ജെയിംസ് അഗസ്റ്റിൻ
നാടകങ്ങളിലൂടെ മലയാളത്തിനു മികവുറ്റ ക്രിസ്തീയഗാനങ്ങൾ സമ്മാനിച്ച
ഫാ.ഫൗസ്റ്റിൻ കപ്പൂച്ചിൻ ഓർമ്മയായിട്ട് ജൂലൈ 7 നു 47 വർഷം പൂർത്തിയാകുന്നു.
കലാമാധ്യമങ്ങളിലൂടെ ക്രൈസ്തവദർശനങ്ങൾ സാധാരണക്കാരിലേക്ക് അനായാസം കൈമാറാൻ കഴിയുമെന്ന് 1960-കളിൽത്തന്നെ തന്റെ കലാപ്രവർത്തനത്തിലൂടെ തെളിയിച്ച സന്യാസവൈദികനാണ് ഫാ.ഫൗസ്റ്റിൻ കപ്പൂച്ചിൻ. ക്രിസ്തീയ നാടകവേദിയിൽ ഏറ്റവുമധികം പ്രശോഭിച്ച വൈദികൻ എന്ന വിശേഷണത്തിനു തികച്ചും അർഹനാണ് ഫാ.ഫൗസ്റ്റിൻ കപ്പൂച്ചിൻ.

1954 -ൽ പൗരോഹിത്യം സ്വീകരിച്ച ഫാ.ഫൗസ്റ്റിൻ കപ്പൂച്ചിനെ കൊല്ലം തില്ലേരി ആശ്രമത്തിലെ അസ്സീസി പ്രസ്സിന്റെ ചുമതലയാണ് അധികാരികൾ ഏൽപ്പിച്ചത്. തില്ലേരി കപ്പൂച്ചിൻ ആശ്രമം യുവജനങ്ങൾക്ക് കലാരംഗത്തു പരിശീലനം നൽകാനും നാടകങ്ങളും മറ്റു കലാരൂപങ്ങളും അവതരിപ്പിക്കാനും ശ്രമിച്ചിരുന്നു.
കേരളത്തിലെ ഏറ്റവും പ്രശസ്തമായ നാടകസംഘമായി മാറിയ കൊല്ലം അസ്സീസി ആർട്സ് ക്ലബ്ബിനു തുടക്കം കുറിച്ചത് തില്ലേരി കപ്പൂച്ചിൻ ആശ്രമത്തിലെ ഫാ.ഫെർഡിനന്റ് മനയിലായിരുന്നു. കലാരംഗത്തോടു ആഭിമുഖ്യം ഉണ്ടായിരുന്ന ഫാ.ഫൗസ്റ്റിൻ കപ്പൂച്ചിൻ ആർട്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാൻ തുടങ്ങി. ഫാ.ഫൗസ്റ്റിൻ കപ്പൂച്ചിൻ എഴുതിയ അസ്സീസിയിലെ സ്നേഹഗായകൻ എന്ന നാടകം കൊല്ലം അസ്സീസി ആർട്സ് ക്ലബ് അംഗങ്ങൾ തില്ലേരി ആശ്രമത്തിൽ അവതരിപ്പിച്ചത് ഏറെപ്പേരുടെ അഭിനന്ദനങ്ങൾ നേടുകയും കൊല്ലം രൂപതയിലെ വിവിധ പള്ളികളിൽ അവതരിപ്പിക്കുന്നതിനായി ക്ഷണിക്കപ്പെടുകയും ചെയ്തു. നാടകത്തിനായി ഫാ.ഫൗസ്റ്റിൻ കപ്പൂച്ചിൻ എഴുതിയ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു.കൊല്ലം രൂപതയ്ക്കു പുറത്തേക്കും നാടകസംഘത്തിനു ക്ഷണം ലഭിക്കുകയും തിരക്കേറിയ സംഘമായി കൊല്ലം അസ്സീസി മാറുകയും ചെയ്തു. തുടർന്ന് കൊല്ലം അസ്സീസി ആർട്സ് ക്ലബ്ബിന്റെ ചുമതല അധികാരികൾ ഫാ.ഫൗസ്റ്റിനെ ഏൽപ്പിച്ചു. ടെഡി ലോപ്പസ് ആയിരുന്നു നാടകങ്ങൾ സംവിധാനം ചെയ്തിരുന്നത്.
