കൊല്ലം: കൊല്ലം രൂപതയുടെ മധ്യസ്ഥയായ കർമലമാതാവിന്റെ തിരുനാൾ ആഘോഷങ്ങൾക്ക് ഇരട്ടിമധുരമായി രണ്ട് ബ്രദർമാർ ഡീക്കൻ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. രൂപതാധ്യക്ഷൻ ബിഷപ് പോൾ ആന്റണി മുല്ലശ്ശേരിയുടെ മുഖ്യകാർമികത്വത്തിൽ കത്തീഡ്രലിൽ നടന്ന സമൂഹബലിക്കിടെയാണ് ഡീക്കൻ സ്ഥാനാരോഹണ ശുശ്രൂഷ നടന്നത്.
വാടി ഇടവകാംഗമായ ബ്രദർ അകേഷ് അലോഷ്യസും വലിയ പെരുമ്പുഴ ഇടവകാംഗമായ ബ്രദർ അജോ ജോയിയും ഡീക്കൻ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. വൈദികർ, സമർപ്പിതർ, വിശ്വാസിസമൂഹം എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ശുശ്രൂഷ രൂപതയ്ക്ക് ആത്മീയോത്സവമായി മാറി.

രൂപതയുടെ മധ്യസ്ഥയായ കർമലമാതാവിന്റെ തിരുനാൾ ദിനത്തിൽ ദൈവവിളിയോടുള്ള സമർപ്പണത്തിന്റെ പുതിയ സാക്ഷ്യമായി ഈ സ്ഥാനാരോഹണം മാറിയതായി ബിഷപ് പോൾ ആന്റണി മുല്ലശ്ശേരി സന്ദേശത്തിൽ പറഞ്ഞു. ദൈവജനത്തെ ശുശ്രൂഷിക്കുന്നതിൽ വിനയവും വിശ്വസ്തതയും പുലർത്തുന്ന ശുശ്രൂഷകരാകാൻ അദ്ദേഹം നവഡീക്കൻമാരെ ആഹ്വാനം ചെയ്തു.


