ദേവാലയ സംഗീതം: ആരാധനയ്ക്ക് അലങ്കാരമല്ല, ഹൃദയത്തില്‍ നിന്നുയരുന്ന പ്രാര്‍ഥന
ഫാ. എബിന് സെബാസ്റ്റ്യന്‍
ദേവാലയ സംഗീതം അലങ്കാരമല്ല, ആരാധനയുടെ ഹൃദയസ്പന്ദനമാണ്ഒരു ദേവാലയത്തില്‍ പ്രാര്‍ഥന ഉയരുമ്പോള്‍ ആദ്യം കേള്‍ക്കുന്നത് ചിലപ്പോള്‍ വാക്കുകളായിരിക്കില്ല; ഒരു സ്വരമായിരിക്കും. നിശ്ശബ്ദതയുടെ ആഴത്തില്‍നിന്ന് ഉയര്‍ന്ന് മേല്ത്തട്ടുകളെ തൊട്ട് വീണ്ടും മനുഷ്യഹൃദയത്തിലേക്ക് മടങ്ങിയെത്തുന്ന ഒരു സ്വരം. അധരങ്ങളില്‍നിന്ന് പുറപ്പെട്ട ആ സ്വരം എപ്പോഴാണ് പാട്ടില്‍നിന്ന് പ്രാര്‍ഥനയായി മാറുന്നത്? എപ്പോഴാണ് സംഗീതം കേള്‍വിയുടെ അനുഭവത്തില്‍നിന്ന് ആരാധനയുടെ അനുഭവമായി മാറുന്നത്? ദേവാലയത്തിലെ സംഗീതം കേവലം ചെവികള്‍ക്ക് ഇമ്പം പകരുന്ന ഈണങ്ങളുടെ കൂട്ടായ്മയല്ല. അത് വിശ്വാസത്തിന്റെ ശബ്ദമാണ്. വാക്കുകള്‍ക്ക് അതീതമായി ഹൃദയം ദൈവത്തോട് സംസാരിക്കുന്ന മറ്റൊരു ഭാഷ. അതുകൊണ്ടുതന്നെ ദേവാലയത്തില്‍ പാടുന്ന ഓരോ ഗാനത്തിനും ഒരു ദൗത്യമുണ്ട് മനുഷ്യരെ ആകര്‍ഷിക്കുക എന്നതിലുപരി, അവരെ ദൈവത്തിലേക്ക് ഉയര്‍ത്തുക.ഒരു ഗായകന്റെ മനോഹരമായ ശബ്ദം ആരാധനയുടെ സൗന്ദര്യത്തെ വര്‍ധിപ്പിച്ചേക്കാം. എന്നാല്‍ ആ ശബ്ദം കേള്‍ക്കുന്നവരുടെ ഹൃദയത്തില്‍ പ്രാര്‍ഥന ഉണര്‍ത്തുന്നില്ലെങ്കില്‍ അതിന്റെ ദൗത്യം എവിടെയോ വഴിതെറ്റിപ്പോയിരിക്കുന്നു. ഒരു ഗായകസംഘത്തിന്റെ മികവ് അവരുടെ പ്രകടനത്തിന് ലഭിക്കുന്ന കൈയടിയിലല്ല; അവരുടെ സ്വരത്തോടൊപ്പം ഒരു സമൂഹത്തിന്റെ ഹൃദയങ്ങള്‍ ഒരേ താളത്തില്‍ ദൈവത്തിലേക്ക് ഉയരുന്നതിലാണ്. അതുകൊണ്ടാണ് ദേവാലയ സംഗീതത്തെക്കുറിച്ചുള്ള ചര്‍ച്ച യഥാര്‍ഥത്തില്‍ സംഗീതത്തെക്കുറിച്ചുള്ള ചര്‍ച്ച മാത്രമല്ലാതാകുന്നത്. അത് ആരാധനയുടെ ആത്മാവിനെക്കുറിച്ചുള്ള ചര്‍ച്ചയാകുന്നത്. നാം പാടുന്നത് ആരെ കേള്‍പ്പിക്കാനാണ്? എന്തിനാണ് പാടുന്നത്? നമ്മുടെ സ്വരം നമ്മിലേക്കാണോ തിരിയുന്നത്, അതോ ക്രിസ്തുവിലേക്കാണോ ഉയരുന്നത്?ഈ ചോദ്യങ്ങള്‍ക്കിടയിലാണ് ദേവാലയ സംഗീതത്തിന്റെ യഥാര്‍ഥ വിശുദ്ധി കണ്ടെത്തേണ്ടത്. സ്വരം സൗന്ദര്യമാകുമ്പോള്‍ അത് സംഗീതമാണ്; സ്വരം ഹൃദയത്തെ ദൈവത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ അത് പ്രാര്‍ഥനയാകുന്നു.

