കൊച്ചി: കേരള കത്തോലിക്കാ സഭയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ 2026–27 അംഗത്വ വിതരണ ക്യാമ്പയിന് തുടക്കമായി.
ഓച്ചന്തുരുത്ത് ക്രൂസ് മിലാഗ്രസ് ദൈവാലയത്തിൽ നടന്ന ചടങ്ങിൽ കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് പുതിയ അംഗമായ സ്റ്റീവ് ക്രിസ്റ്റിക്ക് അംഗത്വ ഫോം നൽകി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു.
യുവജനങ്ങളുടെ സാമൂഹിക, കലാ-കായിക, വിദ്യാഭ്യാസ, ആത്മീയ മേഖലകളുടെ സമഗ്ര വികസനത്തിന് പ്രാധാന്യം നൽകിയാണ് കെ.സി.വൈ.എം പ്രവർത്തിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. 1974-ൽ പ്രവർത്തനം ആരംഭിച്ച പ്രസ്ഥാനം അതിരൂപതയിലെ യുവജനങ്ങളുടെ ക്ഷേമത്തിനും നേതൃത്വവികസനത്തിനുമായി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രൊമോട്ടർ റവ. ഫാ. റാഫേൽ സ്റ്റിനിൽ ചാണാശ്ശേരി, ഓച്ചന്തുരുത്ത് ഇടവക സഹവികാരി ഫാ. സിബിൻ ജോസി നെല്ലിശ്ശേരി, കെ.എൽ.സി.എ വരാപ്പുഴ അതിരൂപത സെക്രട്ടറി നിക്സൺ വേണാട്ട്, സി. അനസ്തേഷ്യ O.Carm., കെ.സി.വൈ.എം സെൻട്രൽ കമ്മിറ്റി സെക്രട്ടറി ജോ തോമസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ വിനോജ് വർഗീസ്, ഫെർഡിൻ ഫ്രാൻസിസ്, അധീന നിക്സൺ, കെ.സി.വൈ.എം വൈപ്പിൻ മേഖല പ്രസിഡന്റ് റൂബൻ മാർട്ടിൻ, ഓച്ചന്തുരുത്ത് യൂണിറ്റ് പ്രസിഡന്റ് ജനീക് റോഡ്രിഗസ്, സെക്രട്ടറി ഏറോൺ ഐ. എസ്. എന്നിവരും യൂണിറ്റ് ഭാരവാഹികളും പങ്കെടുത്തു.

