വത്തിക്കാൻ സിറ്റി: വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ 800-ാം ചരമവാർഷികാചരണങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന “ഗോ! ഫ്രാൻസിസ്കൻ യൂത്ത് മീറ്റിംഗ് 2026”-ൽ പങ്കെടുക്കാൻ ലെയോ പതിനാലാമൻ പാപ്പ ഓഗസ്റ്റ് 6-ന് അസ്സീസി സന്ദർശിക്കും.
യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 18 മുതൽ 33 വയസ്സുവരെയുള്ള യുവജനങ്ങളെ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപനദിനത്തിലാണ് പാപ്പയുടെ സന്ദർശനം.സാന്താ മരിയ ദെല്ലി ആഞ്ചെലി ബസിലിക്കയിൽ യുവജനങ്ങൾക്കൊപ്പം പാപ്പ വിശുദ്ധ ബലിയർപ്പിക്കും. ഹെലിപ്പാഡിൽ നിന്ന് ബസിലിക്കയിലേക്ക് എത്തുന്ന പാപ്പയെ ഫ്രാൻസിസ്കൻ സമൂഹങ്ങളുടെ ജനറൽ മിനിസ്റ്റർമാരായ മാസ്സിമോ ഫുസരെല്ലി ഒ.എഫ്.എം., കാർലോസ് ആൽബെർത്തോ ത്രൊവരെല്ലി ഒ.എഫ്.എം. കോൺവ്., റൊബെർത്തോ ജെനുവീൻ ഒ.എഫ്.എം. കാപ്പ്. എന്നിവർ ചേർന്ന് സ്വീകരിക്കും.
രാവിലെ 8.45-ന് ബസിലിക്കയ്ക്കു മുന്നിലെ ചത്വരത്തിൽ യുവജനങ്ങളുമായി പാപ്പ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്കിടെ യുവജനങ്ങളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകും. തുടർന്ന് ആശ്രമത്തിൽ മെത്രാന്മാരെയും വിശുദ്ധ ഫ്രാൻസിസിന്റെ 800-ാം ചരമവാർഷികാഘോഷങ്ങൾ ഏകോപിപ്പിക്കുന്ന ദേശീയ കമ്മിറ്റിയംഗങ്ങളെയും പാപ്പ അഭിവാദ്യം ചെയ്യും.തുടർന്ന് സാന്താ മരിയ ദെല്ലി ആഞ്ചെലി ബസിലിക്കയിൽ വിശുദ്ധ ബലിയർപ്പണത്തിന് മുഖ്യകാർമികത്വം വഹിക്കുന്ന പാപ്പ, ഫ്രാൻസിസ്കൻ യുവജനസമ്മേളനവുമായി ബന്ധപ്പെട്ട പരിപാടികൾക്ക് ശേഷം ഉച്ചയോടെ ഹെലികോപ്റ്ററിൽ വത്തിക്കാനിലേക്ക് മടങ്ങും.