ചൊവ്വല്ലൂര്പരിശുദ്ധ ലെയോ പതിനാലാമന്‍ പാപ്പ 2026 ഓഗസ്റ്റ് 19-ന് വത്തിക്കാനില്‍ നടത്തിയ പൊതുസദസ്സിലെ ദേവാലയ സംഗീതത്തെക്കുറിച്ചുള്ള പ്രബോധനത്തെയും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ദേവാലയ സംഗീതം സംബന്ധിച്ച പഠനങ്ങളെയും അടിസ്ഥാനമാക്കിയാണ് ഈ കുറിപ്പ്.പ്രാര്‍ഥിക്കുമ്പോള്‍ എന്തിനാണ് ഗാനങ്ങള്‍ ഉപയോഗിക്കുന്നത്? ദൈവത്തെ സ്തുതിക്കാനാണോ? ആരാധനയ്ക്ക് കൂടുതല്‍ ആകര്‍ഷണവും ഭംഗിയും നല്‍കാനാണോ? അതോ ജനങ്ങളെ ആകര്‍ഷിക്കാനാണോ? ഈ ചോദ്യങ്ങളിലേക്ക് ഒരു പുതിയ വീണ്ടുവിചാരത്തിന് വഴിതുറക്കുകയാണ് ലെയോ പാപ്പയുടെ പ്രബോധനം.ആരാധനക്രമത്തെക്കുറിച്ചുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖയായ ‘സാക്രോസാങ്ക്ടും കോണ്‍സിലിയം’ ദേവാലയ സംഗീതത്തിന് ആരാധനക്രമത്തില്‍ സവിശേഷമായ സ്ഥാനം നല്കുന്നു. ദേവാലയ സംഗീതം ദൈവമഹത്വത്തിനും വിശ്വാസികളുടെ വിശുദ്ധീകരണത്തിനും സഭയുടെ ഐക്യത്തിനും സഹായകമാകണമെന്ന് രേഖ പഠിപ്പിക്കുന്നു. അതുകൊണ്ട് പാടുക എന്നാല്‍ പ്രാര്‍ഥിക്കുക എന്നതുകൂടിയാണ് എന്ന് നാം മനസ്സിലാക്കണം. സഭയുടെ പാരമ്പര്യത്തില്‍ സംഗീതം ഒരിക്കലും വെറും വിനോദമായിരുന്നിട്ടില്ല. വിശുദ്ധ സംഗീതമാകട്ടെ ആരാധനയുടെ അവിഭാജ്യ ഘടകവുമാണ്.പ്രാര്‍ഥനകള്‍ ചൊല്ലുമ്പോള്‍ അവയുടെ വാക്കുകളുടെ അര്‍ഥം മനസ്സിലാക്കി ധ്യാനപൂര്വമാണല്ലോ നാം പ്രാര്‍ഥിക്കുന്നത്. എന്നാല്‍ അതേ പ്രാര്‍ഥന, പാടിക്കൊണ്ട് ചൊല്ലുമ്പോള്‍ ആ വാക്കുകള്‍ ഹൃദയത്തിലേക്ക് കൂടുതല്‍ ആഴത്തില്‍ പ്രവേശിക്കുന്നു. സംഗീതം പ്രാര്‍ഥനയുടെ വാക്കുകള്‍ക്ക് കൂടുതല്‍ വികാരവും ഭാവവും നല്കുന്നു. അങ്ങനെ വാക്കുകള്‍ പ്രാര്‍ഥനയിലേക്കും പ്രാര്‍ഥന ആരാധനയിലേക്കും കൂടുതല്‍ ആഴത്തില്‍ പ്രവേശിക്കുന്നു.അതുകൊണ്ടുതന്നെ ആരാധനക്രമാഘോഷങ്ങളില്, പ്രത്യേകിച്ച് ദിവ്യബലിയില്‍, ഗാനങ്ങളുടെ ലക്ഷ്യം ”നന്നായി പാടുക” എന്നതല്ല; മറിച്ച് നന്നായി പ്രാര്‍ഥിക്കാന്‍ സഹായിക്കുക എന്നതാണ്.