രക്തപുഷ്പം, വാടാത്ത മല്ലി, രക്താംബരം,രക്തം,വിശുദ്ധ ഗീവർഗീസ്,അർപ്പണം,വെളുത്ത പിശാചുക്കൾ,പ്രവാചകൻ,അർപ്പണം,ശില്പി,നിലയ്ക്കാത്ത ഗാനം,നീതിമാൻ,വെളിച്ചമേ നയിച്ചാലും,വാടാത്ത ലില്ലി തുടങ്ങിയ നാടകങ്ങളും ഈ നാടകങ്ങളിലെ ഗാനങ്ങളും ഈ കാലയളവിൽ ഫാ.ഫൗസ്റ്റിൻ കപ്പൂച്ചിൻ എഴുതി. ഈ നാടകങ്ങളെല്ലാം കേരളത്തിലെ ആയിരക്കണക്കിനു വേദികളിൽ അവതരിപ്പിക്കപ്പെട്ടു. അക്കാലത്തു കൊല്ലം അസ്സീസിയുടെ നാടകങ്ങൾ കാണുന്നതിനായി ദൂരസ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ കൂട്ടത്തോടെ എത്തുന്നതു പതിവായിരുന്നു.
നാടകത്തിലെ ഗാനങ്ങൾക്ക് സിനിമാഗാനങ്ങളുടെ നിലവാരം വേണമെന്ന നിർബന്ധം ഫാ.ഫൗസ്റ്റിനുണ്ടായിരുന്നു. ഫോർട്ട്കൊച്ചിയിലെ കപ്പൂച്ചിൻ ആശ്രമത്തിൽ സേവനം ചെയ്ത നാളുകളിൽ അഗസ്റ്റിൻ ജോസഫ്,അദ്ദേഹത്തിന്റ മകൻ ഗായകൻ യേശുദാസ് എന്നിവരുമായുണ്ടായിരുന്ന സൗഹൃദം പാട്ടുകൾ റെക്കോർഡ് ചെയ്യുന്നതിന് അച്ചനെ സഹായിച്ചു. മികച്ച സംഗീതസംവിധായകരെ കൊല്ലത്തു കൊണ്ട് വന്നു നല്ല ഗാനങ്ങൾ സൃഷ്ടിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.എം.കെ.അർജുനൻ, കുമരകം രാജപ്പൻ എന്നിവരെല്ലാം ഈ നാളുകളിൽ കൊല്ലം അസ്സീസിക്കു വേണ്ടി സംഗീതസംവിധാനം നിർവഹിച്ചു.
ക്രിസ്തീയഭക്തിഗാനങ്ങൾ അപൂർവമായി മാത്രം റെക്കോർഡ് ചെയ്യപ്പെട്ടിരുന്ന 1960-കളിൽ മദ്രാസിലെത്തി നാടകങ്ങളിലെ പാട്ടുകൾ യേശുദാസ്,എസ്.ജാനകി.എ.പി. കോമളം എന്നിവരെക്കൊണ്ട് പാടിച്ചു ഗ്രാമഫോൺ റെക്കോർഡുകൾ പ്രചരിപ്പിക്കാൻ ഫൗസ്റ്റിനച്ചനു സാധിച്ചു. എച്ച്.എം.വി. എന്ന പ്രശസ്തമായ മ്യൂസിക് കമ്പനിയായിരുന്നു റെക്കോർഡുകൾ നിർമിച്ചു വിപണിയിൽ എത്തിച്ചത്.

അച്ചന്റെ പാട്ടുകളുടെ മികവ് തിരിച്ചറിഞ്ഞു ആകാശവാണി അധികൃതർ നേരിൽ സമീപിച്ചു പാട്ടുകൾ സംപ്രേഷണം ചെയ്യാൻ അനുമതി തേടിയതും ചരിത്രം. ഒരുപക്ഷെ ആകാശവാണി ആദ്യമായി സംപ്രേഷണം ചെയ്ത മലയാളം ക്രിസ്തീയഗാനങ്ങൾ ഫൗസ്റ്റിൻ അച്ചന്റേതായിരിക്കാം.
