തിരുവനന്തപുരo: പുതിയ ജീവിതം സ്വപ്നം കണ്ട് ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് പ്രതീക്ഷയുടെ പൊൻവെളിച്ചവുമായി സംസ്ഥാനത്ത് വീണ്ടും അവയവ ദാനം. അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ലോകനാഥൻ യാഷ് വാനാണ് അഞ്ച് പേർക്ക് പുതുജീവൻ നൽകുന്നത്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ രാത്രിയാണ് കുട്ടിയുടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. തുടർന്ന് അവയവ ദാനത്തിന് ബന്ധുക്കൾ സമ്മതം അറിയിക്കുകയായിരുന്നു.
തിരുവനന്തപുരത്തു നിന്ന് കോഴിക്കോട് റോഡ് മാർഗമാണ് അവയവങ്ങൾ എത്തിക്കുന്നത്. ഇതിനായി പൊലീസ് ഗ്രീൻ കോറിഡോർ സജ്ജമാക്കി. രണ്ട് കിഡ്നി, കരൾ, ഹൃദയവാൽവ്, കോർണിയ എന്നിവയാണ് ദാനം ചെയ്യുന്നത്.
കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മറ്റൊന്ന് കോഴിക്കോട് എംവിആർ ആശുപത്രിയിലേക്കുമാണ് നൽകുക. നേത്രപടലങ്ങൾ തിരുവനന്തപുരം റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി ആശുപത്രിയിലേക്കും ഹൃദയ വാൽവ് ശ്രീചിത്ര ആശുപത്രിയിലേക്കുമാണ് നൽകുന്നത്.
കോട്ടയം വിജയപുരം സ്വദേശിനിയായണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക സ്വീകരിക്കുന്നത്. കോഴിക്കോട് എംവിആർ ആശുപത്രിയിൽ വൃക്ക സ്വീകരിക്കുന്നത് 17 വയസ്സുള്ള കണ്ണൂർ സ്വദേശിയാണ്.
സൈക്കിളിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ആംബുലൻസിടിച്ച് യാഷ് വാൻ ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ജൂൺ 26-നായിരുന്നു അപകടം. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സയിലിരിക്കെ ഇന്നലെ മസ്തിഷ്കമരണം സ്ഥിരീകരിക്കുകയും അവയവദാനത്തിന് കുടുംബം സമ്മതിക്കുകയും ചെയ്തു.

