വത്തിക്കാൻ സിറ്റി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷത്തിന്റെ ആദ്യപ്രഘോഷണം ഇന്നും അടിയന്തരമായി ആവശ്യമാണെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രീഫെക്ട് കർദിനാൾ ലൂയിസ് അന്തോണിയോ താഗ്ലെ.
നവാഭിഷിക്തരായ കത്തോലിക്കാ മെത്രാന്മാർക്കായി സെപ്റ്റംബർ 2 മുതൽ 10 വരെ നടക്കുന്ന പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സഭയുടെ പുതിയ ‘മിഷനറി പരിവർത്തന’ കാലഘട്ടത്തിൽ പ്രാദേശിക സഭകളുമായി സഹകരിക്കുകയും അവയ്ക്ക് ആവശ്യമായ പിന്തുണ നൽകുകയും വേണമെന്ന് കർദിനാൾ താഗ്ലെ ആഹ്വാനം ചെയ്തു. പ്രാദേശിക സഭകളുടെ സ്വയംഭരണാധികാരത്തെ മാനിച്ചുകൊണ്ട് വിശ്വാസത്തിൽ വളരാൻ അവരെ സഹായിക്കുക എന്നതാണ് സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രധാന ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്രാൻസിസ് പാപ്പായുടെ പ്രെദിക്കാത്തെ ഏവഞ്ചേലിയും എന്ന അപ്പസ്തോലിക ഭരണഘടനയുടെ അടിസ്ഥാനത്തിൽ, വത്തിക്കാൻ ഭരണസംവിധാനത്തിൽ സുവിശേഷപ്രഘോഷണത്തിന് പ്രഥമ പരിഗണനയാണ് നൽകുന്നതെന്നും കർദിനാൾ ചൂണ്ടിക്കാട്ടി.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ആഫ്രിക്കയിലും ഏഷ്യയിലും, കഴിഞ്ഞ വർഷങ്ങളിൽ കത്തോലിക്കാ വിശ്വാസികളുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർധനവുണ്ടായതായി അദ്ദേഹം പറഞ്ഞു. 2024 മുതൽ 2026 വരെയുള്ള കാലയളവിൽ മിഷൻ പ്രദേശങ്ങളിൽ പത്ത് പുതിയ രൂപതകൾ സ്ഥാപിക്കപ്പെട്ടതും സഭയുടെ വളർച്ചയുടെ അടയാളമാണെന്ന് കർദിനാൾ താഗ്ലെ കൂട്ടിച്ചേർത്തു.