അച്ചൻ എഴുതിയ നാടകഗാനങ്ങളിൽ ഏറ്റവും പ്രശസ്തമായ ഗാനങ്ങളിൽ ചിലത് താഴെ ചേർക്കുന്നു.
രക്തപുഷ്പം എന്ന നാടകത്തിനു വേണ്ടി എഴുതിയ കത്തിച്ച ദീപവും കൈകളിലേന്തി എന്ന ഗാനത്തിനു സംഗീതം നൽകിയത് എം.കെ.അർജുനൻ മാസ്റ്ററായിരുന്നു. എസ്. ജാനകിയുടെ ശബ്ദത്തിലാണ് ഗ്രാമഫോൺ റെക്കോർഡിൽ നിന്നും ഈ ഗാനം കേരളം കേട്ടത്.
‘കത്തിച്ച ദീപവും കൈകളിലേന്തി
കാത്തിരിക്കുന്നു ഞാൻ
കർത്താവേ നീ വരുമോ
വേഗം നീ വരുമോ’.
വെളുത്ത പിശാചുക്കൾ എന്ന നാടകത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകാൻ രാജപ്പൻ എന്ന സംഗീത സംവിധായകനെ ക്ഷണിക്കുകയും അദ്ദേഹത്തിനു കുമരകം രാജപ്പൻ എന്ന് പേര് നൽകുകയും ചെയ്ത ഫൗസ്റ്റിനച്ചൻ രാജപ്പനെ സ്ഥിരം ടീമംഗമായി കൂടെ ചേർത്തു.
ഈ നാടകത്തിലെ
‘കനിവിൻ കടലേ
കന്യാകുമാരാ
കരയുവോർക്കാശാദീപം
കൊളുത്തിയ
കരുണ തൻ മണിവിളക്കേ’ എന്ന് തുടങ്ങുന്ന ഗാനമാലപിച്ചത് യേശുദാസായിരുന്നു.
രക്തപുഷ്പം എന്ന നാടകത്തിനു വേണ്ടി മിശിഹായുടെ പീഢാനുഭവവിവരണം വിഷയമാക്കി എഴുതിയ ഗാനമായ
‘കന്യാതനൂജന്റെ പൂമേനിയന്നു
കൽത്തൂണിൽ കെട്ടിയാ
കശ്മലന്മാർ’ എസ്. ജാനകിയുടെ ആലാപനത്തിൽ കൂടുതൽ ഭാവസാന്ദ്രമായി.
എം.കെ.അർജുനൻ മാസ്റ്റർ സംഗീതം നൽകിയ ഈ ഗാനം ‘പാഷൻ ഓഫ് ദി ക്രൈസ്റ്റ്’എന്ന സിനിമയുടെ ഓഡിയോ വേർഷൻ ആണെന്ന് പറയാം.
മണ്ണിന്റെ മായകളിൽ മയങ്ങുന്ന മനുഷ്യർക്കു മുന്നറിയിപ്പ് നൽകുന്നൊരു ഗാനവും അദ്ദേഹം എഴുതിയിട്ടുണ്ട്.
‘മയങ്ങല്ലേ മനുഷ്യ നീ
മണ്ണിന്റെ മായകളിൽ
മണിമന്ദിരങ്ങൾ വൃഥാ ചമയ്ക്കല്ലേ
ഭാവനയിൽ വൃഥാ ചമയ്ക്കല്ലേ
കഴിവുള്ളപ്പോൾ
കയ്യിൽ കാശുള്ളപ്പോൾ
നിന്നെ പൂവിട്ടു പൂജിക്കും
പുകഴ്ത്തിപ്പാടും
കാലങ്ങൾ മാറും
കാലക്കേടായാൽ
കാലവും വേണ്ടെന്നു
തോന്നും പിന്നെ’
കുമരകം രാജപ്പൻ സംഗീതം നൽകിയ ഈ ഗാനം
വെളുത്ത പിശാചുക്കൾ എന്ന നാടകത്തിനു വേണ്ടി യേശുദാസ് ആലപിച്ചതാണ്.
ബാലനായ യേശു അമ്മയെ വീട്ടുജോലികളിൽ സഹായിച്ചിരുന്നതിനെക്കുറിച്ചു കുട്ടികളോടു സംവദിക്കുന്ന പ്രശസ്തമായ ഗാനം ആദ്യകാല മതബോധനഗാനമായി ചരിത്രത്തിൽ എഴുതപ്പെടേണ്ടതാണ്.