പാടുന്നവര്‍ കലാകാരന്മാര് മാത്രമല്ലഇവിടെയാണ് നമ്മുടെ ഇടവകകളില്‍ പ്രത്യേകമായ ഒരു വീണ്ടുവിചാരം ആവശ്യമായി വരുന്നത്. ദേവാലയത്തില്‍ ഗാനങ്ങള്‍ ആലപിക്കുന്നവര്‍ കലാകാരന്മാര് മാത്രമല്ല; അവര്‍ പ്രാര്‍ഥനയുടെ ശുശ്രൂഷകരാണ്. ഒരു പള്ളിയിലെ ഗായകസംഘം അതിമനോഹരമായി പാടുന്നു എന്നത് തീര്‍ച്ചയായും നല്ല കാര്യമാണ്. സംഗീതപരമായ മികവ് സഭ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഗായകസംഘത്തിന്റെ ഏറ്റവും വലിയ വിജയം അവരുടെ പ്രകടനത്തെക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നതല്ല; മറിച്ച് അവരുടെ പാട്ടിലൂടെ വിശ്വാസികള്‍ കൂടുതല്‍ നന്നായി പ്രാര്‍ഥിക്കുകയും ദൈവസന്നിധിയിലേക്ക് കൂടുതല്‍ അടുക്കുകയും ചെയ്യുന്നതാണ്.അതിനാല്‍ ദേവാലയ സംഗീതം ഒരു ഗാനമേളയായി മാറരുത്. ഗായകസംഘം പാടുകയും ജനങ്ങള്‍ കേട്ടിരിക്കുകയും ചെയ്യുന്ന രീതി ആരാധനക്രമാഘോഷത്തിന്റെ ലക്ഷ്യവുമായി പൊരുത്തപ്പെടുന്നതല്ല. ഗായകസംഘം വെറുമൊരു പ്രകടനം കാഴ്ചവയ്ക്കുകയല്ല; മറിച്ച് വിശ്വാസികളുടെ സമൂഹത്തെ പ്രാര്‍ഥനയിലേക്ക് നയിക്കുകയാണ് വേണ്ടത്.അതുകൊണ്ട് ഗായകസംഘാംഗങ്ങള്‍ നല്ല ഗായകരായിരിക്കുന്നതോടൊപ്പം നല്ല പ്രാര്‍ഥനയുടെ ശുശ്രൂഷകരും ആയിരിക്കണം. അതിന് പള്ളിയില്‍ പാടുന്നവര്‍ പാട്ടുപാടാന്‍ മാത്രം പഠിച്ചാല്‍ പോരാ. ആരാധനക്രമത്തെക്കുറിച്ചും, പ്രത്യേകിച്ച് ദിവ്യബലിയെക്കുറിച്ചും അവര്‍ പഠിക്കേണ്ടതുണ്ട്. അതിന് വൈദികര്‍ പ്രത്യേക ശ്രദ്ധ നല്‍കുകയും വേണം.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആരാധനക്രമാഘോഷങ്ങളില് വിശ്വാസികളുടെ പൂര്‍ണവും ബോധപൂര്‍വവും സജീവവുമായ പങ്കാളിത്തത്തിന് വലിയ പ്രാധാന്യം നല്കുന്നു.സജീവമായ പങ്കാളിത്തം എന്നത് എല്ലാവരും എല്ലായ്പ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം എന്നല്ല. മറിച്ച് പൂര്‍ണ മനസ്സോടും പൂര്‍ണ ഹൃദയത്തോടും പൂര്‍ണ ആത്മാവോടും കൂടി ക്രിസ്തുവിന്റെ പെസഹാരഹസ്യത്തില്‍ പങ്കുചേരുക എന്നതാണ്.