വത്തിക്കാൻ സിറ്റി: 2027-ൽ നടക്കുന്ന പ്രാദേശിക സഭകളുടെ സിനഡൽ അസംബ്ലികൾക്കാവശ്യമായ മാനദണ്ഡങ്ങളും പ്രായോഗിക മാർഗനിർദേശങ്ങളും ഉൾക്കൊള്ളുന്ന പഠനസഹായി സിനഡിന്റെ ജനറൽ സെക്രട്ടേറിയേറ്റ് പ്രസിദ്ധീകരിച്ചു. ‘ഓർമ്മിക്കുക’ (Remember) എന്ന പേരിലുള്ള ഈ രേഖ വിവിധ ഭാഷകളിൽ സിനഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
സിനഡൽ യാത്രയുടെ ഇതുവരെയുള്ള അനുഭവങ്ങളെ പ്രാർഥനാപൂർവം നന്ദിയോടെയും ആത്മാർത്ഥതയോടെയും വിലയിരുത്തി, അതിൽനിന്ന് രൂപപ്പെട്ട ഫലങ്ങളെ അടിസ്ഥാനമാക്കി അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ പ്രാദേശിക സഭകളെ ഈ പഠനരേഖ ക്ഷണിക്കുന്നു. മൂല്യനിർണയം ഒരു സാങ്കേതിക നടപടിയല്ല; മറിച്ച് നന്ദിയുടെയും സത്യത്തിന്റെയും ആത്മീയ അനുഭവമാണെന്ന് സെക്രട്ടേറിയേറ്റിന്റെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.സിനഡിന്റെ സെക്രട്ടറി ജനറലായ കർദിനാൾ മാരിയോ ഗ്രെച്ച്, “ഓർമ്മിക്കുക” എന്നത് ഭൂതകാലത്തിലേക്കുള്ള മടങ്ങിപ്പോക്കല്ലെന്നും, ചരിത്രത്തിൽ ദൈവം പ്രവർത്തിച്ച വഴികളെ തിരിച്ചറിഞ്ഞ് വർത്തമാനത്തെ വിവേചിക്കുകയും ഭാവിയിലേക്ക് പ്രത്യാശയോടെ മുന്നേറുകയും ചെയ്യുന്നതാണെന്നും പറഞ്ഞു.
ഇത്തരത്തിലുള്ള ആത്മീയ വിവേചനമാണ് സഭയെ കൂടുതൽ മാനസാന്തരത്തിലേക്കും നവീകരണത്തിലേക്കും നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഓരോ പ്രാദേശിക സഭയുടെയും സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നതിനാൽ ഒരേ മാതൃക നിർദേശിക്കുന്നതിനുപകരം, പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് ഉപയോഗിക്കാവുന്ന ചോദ്യങ്ങളും മാനദണ്ഡങ്ങളും പ്രായോഗിക മാർഗനിർദേശങ്ങളുമാണ് രേഖ മുന്നോട്ടുവയ്ക്കുന്നത്.ഈ പഠനരേഖയിൽ പ്രതിഫലിക്കുന്ന സമീപനം, “സിനഡലിറ്റി ഒരു പരിപാടിയോ ഘടനയോ മാത്രമല്ല, മറിച്ച് ഒരു ആത്മീയ ജീവിതശൈലിയാണ്” എന്ന ലിയോ പതിനാലാമൻ പാപ്പയുടെ ആഹ്വാനത്തോടും ചേർന്നുനിൽക്കുന്നതാണ്.
സഭ ഒരുമിച്ച് കേൾക്കുകയും വിവേചിക്കുകയും ദൈവഹിതം തിരിച്ചറിഞ്ഞ് മുന്നേറുകയും ചെയ്യുന്ന ജീവിതരീതിയായാണ് സിനഡലിറ്റിയെ പാപ്പ വിശേഷിപ്പിച്ചിരിക്കുന്നത്.
