ലോസ് ഏഞ്ചൽസ്: യേശുക്രിസ്തുവിന്റെ പീഡാനുഭവം ആവിഷ്കരിച്ച എക്കാലത്തെയും ശ്രദ്ധേയ ചിത്രങ്ങളിലൊന്നായ ‘ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ വീണ്ടും തിയേറ്ററുകളിലേക്ക് മടങ്ങിയെത്തുന്നു. മെൽ ഗിബ്സൺ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രത്യേക 4K റീമാസ്റ്റർ പതിപ്പ് 2026 സെപ്റ്റംബർ 10 മുതൽ 17 വരെ പ്രദർശിപ്പിക്കുമെന്ന് വിതരണക്കാർ അറിയിച്ചു. ഡോൾബി അറ്റ്മോസ് ശബ്ദ സംവിധാനത്തോടുകൂടി കൂടുതൽ മികച്ച ദൃശ്യ-ശ്രാവ്യ അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുന്ന തരത്തിലാണ് ചിത്രം പുനഃസജ്ജീകരിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്കിംഗ് ജൂലൈ 24 മുതൽ ആരംഭിക്കും.
2004-ൽ പുറത്തിറങ്ങിയപ്പോൾ ലോകമെമ്പാടും വൻ ചർച്ചകൾക്കും ശ്രദ്ധയ്ക്കും വഴിവെച്ച ചിത്രമായിരുന്നു ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്. ജിം കാവീസെൽ യേശുക്രിസ്തുവായി അവതരിപ്പിച്ച കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. ബോക്സ് ഓഫീസിലും മികച്ച വിജയം നേടിയ ചിത്രം നിരവധി അന്താരാഷ്ട്ര പുരസ്കാര നാമനിർദേശങ്ങളും സ്വന്തമാക്കി.
അതേസമയം, ചിത്രത്തിന്റെ തുടർച്ചയായ ‘ദി റിസറക്ഷൻ ഓഫ് ദി ക്രൈസ്റ്റ്’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായതായും റിപ്പോർട്ടുകളുണ്ട്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗം 2027 മേയ് മാസത്തിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ പദ്ധതി. പുതിയ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായാണ് ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ് വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. റീ-റിലീസിനോടനുബന്ധിച്ച് പുതിയ ട്രെയിലറും പ്രത്യേക പ്രൊമോഷണൽ ദൃശ്യങ്ങളും പ്രദർശിപ്പിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