ആരും കേട്ടിട്ടില്ലാത്ത പുതിയ പാട്ടുകള്‍ പാടി മറ്റുള്ളവരെ അമ്പരപ്പിക്കുക എന്നതല്ല ഗായകസംഘത്തിന്റെ ലക്ഷ്യം. അതേസമയം ആരാധനാസമൂഹം മുഴുവന്‍ ഒരുമിച്ച് പാടുന്നത് സഭയുടെ ഐക്യത്തിന്റെ മനോഹരമായ അടയാളമാണ്. വിവിധ പ്രായക്കാരും വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരും ഒരേ വിശ്വാസത്തില്‍ ഒരേ വാക്കുകളില്‍ പാടുമ്പോള്‍ നിരവധി ശബ്ദങ്ങള്‍ ഒരു ശബ്ദമായി മാറുന്നു. അവിടെ സംഗീതം വെറും ശബ്ദമല്ല; സഭയുടെ ഐക്യത്തിന്റെ ദൃശ്യവും ശ്രാവ്യവുമായ അടയാളമായി മാറുന്നു.വാക്കുകളും ഈണവുംദേവാലയ സംഗീതത്തില്‍ ഈണം മാത്രം നോക്കിയാല്‍ പോരാ. അതിലെ വാക്കുകള്‍, അതായത് വരികള്‍, അതീവ പ്രധാനപ്പെട്ടതാണ്. ഒരു പാട്ടിന്റെ ഈണം എത്ര മനോഹരമായാലും അതിലെ വാക്കുകള്‍ ക്രൈസ്തവ വിശ്വാസത്തോടും ആരാധനക്രമാഘോഷത്തിന്റെ സന്ദര്‍ഭത്തോടും യോജിക്കുന്നില്ലെങ്കില്‍ അത് ആലപിക്കുന്നത് അനുയോജ്യമല്ല.അതുകൊണ്ട് പാട്ട് തിരഞ്ഞെടുക്കുമ്പോള്‍, ”ഈ പാട്ട് എല്ലാവര്ക്കും ഇഷ്ടമാണോ?” എന്നതല്ല ചോദിക്കേണ്ടത്. പകരം, ”ഈ പാട്ട് ഈ ആരാധനക്രമാഘോഷത്തിന്റെ സന്ദര്‍ഭത്തിന് യോജിക്കുന്നുണ്ടോ?” എന്നാണ് സ്വയം ചോദിക്കേണ്ടത്.ആരാധനക്രമാഘോഷത്തിലെ ഓരോ ഘട്ടത്തിനും അതിന്റേതായ ദൈവശാസ്ത്രപരമായ അര്‍ഥമുണ്ട്. ദേവാലയ സംഗീതം ആ അര്‍ഥത്തെ കൂടുതല്‍ വ്യക്തമാക്കുകയും വിശ്വാസികളെ ആ രഹസ്യത്തിലേക്ക് നയിക്കുകയും വേണം. അതുകൊണ്ട് ”മനോഹരമായ പാട്ട്” എന്നതും ”ആരാധനക്രമാഘോഷത്തിന് അനുയോജ്യമായ പാട്ട്” എന്നതും എല്ലായ്പ്പോഴും ഒന്നല്ല.ഉദാഹരണത്തിന്, ദിവ്യബലിയില്‍ പ്രവേശനഗാനം ദൈവജനത്തിന്റെ ഐക്യത്തിന്റെയും ഒരുമയുടെയും ബഹിര്‍സ്ഫുരണമാണ്. അതിനാല്‍ പ്രവേശനഗാനം ആരാധനാസമൂഹത്തിന്റെ ഒന്നിച്ചുകൂടലിനും ആഘോഷിക്കുന്ന രഹസ്യത്തിലേക്കുള്ള പ്രവേശനത്തിനും നമ്മെ ഒരുക്കണം.കാഴ്ചവയ്പ് സമയത്തെ ഗാനം കാഴ്ചവസ്തുക്കള്‍ അര്‍പ്പിക്കുന്ന കര്‍മത്തിന് അകമ്പടി സേവിക്കുന്നതായിരിക്കണം. അത് സമര്‍പ്പണത്തിന്റെ ആത്മാവിലേക്ക് നമ്മെ നയിക്കണം. ദിവ്യകാരുണ്യം സ്വീകരിക്കുന്ന സമയത്തെ ഗാനം ക്രിസ്തുവുമായുള്ള ഐക്യത്തിലേക്കും നമ്മെ നയിക്കണം.