ഡള്ളാസ്: സ്പെയിനും ഫ്രാൻസും തമ്മിൽ നടന്ന ഫിഫ ലോകകപ്പ് സെമിഫൈനൽ മത്സരത്തിനിടെ റഫറി ഉപയോഗിച്ച വിസിലിൽ ഘടിപ്പിച്ചിരുന്ന ചെറിയ വെള്ളി കുരിശുരൂപം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. എൽ സാൽവഡോറിൽ നിന്നുള്ള റഫറിയായ ഇവാൻ ബാർട്ടൻ ഉപയോഗിച്ച വിസിലിന്റെ താഴ്ഭാഗത്താണ് കുരിശുരൂപം ഘടിപ്പിച്ചിരുന്നത്.
മത്സരത്തിനിടെ ചില കാണികൾ ഇത് ശ്രദ്ധിച്ചിരുന്നുവെങ്കിലും, യുഎസ് ആസ്ഥാനമായ സ്പോർട്സ് മാധ്യമമായ ESPN വിസിലിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ലോകം ഉറ്റുനോക്കിയ മത്സരത്തിന് നേതൃത്വം നൽകിയ റഫറിയുടെ വിസിലിലെ കുരിശുരൂപം നിരവധി പേരാണ് വിശ്വാസത്തിന്റെ നിശ്ശബ്ദ സാക്ഷ്യമെന്ന് വിലയിരുത്തുന്നത്.
ആരാധനക്രമങ്ങളിൽ മാർപാപ്പമാർ ഉപയോഗിക്കുന്ന പേപ്പൽ ഫെറുലയെ അനുസ്മരിപ്പിക്കുന്ന രൂപത്തിലുള്ള കുരിശാണ് വിസിലിനോട് ചേർത്തിരുന്നതെന്നും സാമൂഹ്യമാധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് ഇവാൻ ബാർട്ടൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നിരുന്നാലും, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പ്രേക്ഷകർ വീക്ഷിച്ച വേദിയിൽ തന്റെ വിശ്വാസത്തെ സൂചിപ്പിക്കുന്ന അടയാളവുമായി അദ്ദേഹം പ്രത്യക്ഷപ്പെട്ടത് നിരവധി ക്രൈസ്തവർ ശ്രദ്ധേയമായ വിശ്വാസസാക്ഷ്യമായാണ് കാണുന്നത്.

