നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ വിവിധ ശുശ്രൂഷാ സമിതികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ‘വിജയോത്സവ് 2026’ ജൂലൈ 5-ന് ലോഗോസ് പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ചു.
ബിഷപ് ഡോ. സെൽവരാജൻ അധ്യക്ഷത വഹിച്ച പൊതുസമ്മേളനം സി. പി. ജോൺ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
സമ്മേളനത്തിൽ രൂപത വികാരി ജനറൽ മോൺ. ഡോ. ക്രിസ്തുദാസ് തോംസൺ, വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ. രാഹുൽ ബി. ആന്റോ, കൺവീനർ മോൺ. ഡോ. ജോണി കെ. ലോറൻസ്, രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പോൾ, കെ.എൽ.സി.എ. പ്രസിഡന്റ് അനിൽ ജോസ്, കെ.എൽ.സി.ഡബ്ല്യു.എ. പ്രസിഡന്റ് ഉഷ രാജൻ, കെ.സി.വൈ.എം. പ്രസിഡന്റ് അരുൺ രാജ് എന്നിവർ പ്രസംഗിച്ചു.
കാർഷിക മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ലിപു എസ്. ലോറൻസ്, സിവിൽ സർവീസ് റാങ്ക് ജേതാക്കളായ ശ്രീജ, നിധിൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കൂടാതെ വിവിധ സർവകലാശാലകളിൽ നിന്ന് പി.എച്ച്.ഡി. നേടിയവരെയും റാങ്ക് ജേതാക്കളെയും എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും മെമന്റോകൾ നൽകി അനുമോദിച്ചു. പരിപാടിയിൽ രൂപതയിലെ വിവിധ ശുശ്രൂഷാ സമിതികളുടെയും സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുത്തു.