‘വാനിലെ വാരൊളിത്താരകളത്രയും
വാരി വിതറിയ ദൈവപുത്രൻ
മാനുഷനായപ്പോൾ വേലചെയ്യുന്നത്
മാനക്കേടെന്നു കരുതിയില്ല
കൊച്ചുളി ചുറ്റിക വരകോലു കൊണ്ടെല്ലാം
കൊച്ചുന്നാൾ തൊട്ടു പണിചെയ്തില്ലേ
അമ്മയാം മേരിക്ക് സമ്മോദമന്നവൻ
വെള്ളവും കോരിക്കൊടുത്തതില്ലേ
വിറകു മുറിക്കുവാൻ പാത്രം കഴുകുവാൻ
വിമലരിൽ വിമലൻ മടിച്ചതില്ല
വിയർപ്പിന്റെ വിലയായൊരു
അപ്പം കഴിക്കുവാൻ വിശ്വൈക നാഥൻ വെറുത്തതില്ല’.
കുമരകം രാജപ്പൻ സംഗീതം നൽകി
യേശുദാസും എ.പി.കോമളയും ചേർന്ന് പാടി
വെളുത്ത പിശാചുക്കൾ എന്ന നാടകത്തിനായാണ് ഈ ഗാനം ഒരുക്കിയത്.
കൊല്ലം അസ്സീസിയുടെ അവതരണഗാനമാണ് താഴെ ചേർക്കുന്നത്.
അക്കാലത്തു നാടകം അവതരിപ്പിച്ചിരുന്ന പ്രാദേശികസംഘങ്ങൾ ഈ ഗാനം തങ്ങളുടെ അവതരണഗാനമായി പാടിയിരുന്നു.
വിജ്ഞാനത്തിൻ ഉറവിടമേ
സ്നേഹത്തിൻ നിറകുടമേ
സകലകലാ നിലയമേ
കൃപാവരം ചൊരിയണമേ
നന്മയെങ്ങും വിജയിക്കുവാൻ
സ്നേഹസുധ പകർന്നിടാൻ
പ്രത്യാശതൻ പ്രഭാരശ്മി
ഹൃദയങ്ങളിൽ ജ്വലിക്കുവാൻ
കൃപാവരം ചൊരിയണമേ
അർജുനൻ മാസ്റ്റർ സംഗീതം നൽകിയ ഈ ഗാനം റെക്കോർഡ് ചെയ്തപ്പോൾ യേശുദാസും
എസ് .ജാനകിയും ചേർന്നാണ് പാടിയത്
1926 ഏപ്രിൽ 5 നു കോട്ടയം അതിരൂപതയിലെ കുമരകം വള്ളാറ പുത്തൻപള്ളി ഇടവകാംഗളായ വാച്ചാച്ചിറയിൽ ജോസഫ്-മറിയാമ്മ ദമ്പതികളുടെ ഒൻപതു മക്കളിൽ രണ്ടാമനായി അദ്ദേഹം ജനിച്ചു. ഇത് അദ്ദേഹത്തിന്റെ ജന്മശതാബ്ദി വർഷമാണ്.
1979 ജൂലൈ 7 നു അൻപത്തിമൂന്നാം വയസ്സിൽ തലച്ചോറിൽ ട്യൂമർ ബാധിച്ചു അദ്ദേഹം വേദിയൊഴിഞ്ഞു.
മലയാളനാടകലോകത്തിൽ വിശുദ്ധരേയും ക്രൈസ്തവദർശനങ്ങളെയും വേദിയിലെത്തിക്കുന്നതിനു ജീവിതം തന്നെ സമർപ്പിച്ച ഫൗസ്റ്റിനച്ചനു അർഹമായ ആദരവ് നൽകുന്നതിനോ അദ്ദേഹത്തിന്റെ സൃഷ്ടികൾ സമാഹരിക്കുന്നതിനോ നമുക്ക് ഇനിയും സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ജന്മശതാബ്ദി വർഷത്തിലെങ്കിലും അതിനു കഴിഞ്ഞിരുന്നെങ്കിൽ അത് അദ്ദേഹത്തോടു വൈകിയെങ്കിലും പ്രകടിപ്പിക്കുന്ന നീതിയാകും.