പാരമ്പര്യവും പുതുമയുംഅതോടൊപ്പം ഗ്രിഗോറിയന്‍ സംഗീതപാരമ്പര്യത്തെയും മറന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. റോമന്‍ കത്തോലിക്കാസഭയില്‍ ലത്തീന്‍ ഭാഷയ്ക്ക് മാത്രമല്ല, ഗ്രിഗോറിയന്‍ സംഗീതത്തിനും സവിശേഷമായ സ്ഥാനമുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും ഗ്രിഗോറിയന്‍ സംഗീതത്തിന്റെ പ്രാധാന്യം എടുത്തുപറയുന്നുണ്ട്; അതേസമയം മറ്റ് വിശുദ്ധ സംഗീതരൂപങ്ങളെയും ഒഴിവാക്കുന്നില്ല.സഭയ്ക്ക് പാരമ്പര്യവും പുരോഗതിയും ഒരുപോലെ ആവശ്യമാണ്. ”പഴയത് മാത്രമേ വിശുദ്ധമായുള്ളൂ” എന്ന സമീപനമോ ”പുതിയത് മാത്രമേ കാലാനുസൃതമായുള്ളൂ” എന്ന സമീപനമോ ശരിയല്ല. സഭയുടെ സംഗീതപാരമ്പര്യത്തെ ആദരിച്ചുകൊണ്ട് പുതിയ സാഹചര്യങ്ങളില്‍ വിശുദ്ധവും യോഗ്യവുമായ സംഗീതരൂപങ്ങള്‍ വികസിപ്പിക്കുകയാണ് വേണ്ടത്.ഇവിടെ പുതിയ കാലത്തെ സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുമ്പോഴും വിവേകം ആവശ്യമാണ്. ഗിറ്റാറും കീബോര്‍ഡുമൊക്കെ ഉപയോഗിക്കുന്നതുകൊണ്ട് ഒരു ഗാനത്തിന്റെയും വിശുദ്ധി സ്വാഭാവികമായി നഷ്ടപ്പെടുന്നില്ല. ചോദിക്കേണ്ടത് മറ്റൊന്നാണ്: ഈ സംഗീതോപകരണം ആരാധനക്രമാഘോഷത്തെ സഹായിക്കുന്നുണ്ടോ, അതോ എല്ലാവരുടെയും ശ്രദ്ധ സംഗീതോപകരണത്തിലേക്കാണോ തിരിയുന്നത്?സംഗീതോപകരണം ശബ്ദത്തെ സഹായിക്കണം; ശബ്ദം വാക്കുകളെ സഹായിക്കണം; വാക്കുകള്‍ ആരാധനക്രമാഘോഷത്തെ സഹായിക്കണം; ആരാധന നമ്മെ ക്രിസ്തുവിലേക്ക് നയിക്കണം. ഈ ക്രമം നഷ്ടപ്പെടുമ്പോഴാണ് പ്രശ്നം ആരംഭിക്കുന്നത്.”ഞങ്ങളുടെ പാട്ട്” എന്നതല്ല, സഭയുടെ പ്രാര്‍ഥനയാണ് പരമപ്രധാനം.പലപ്പോഴും ദേവാലയ സംഗീതത്തിന്റെ ഏറ്റവും വലിയ അപകടം അഹങ്കാരമാണ്.”ഞങ്ങളുടെ ഗാനം ആണ് ഏറ്റവും നല്ലത്.””എന്റെ ശബ്ദം എല്ലാവരും കേള്‍ക്കണം.””ഞങ്ങള്‍ക്ക് ഇഷ്ടമുള്ള പാട്ട് മാത്രമേ പാടൂ.””ആളുകള്‍ക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ള പാട്ടായിരിക്കണം.”ഇത്തരം ചിന്തകള്‍ ആരാധനക്രമാഘോഷത്തെ വ്യക്തിപരമായ ഇഷ്ടങ്ങളുടെ വേദിയാക്കി മാറ്റാനുള്ള അപകടം സൃഷ്ടിക്കുന്നു.