്യഘടനകളും ഒഴിവാക്കിയുള്ള പ്രാര്‍ഥനാരീതികളെ പ്രോത്സാഹിപ്പിക്കുന്നത് കൂടുതല്‍ വിശ്വാസ ശക്തീകരണത്തിന് സഹായിക്കും.
- അന്ധവിശ്വാസത്തിലേക്കു നയിക്കുവാന്‍ സാധ്യതയുള്ള ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഒഴിവാക്കുന്നത് ഏറെ പ്രയോജനപ്രദമാകും.
- സാമ്പത്തിക ലാഭം മാത്രം ലാക്കാക്കിയുള്ള ഭക്താനുഷ്ഠാനങ്ങള്‍ നിരുത്സാഹപ്പെടുത്തുകയും സഹനമടങ്ങിയിരിക്കുന്ന കുരിശിന്റെ വഴി ജീവിതരീതിയാക്കുവാന് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നത് ശിഷ്യത്വ വളര്‍ച്ചയ്ക്കും പ്രേഷിതത്വത്തിനും ഗുണം ചെയ്യും.
- ശരിയായ ബോധവത്ക്കരണം വിശ്വാസികള്‍ക്കു കൃത്യമായി നല്‍കുക. ക്രിസ്തു കേന്ദ്രീകൃതമായി ദേവാലയത്തിലെ കൂദാശ പരികര്‍മ്മങ്ങളും ഭക്താഭ്യാസങ്ങളും ദൈവാരാധനയിലേക്ക് നയിക്കുവാന്‍ ഉതകുന്ന പ്രേരണ പ്രധാനം ചെയ്യുന്നവയായി മാറേണ്ടതാണ്. ആരാധനയും ആരാധനയിലേക്ക് നയിക്കുന്ന ഭക്താനുഷ്ഠാനങ്ങളും വണക്കവും വണക്കത്തിലേക്കു നയിക്കുന്ന ഭക്താനുഷ്ഠാനങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളെ കൃത്യമായി പഠിപ്പിക്കേണ്ടതാണ്.
- വൈകാരികമായ അനുഭൂതികളെ ഉദ്ദീപ്തമാക്കിമാത്രം വിശ്വാസാചാരങ്ങളെ പകര്‍ന്നു കൊടുക്കുന്നതിനുപകരം വിവേചനം ഉപയോഗിച്ച് മനസ്സിലാക്കുവാന്‍ വിശ്വാസികളെ പ്രാപ്തമാക്കേണ്ടതാണ്.
- രൂപതകളും വ്യക്തമായ അജപാലനപദ്ധതി ഉണ്ടാക്കണം. അജപാലനപദ്ധതികള്‍ സമഗ്രഹവും വ്യക്തവുമായ വിശ്വാസ വളര്‍ച്ചയ്ക്ക് സഹായിക്കുന്നതായിരിക്കണം. ഘട്ടം ഘട്ടമായി എങ്ങനെ വിശ്വാസ വളര്‍ച്ചയെ വര്‍ദ്ധിപ്പിക്കും എന്നത് വിശ്വാസികളെ ബോധ്യപ്പെടുത്തുന്ന രീതിയിലായിരിക്കണം അജപാലനപദ്ധതി രൂപപ്പെടുത്തി അവയില്‍ വിശ്വാസികളെ പങ്കാളികളാക്കേണ്ടത്.
- ജനകീയ ഭക്താനുഷ്ഠാനങ്ങല് ദുരിതാശ്വാസപ്രവര്ത്തനങ്ങള്പോലെയാകാതെ കൃത്യമായ വിശ്വാസ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന രീതിയില്‍ കൂദാശ സ്വീകരണത്തിലേക്കും വചനാധിഷ്ഠിത ജീവിതത്തിലേക്കും നയിക്കുന്ന മാര്‍ഗ്ഗങ്ങളായി വ്യാഖ്യാനിക്കുവാന്‍ വൈദികരെയും അല്മായ നേതാക്കളെയും പ്രചോദിപ്പിക്കുക. പ്രസംഗപീഠങ്ങള്‍ അതിനായി ഉപയോഗിക്കേണ്ടതാണ്.
- എല്ലാറ്റിനെയും വ്യക്തിപരമായ വെളിപാടായി വ്യാഖ്യാനിക്കുന്ന പ്രവണത നിയന്ത്രിക്കണം. രക്ഷയിലേക്ക് നയിക്കുന്ന പൊതുവായ വെളിപാട് അവസാനത്തെ അപ്പസ്തോലന്റെ കാലത്തോടെ അവസാനിച്ചുവെന്നും അതിനെ കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കുന്ന വ്യക്തിഗത വെളിപാടുകള്‍ രക്ഷാമാര്‍ഗ്ഗത്തെ വ്യതിചലിപ്പിക്കുന്നതാകരുതെന്നുമുള്ള പ്രബോധനം എല്ലാവരെയും ശരിയായി ബോധ്യപ്പെടുത്തേണ്ടതാണ്. വ്യക്തിഗത വെളിപാടിനു സഭ നല്‍കിയിട്ടുള്ള മാനദണ്ഡം അനുസരിച്ചുമാത്രം മനസ്സിലാക്കുവാന്‍ എല്ലാവരെയും പഠിപ്പിക്കേണ്ടതാണ്.
ഉപസംഹാരം
ജനകീയഭക്താനുഷ്ഠാനങ്ങള് സഭയില്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒന്നാണ്. സാധാരണ ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിന് ഇവ ഏറെ സഹായകമാണ്. അനുദിനജീവിതത്തെ സ്പര്‍ശിക്കുന്ന വിശ്വാസ സാക്ഷ്യങ്ങള്‍ പലതും വിശ്വാസത്തില്‍ ആഴപ്പെടുന്നതിന് സഹായകമാകുന്നു. എന്നിരുന്നാലും, ക്രിസ്തു കേന്ദ്രീകൃതമായ ശിഷ്യത്വത്തിലേക്കും പ്രേഷിതത്വത്തിലേക്കും നയിക്കാതെ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കുവേണ്ടി മാത്രം ജനകീയ ഭക്താനുഷ്ഠാനങ്ങളെ ഉപയോഗിക്കുമ്പോള്‍ അത് ക്രിസ്തുവിന്റെ പഠനങ്ങളില്‍നിന്നും വ്യതിചലിപ്പിക്കുന്നതിന് കാരണമാകാം. ദൈവസ്നേഹത്തിന്റേയും പരസ്നേഹത്തിന്റേയും ബഹുസ്ഫുരണങ്ങളെന്നതിനേക്കാള് സ്വാര്‍ത്ഥ താല്പര്യങ്ങളുടെയും ലാഭേച്ഛകളുടെയും നിഗൂഡ അജണ്ടകളുടെമേല് ക്രമപ്പെടുത്തുന്ന ജനകീയ ഭക്താനുഷ്ഠാനങ്ങള്‍ സഭയ്ക്ക് ബാധ്യതകളായി മാറും എന്നതില്‍ സംശയമില്ല.