അപ്പോഴെല്ലാം ഓര്‍ക്കണം: ഇത് എന്റെ പരിപാടിയല്ല; ക്രിസ്തുവിന്റെ സഭയുടെ ആരാധനയാണ്. അതുകൊണ്ട് സംഗീതവും ക്രിസ്തുകേന്ദ്രീകൃതമായിരിക്കണം.ഒരു പാട്ട് തിരഞ്ഞെടുക്കുമ്പോള്ഒരു പാട്ട് തിരഞ്ഞെടുക്കുമ്പോള്‍ നാല് ചോദ്യങ്ങള്‍ സ്വയം ചോദിക്കുന്നത് ഉത്തമമായിരിക്കും:1. ക്രിസ്തു: ഈ ഗാനം നമ്മെ ക്രിസ്തുവിലേക്കാണോ നയിക്കുന്നത്?2. ആരാധനക്രമം: ഈ ഗാനം ഈ പ്രത്യേക ആരാധനക്രമാഘോഷത്തിന്റെ സന്ദര്‍ഭത്തിന് യോജിക്കുന്നുണ്ടോ?3. പ്രാര്ഥനാസമൂഹം: ഈ ഗാനം സഭാസമൂഹത്തെ ഒന്നായി പ്രാര്‍ഥിക്കാന്‍ സഹായിക്കുന്നുണ്ടോ?4. സൗന്ദര്യം: സംഗീതപരമായും വാക്കുകളുടെ കാര്യത്തിലും ഇത് വിശുദ്ധവും മനോഹരവും മാന്യവും ആരാധനയ്ക്ക് യോഗ്യവുമാണോ?ഈ നാല് ചോദ്യങ്ങള്‍ക്കും ഉത്തരം ”അതെ” എന്നാണെങ്കില്‍ ആ ഗാനം ആരാധനക്രമാഘോഷത്തില്‍ ഉപയോഗിക്കാന്‍ കൂടുതല്‍ യോജിച്ചതായിരിക്കും.കേരളസഭയ്ക്ക് ഒരു വലിയ സാധ്യതലെയോ പതിനാലാമന്‍ പാപ്പയുടെ ദേവാലയ സംഗീതത്തെക്കുറിച്ചുള്ള ചിന്തകളില്‍ ഭാരതസഭയ്ക്കും പ്രത്യേകിച്ച് കേരളസഭയ്ക്കും ഏറെ പ്രസക്തമായ ഒരു കാര്യംകൂടിയുണ്ട് സാംസ്കാരികാനുരൂപണം.സഭ ഒരു സംസ്കാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ആ സംസ്കാരത്തിന്റെ ഭാഷയും സംഗീതവും കലയും സൗന്ദര്യബോധവും അവഗണിക്കേണ്ടതില്ല. മറിച്ച് അതിലെ നല്ലതും സത്യവും മനോഹരവുമായ ഘടകങ്ങളെ സുവിശേഷത്തിന്റെ വെളിച്ചത്തില്‍ സ്വീകരിക്കാം. വിവിധ ജനതകളുടെ സംഗീതപാരമ്പര്യങ്ങള്ക്ക് അവയുടെ മതപരവും സാമൂഹികവുമായ ജീവിതത്തില്‍ വലിയ സ്ഥാനമുണ്ടെന്നും അവയെ ആരാധനയുമായി യോജിച്ച വിധത്തില്‍ പരിഗണിക്കണമെന്നും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വ്യക്തമാക്കുന്നുണ്ട്.എന്നാല്‍ സാംസ്കാരികാനുരൂപണം എന്നത് ആരാധനക്രമാഘോഷത്തെ ഒരു ജനപ്രിയ പരിപാടിയാക്കി മാറ്റുക എന്നല്ല. ജനപ്രിയമായതെല്ലാം ആരാധനക്രമത്തില്‍ കൊണ്ടുവരുന്നതും സാംസ്കാരികാനുരൂപണമല്ല.കേരളത്തിന്റെ സംഗീതപാരമ്പര്യത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് ഇവിടെ വേണ്ടത്. മലയാളഭാഷ, കേരളീയ സംഗീതഭാവങ്ങള്‍, ഭാരതീയ സംഗീതപാരമ്പര്യം എന്നിവയിലെ നല്ല ഘടകങ്ങളെ സഭയുടെ ആരാധനയുടെ സമ്പത്താക്കി മാറ്റാന്‍ നമുക്ക് സാധിക്കണം. എന്നാല്‍ അവയെല്ലാം ആരാധനക്രമാഘോഷത്തിന്റെ സ്വഭാവത്തിനും വിശുദ്ധിക്കും യോജിക്കുന്ന വിധത്തില്‍ ഉപയോഗിക്കണം.സംഗീതം പ്രാര്ഥനയാകുമ്പോള്ലെയോ പതിനാലാമന്‍ പാപ്പയുടെ ദേവാലയ സംഗീതത്തെക്കുറിച്ചുള്ള വാക്കുകള്‍ സംഗീതത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ച മാത്രമല്ല. അത് സഭയുടെ ആരാധനാസ്വഭാവത്തെക്കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ്. നാം പാടുന്നത് മറ്റുള്ളവരെ ആകര്ഷിക്കാനല്ല; ദൈവത്തെ സ്തുതിക്കാനാണ്. നാം സംഗീതം ഉപയോഗിക്കുന്നത് സ്വയം ഉയരാനല്ല; ക്രിസ്തുവിനെ ഉയര്‍ത്താനാണ്.അതുകൊണ്ട് ദേവാലയ സംഗീതം ചെവികളെ ആനന്ദിപ്പിക്കുന്നത് മാത്രമാകരുത്; ഹൃദയങ്ങളെ ദൈവത്തിലേക്ക് ഉയര്‍ത്തുന്നതാകണം. അത് കലയുടെ ആസ്വാദനപ്രകടനം മാത്രമാകരുത്; വിശ്വാസത്തിന്റെ അടയാളമായി മാറണം. അത് ശബ്ദങ്ങളുടെ കോലാഹലമാകരുത്; സഭയുടെ ഐക്യത്തിന്റെ അടയാളമാകണം.ദേവാലയ സംഗീതം മനുഷ്യനെ കേള്‍പ്പിക്കാന്‍ വേണ്ടിയല്ല; ക്രിസ്തുവിനെ അനുഭവിപ്പിക്കാന്‍ വേണ്ടിയാണ്. അപ്പോഴാണ് നമ്മുടെ ദേവാലയങ്ങളില്‍ ഉയരുന്ന ഓരോ സ്വരവും ”ദൈവത്തിന് മഹത്വം” എന്ന സഭയുടെ ഏകസ്വരമായി മാറുന്നത്.വിശുദ്ധ അഗസ്തീനോസിന്റെ പ്രസിദ്ധമായ വാക്കുകള്‍ ഇവിടെ ഓര്‍മിക്കാം: ”പാടുക എന്നത് സ്നേഹിക്കുന്നവരുടെ പ്രവൃത്തിയാണ്.” ലെയോ പതിനാലാമന്‍ പാപ്പയും തന്റെ പ്രബോധനത്തില്‍ വിശുദ്ധ അഗസ്തീനോസിന്റെ Cantare amantis est എന്ന വാക്ക് ഉദ്ധരിക്കുന്നുണ്ട്.സഭയെ സംബന്ധിച്ചിടത്തോളം സംഗീതം പ്രാര്ഥനയോടൊപ്പം ചേര്‍ക്കുന്ന ഒരു അലങ്കാരമല്ല; സംഗീതംതന്നെ ആഴമേറിയ ഒരു പ്രാര്‍ഥനയാണ്. വിശ്വാസം സ്വരമായി മാറുമ്പോള്‍, സംഗീതം അധരങ്ങളില്നിന്നുയരുന്ന ആ പ്രാര്‍ഥനയുടെ സ്വരങ്ങളെ ഹൃദയത്തിന്റെ ആഴങ്ങളിലേക്കും ദൈവികസന്നിധിയിലേക്കും ഉയര്‍ത്തുന്നു.അവിടെ പാട്ട് അവസാനിക്കുന്നില്ല.അവിടെനിന്നാണ് പ്രാര്‍ഥന ആരംഭിക്കുന്നത്.

